വയനാട് ദുരന്തം ; കൈത്താങ്ങുമായി എരുമേലി നിർമല സ്കൂളിലെ കുട്ടികളും മാനേജ്മെന്റും.
എരുമേലി : വയനാട് ദുരന്തത്തിനിരയായ ഒരു കുടുംബത്തിനെങ്കിലും വീട് വെച്ചു കൊടുക്കാൻ കഴിയുമോ എന്ന കാര്യം എരുമേലി നിർമല പബ്ലിക് സ്കൂളിലെ മാനേജ്‌മന്റ് ആലോചിച്ചപ്പോൾ തന്നെ, ഏറെ ഉത്സാഹത്തോടെ വിദ്യാർത്ഥികളും അതിൽ പങ്കുചേർന്നു . ഏറെ നാളായി കാത്തു സൂക്‌ഷിച്ചിരുന്ന അവരുടെ സമ്പാദ്യപ്പെട്ടികൾ അവർ തങ്ങളുടെ അധ്യാപകർക്ക് മുൻപിൽ പൂർണ്ണസമ്മതത്തോടെ സമർപ്പിച്ചപ്പോൾ അത് നാടിനും സമൂഹത്തിനും മാതൃകയായി .
ജന്മദിനത്തിന് പാദസ്വരം വാങ്ങാൻ സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്കയിലെ തുക അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നിയ റെജി നൽകിയപ്പോൾ ഒന്നാം ക്ലാസിലെ അവന്തിക ആർ നായരും, ആറാം ക്ലാസിലെ ആഘോഷ് വിനോദും, നാലാം ക്ലാസിലെ മിൻഹ ഫാത്തിമയും തങ്ങളുടെതായ നിക്ഷേപങ്ങൾ നിയ റെജിയ്ക്ക് ഒപ്പം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസിയ്ക്ക് കൈമാറി. വ
യനാട് ദുരന്ത ബാധിതരിൽ ഒരു കുടുംബത്തിന് വീട് നിർമിക്കാൻ തീരുമാനിച്ച സ്കൂൾ അധികൃതർ ഇതിന് സ്കൂളിന്റെ ഫണ്ട് തികയില്ലെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് കുട്ടികൾ നിർമലമായ പിന്തുണയുമായി എത്തിയതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ പറഞ്ഞു. കുട്ടികളെ അനുമോദിച്ച ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ ജില്ലാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പത്താം ക്ലാസ് വിദ്യാർത്ഥി ജീവൻ ജിമ്മിയെയും, ഇരുപതാമത് കേരള സ്റ്റേറ്റ് റോൾ ബോൾ ചാമ്പ്യൻഷിപ്പ് ജേതാവായ ദിവ്യദർശനേയും അനുമോദിച്ചു. സ്റ്റാഫ് പ്രതിനിധി നീതു നന്ദൻ, സിസ്റ്റർ അലീന, ജിൻസി ജോസഫ്, ലിബിമോൾ എബ്രഹാം, മരീനാമ്മ ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.