കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 11/08/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ICON CONTACT

ജനപ്രിയ ഡോക്ടർമാർക്ക് സ്ഥലംമാറ്റം ; പകരം നിയമനം ഇല്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ താളം തെറ്റുന്നു ..

കാഞ്ഞിരപ്പള്ളി : ജനപ്രിയ ഡോക്ടർമാരായ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.മനേഷ് കുമാറും ഓർത്തോ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ.അനു ജോർജിനും സ്ഥലംമാറ്റം ലഭിച്ചു . എന്നാൽ ∙സ്ഥലംമാറിയ ഡോക്ടർമാർക്കു പകരം നിയമനം നടക്കാത്തതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയുടെ താളം തെറ്റുന്നു .

ആശുപത്രിയിലെ പത്തിലേറെ വിഭാഗങ്ങളിലായി വേണ്ടത് 26 ഡോക്ടർമാരാണ്. എന്നാൽ, നിലവിൽ ആകെയുള്ള 22 ഡോക്ടർമാരിൽ 2 പേർക്ക് കൂടി സ്ഥലം മാറ്റമുണ്ടായതോടെ ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയിലാണ്. ഡോക്ടർമാരുടെ എണ്ണത്തിലെ കുറവ് ചികിത്സ തേടി എത്തുന്ന ജനങ്ങളെ ദുരിതത്തിലാക്കും.

നിലവിലുള്ള 2 ഡോക്ടർമാർ സ്ഥലംമാറുന്ന തസ്തികയിലേക്കു പകരം ഡോക്ടർമാരെ നിയമിച്ചിട്ടില്ല. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.മനേഷ് കുമാറും ഓർത്തോ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ.അനു ജോർജിനുമാണു സ്ഥലംമാറ്റം. ഓർത്തോവിഭാഗത്തിൽ കൺസൽറ്റന്റ് ജൂനിയർ കൺസൽറ്റന്റ് എന്നീ തസ്തികകളിൽ ജൂനിയർ കൺസൽറ്റന്റ് മാത്രമാണ് ഉണ്ടായിരുന്നത്. 2 ദിവസം ശസ്ത്രക്രിയകൾക്കും ബാക്കി ദിവസങ്ങളിൽ രോഗികളെ ഒപി വിഭാഗത്തിലും ജൂനിയർ കൺസൽറ്റന്റിന്റെ സേവനം ലഭ്യമായിരുന്നു. ഇദ്ദേഹവും സ്ഥലം മാറുന്നതോടെ ഓർത്തോ വിഭാഗത്തിൽ ഡോക്ടർമാരുണ്ടാകില്ല.

മൂന്നു ഷിഫ്റ്റുകളിലായി അത്യാഹിതവിഭാഗത്തിൽ ആകെ വേണ്ടത് 6 ഡോക്ടർമാരാണ്. എന്നാൽ, നിലവിലുള്ള നാലുപേരിൽ ഒരാൾ കൂടി സ്ഥലംമാറി പോകുന്നതോടെ ഡോക്ടർമാരുടെ എണ്ണം മൂന്നായി കുറഞ്ഞു. രാത്രി ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസറിൽ ഒരാൾ അവധിയിൽ പോയാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റും. പനിയും പകർച്ചവ്യാധികളും വ്യാപകമായതോടെ ദിവസവും രാത്രി മാത്രം മുന്നൂറിലധികം ആളുകളാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സതേടി എത്തുന്നത്.

ഇതിനിടെ അപകടങ്ങൾ ഉണ്ടായി ആളുകളെത്തിയാൽ രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഡോക്ടർമാരുടെ എണ്ണത്തിലെ കുറവ് ഒപി വിഭാഗത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഒഴിവുള്ള തസ്തികകളിൽ എത്രയും വേഗം ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി.

