KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി. പി. റോഡിൽ വീണ്ടും അപകടം ; പിക്കപ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്

പൊൻകുന്നം : മഴക്കാലം തുടങ്ങിയതോടെ പി പി റോഡിൽ അപകടം പതിവായി . പാലാ – പൊൻകുന്നം റോഡിൽ പനമറ്റം കവലയിലെ വളവിൽ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്കേറ്റു. കാറിലുണ്ടായിരുന്ന കൊഴുവനാൽ സ്വദേശി ടോം ജോർജിനെ(44) സാരമായ പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിക്കപ് വാനിടിച്ചു നിരങ്ങി നീങ്ങിയ കാറിൽ അതുവഴി വന്ന മിനിലോറിയും ഇടിച്ചു. ബുധനാഴ്ച രാത്രി 12.30-നായിരുന്നു അപകടം. പച്ചക്കറി വ്യാപാര സ്ഥാപനത്തിന്റെ പിക്കപ്പാണു കാറിലിടിച്ചത്. മുൻപും ഇതേ സ്ഥാപനത്തിന്റെ വാഹനങ്ങൾ പി.പി.റോഡിൽ അപകടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു നാട്ടുകാർ ആരോപിച്ചു.

പുലർച്ചെ സാധനങ്ങൾ എത്തിക്കാൻ അമിതവേഗത്തിൽ പോകുന്നതാണ് അപകടങ്ങൾക്കു കാരണം. കഴിഞ്ഞ വർഷം ഇതേ റോഡിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. കുരുവിക്കൂട് കവലയിൽ പുലർച്ചെ നടക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറെ പിക്കപ് വാനിടിച്ചു സാരമായി പരുക്കേറ്റ സംഭവവുമുണ്ടായി. പച്ചക്കറി, മീൻ വാഹനങ്ങളുടെ അമിതവേഗം മറ്റു വാഹനങ്ങൾക്കും പുലർച്ചെയുള്ള നടപ്പുകാർക്കും അപകടഭീഷണിയാണ്. പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!