സർക്കാർ കാര്യം മുറപോലെ ; കാത്തിരുന്നു മടുത്ത നാട്ടുകാർ തൂക്കുപാലം നിർമിച്ചു യാത്രക്ലേശം പരിഹരിച്ചു

കോരുത്തോട് : 2018-ലെ പ്രളയത്തിൽ ഒഴുകിപ്പോയ മൂഴിക്കൽ തോപ്പിൽകടവ് പാലത്തി ന് പകരം പാലം നിർമിക്കാൻ നടപടിയില്ല.
ഇതോടെ നാട്ടുകാർ പണം മുടക്കി തൂക്കുപാലം നിർമിച്ചു. പാലം തകർന്ന് അഞ്ചുവർഷം കാത്തിരുന്ന ശേഷമാണ് നാട്ടുകാർ സ്വന്തം ചെലവിൽ തുക്കുപാലത്തിന്റെ നിർമാണം ആരംഭിച്ചത്.

കോരുത്തോട്, ഇടുക്കി ജില്ലയിലെ പെരുവന്താനം എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളുടെ പ്രധാന വഴിയുമായിരുന്നു പാലം. കോൺക്രീറ്റുപാലമാണ് ഒഴുകിപ്പോയത്. മഴക്കാലത്ത് അഴുതയാറ്റിൽ ചങ്ങാടത്തിൽ യാത്രചെയ്താണ് ആളുകൾ മറുകരയിലെത്തുന്നത്. ജലനിരപ്പ് ഉയർന്നാൽ ഇതുവഴിയുള്ള യാ ത്രയും മുടങ്ങും.

10 കിലോമീറ്റർ കൂടുതൽ സഞ്ചരിച്ച് കുഴിമാവു വഴി കോരുത്തോട്ടിലെത്തണം. ആദിവാസി ജനവിഭാഗങ്ങളടക്കം താമസിക്കുന്ന പ്രദേശത്തെ യാത്രാ ബുദ്ധിമുട്ടിന് ഇതോടെ താത്കാലിക പരിഹാരമാകും. പീരുമേട്, പൂഞ്ഞാർ എം.എൽ.എ.മാർ ഇടപെട്ട് പാലത്തിന് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ട്. എങ്കിലും നിർമാണം ആരംഭിച്ചി ട്ടില്ല. ഇതോടെ ജനകീയ സമിതി തൂക്കുപാലം നിർമിക്കാൻ തീരുമാനിച്ചു.

സി.എസ്.രാജൻ (കൺ.), കെ.ബി.രാജൻ (രക്ഷാ.), ജോജോ പാമ്പാടത്ത്, ജോഷി പുവക്കുളം, ചാക്കോച്ചൻ വടക്കംകര, സുധി കുമ്പളത്തുങ്കൽ, ലാലി സുകുമാരൻ, എ.പി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പാലംപണി ആരംഭിച്ചു. എട്ടരലക്ഷം രൂപ ബജറ്റി ലാണ് നിർമാണം ആരംഭിച്ചത്.

വയനാട് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ ചേനപ്പാടിയിൽ DYFI പ്രവർത്തകർ പച്ചമീൻ വിറ്റ് കാൽ ലക്ഷത്തോളം രൂപ സമാഹരിച്ചു

എരുമേലി : വയനാട് ദുരിതാശ്വാസമായി ഡിവൈഎഫ്ഐ നിർമിക്കുന്ന 25 വീടുകളുടെ നിർമാണ ചെലവിലേക്ക് അയല, മത്തി, കടൽവരാൽ, കിളി തുടങ്ങിയ പച്ചമീൻ വില്പനയും ഒപ്പം ഉഴുന്നുവട, പരിപ്പുവട ഉൾപ്പടെ ചെറുകടികളും വിറ്റ് പണസമാഹരണം നടത്തി . ചേനപ്പാടിയിലാണ് ചേനപ്പാടി, കിഴക്കേക്കര യുണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ വേറിട്ട നിലയിൽ ഫണ്ട് ശേഖരിച്ചത്. നിരവധി പേർ വില്പനയിൽ ഉത്സാഹത്തോടെ പങ്കാളികളായി. കാൽ ലക്ഷത്തോളം രൂപ ഇതിലൂടെ സമാഹാരിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.

വില്പനയുടെ ഉദ്ഘാടനം വാർഡ് അംഗം ടി വി ഹർഷകുമാർ നിർവഹിച്ചു. നാട്ടുകാരായ ഷിഫാസ് ജബ്ബാർ, നാഷണൽ സൗണ്ട്സ് മാനേജർ ജയേഷ് എന്നിവരാണ് വില്പനയ്ക്ക് മത്സ്യങ്ങൾ സൗജന്യമായി നൽകിയത്.

ഉഷസ് കുടുംബശ്രീ യുണിറ്റിന്റെ സംരംഭമായ നാലുമണിക്കാപ്പിയുടെ ഭാഗമായി സൗജന്യമായാണ് വില്പനയ്ക്ക് ചെറുകടികൾ നൽകിയത്. ഡിവൈഎഫ്ഐ ഭാരവാഹികളായ ദിപു ജി നായർ, കെ ഒ അഖിൽ, ഷെഫീഖ്, സത്താർ, അനന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

മരണത്തിലും വേർപിരിയാതെ ദമ്പതികൾ; ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും ഓർമയായി..

എരുമേലി : ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രിയ ഭർത്താവും മരണപെട്ടു . എരുമേലി എസ്റ്റേറ്റ് മുൻ സൂപ്രണ്ട് തങ്കമല ടി എം മാണി (പാപ്പച്ചി പത്തേക്കർ – 94) ആണ് ഇന്ന് മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ഭാര്യ റേച്ചൽ മാണി (86) മരിച്ചത്.

പാപ്പച്ചിയുടെ സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് പ്രപ്പോസ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സിമിത്തേരിയിൽ.
മക്കൾ : സൂസൻ, എത്സൻ, മിന്നി. മരുമക്കൾ – കൊച്ചുമോൻ കണിയാംപറമ്പിൽ പുതുപ്പള്ളി, സാജു രാജഗിരി ചങ്ങനാശ്ശേരി, പരേതനായ ജെയ്മോൻ കരപ്പാറ വാകത്താനം.

ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര മന്ത്രി ; പാത ഒഴിവാക്കില്ലെന്ന് കേന്ദ്രമന്ത്രി ഗഡ്കരി ഉറപ്പു നൽകിയെന്ന് ആന്റോ ആന്റണി എംപി.

കാഞ്ഞിരപ്പള്ളി : എരുമേലി – കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന, അങ്കമാലി – തിരുവനന്തപുരം ആറുവരി ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പാത ഒഴിവാക്കില്ലെന്ന് കേന്ദ്രമന്ത്രി ഗഡ്കരി ഉറപ്പു നൽകിയെന്ന് ആന്റോ ആന്റണി എംപി. അറിയിച്ചു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിൽ പ്രശ്നങ്ങളുണ്ടായപ്പോഴാണ് എംസി റോഡിനു സമാന്തരമായുള്ള 6 വരി ഗ്രീൻഫീൽഡ് പാത നിർമിക്കാൻ ആലോചിച്ചത് എന്നും , എന്നാൽ എംസി റോഡിലെ പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ ഗ്രീൻഫീൽഡ് പദ്ധതി വേണ്ടെന്ന് വച്ചെന്നും കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. തുടർന്നാണ് പദ്ധതിയുടെ അനിവാര്യത അറിയിച്ച് സംസ്ഥാനത്തെ എംപിമാർ ഗഡ്കരിയെ നേരിൽ കണ്ടത്. ആന്റോ ആന്റണി , എൻ.കെ.പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ഭാരത്‌മാല പദ്ധതിയിൽ തന്നെ പാതയെ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് ആന്റോ പറഞ്ഞു.

257 കിലോമീറ്റര്‍ നീളത്തില്‍ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളില്‍നിന്ന് ആയിരത്തിലധികം ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും ഇളങ്ങുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് വില്ലേജുകളിൽ നിന്നും സ്ഥലം ഏറ്റെടുക്കുവാൻ ആയിരുന്നു പദ്ധതി .

നിർദിഷ്ട്ട ആറുവരി പാത എരുമേലി-പൊന്‍കുന്നം റോഡ് ഹോം ഗ്രോണ്‍ നഴ്‌സറിക്കു സമീപം മുറിച്ച് പോകും. തുടർന്ന്
കിഴക്കോട്ട് പ്രവേശിച്ച് കൂവപ്പള്ളി അമല്‍ജ്യോതി കോളേജിന്റെ മൈതാനത്തിന്റെ അരികിലൂടെ പിന്നിട്ട് 26-ാം മൈലിലെത്തി കെകെ .റോഡ് മുറിച്ചുപോകുവാനായിരുന്നു പ്ലാൻ ചെയ്തിരുന്നത് . പ്രദേശവാസികൾ ഏറെ സ്വപ്നം കണ്ട വികസന പദ്ധതിയാണ് ഇല്ലാതായിപോകുന്നത് .

സംസ്ഥാന സർക്കാരാണു പദ്ധതിക്കു ഭൂമി ഏറ്റെടുത്തു നൽകേണ്ടത്. പാതയുടെ പ്രാഥമിക അലൈൻമെന്റ് ജോലികൾ ഉൾപ്പെടെ പൂർത്തിയായിരുന്നു. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാതയുയുടെ വീതി 26 മീറ്ററാണ്. .ഇത് മെയിൻ സെൻട്രൽ റോഡിന് സമാന്തരമായി തിരുവനന്തപുരത്തെ പുളിമാത്തിൽ നിന്ന് ആരംഭിച്ച് പുളിമാത്ത്, കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ വഴി അങ്കമാലിയിൽ അവസാനിക്കും.

നിലവിൽ പുനലൂർ – മൂവാറ്റുപുഴ റോഡ് 14 മീറ്ററാണ്. പുതിയ റോഡ് 26 മീറ്ററായാണു വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ റോഡ് കടന്നുപോകുന്ന ഭാഗത്തെ പല ജംക്‌ഷനുകളും ഇല്ലാതാകും.

257 കിലോമീറ്റര്‍ നീളത്തില്‍ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളില്‍നിന്ന് ആയിരത്തിലധികം ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് വില്ലേജുകളിൽ നിന്നും സ്ഥലം ഏറ്റെടുക്കുവാൻ ആയിരുന്നു പദ്ധതി .

നിർദിഷ്ട്ട നാലുവരി പാത എരുമേലി-പൊന്‍കുന്നം റോഡ് ഹോം ഗ്രോണ്‍ നഴ്‌സറിക്കു സമീപം മുറിച്ച് പോകും. തുടർന്ന്
കിഴക്കോട്ട് പ്രവേശിച്ച് കൂവപ്പള്ളി അമല്‍ജ്യോതി കോളേജിന്റെ മൈതാനത്തിന്റെ അരികിലൂടെ പിന്നിട്ട് 26-ാം മൈലിലെത്തി കെകെ .റോഡ് മുറിച്ചുപോകും.

ഇപ്പോള്‍ ലഭ്യമായ പ്രാഥമിക നിര്‍ദേശപ്രകാരം റോഡ് പോകുന്നത് ഇങ്ങനെ ആകുമായിരുന്നു.

റാന്നി ചെത്തോങ്കരനിന്ന് മന്ദമരുതി, മക്കപ്പുഴ വഴി പ്ലാച്ചേരിയില്‍ എത്തുന്നതോടെ പത്തനംതിട്ട ജില്ല പിന്നിടും.

  • ഇത്രയും ദൂരം നിലവിലെ പുനലൂര്‍-മൂവാറ്റുപുഴ റോഡിന് സമാന്തരമായിട്ടാണ് പുതിയ പാതയുടെ രൂപരേഖ.
  • പ്ലാച്ചേരിയില്‍ നിലവിലെ പാതയില്‍നിന്ന് അല്‍പ്പം പടിഞ്ഞാറേക്ക് മാറി വനത്തിലൂടെ പൊന്തന്‍പുഴ വനത്തിലെ പമ്പ്ഹൗസിന് സമീപമെത്തി കിഴക്കോട്ട് ദിശ മാറും.
  • കറിക്കാട്ടൂര്‍ സെന്റര്‍ കഴിഞ്ഞ് അയ്യപ്പക്ഷേത്രത്തിനും സെയ്ന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റിന് സമീപത്ത് വരും.(നിര്‍ദിഷ്ട ശബരിമല വിമാനത്താവള സൈറ്റ്)
  • മരോട്ടിച്ചുവട്-പൂതക്കുഴി റോഡ് മുറിച്ചുകടന്ന് വട്ടക്കുഴി പ്ലാന്റേഷനു സമീപം.
  • കാക്കക്കല്ല്-പുറപ്പാറ റോഡ് പിന്നിട്ട് എരുമേലി-ചേനപ്പാടി-മണിമല റോഡിനെ കടന്ന് മുന്നോട്ട്.
  • കിഴക്കേക്കര ക്ഷേത്രത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മണിമലയാര്‍ മറികടക്കും.
  • എരുമേലി-പൊന്‍കുന്നം റോഡ് ഹോം ഗ്രോണ്‍ നഴ്‌സറിക്കു സമീപം മുറിച്ച് പോകും.
  • കിഴക്കോട്ട് പ്രവേശിച്ച് അമല്‍ജ്യോതി കോളേജിന്റെ മൈതാനം
  • കൂവപ്പള്ളിയിലൂടെ 26-ാം മൈലിലെത്തി കെ.െക.റോഡ് മുറിച്ചുപോകും.
  • ഇല്ലിമൂട്-പൊടിമറ്റം റോഡിന് സമീപത്തുകൂടി കാളകെട്ടി എസ്റ്റേറ്റിലേക്ക്.
  • മൈലാട് കവലയിലൂടെ പിണ്ണാക്കനാട്-ചേറ്റുതോട് റോഡ് കടന്ന് കുന്നേല്‍ നഴ്‌സറിക്ക് സമീപം ചിറ്റാര്‍ പുഴ കടന്ന്.
  • വാരിയാനിക്കാട് റോഡ് പിന്നിട്ട് കാഞ്ഞിരപ്പള്ളി-പേട്ട റോഡ് മുറിച്ചു പോകും.
  • തിടനാട്-പൈക റോഡ്, കാവുംകുളം-മാട്ടുമല റോഡ്, പൂവത്തോട്-തിടനാട് റോഡ് എന്നിവ മുറിച്ചു കടക്കും.
  • പൂവത്തോട് തപാല്‍ ഓഫീസിനു സമീപത്തുകൂടി പാറക്കുളങ്ങര ജങ്ഷന്‍.
  • കീഴമ്പാറ ചിറ്റാനപ്പാറ, ചൂണ്ടച്ചേരി, വേഴങ്ങാനം
  • പ്രവിത്താനം, മങ്കര, കാഞ്ഞിരമല വഴി മുന്നോട്ട്
  • കടനാട്-പിഴക് റോഡ് മുറിച്ച് തടയണയ്ക്ക് സമീപത്തുകൂടി മാനത്തൂര്‍.
  • പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞി, നെല്ലാപ്പാറ.

സെന്റ് ഡൊമിനിക്സ് കോളേജിൽ പാരിസ്ഥിതിക ഗവേഷണ കേന്ദ്രം

കാഞ്ഞിരപ്പള്ളി ∙ പാരിസ്ഥിതിക നിയമങ്ങളെയും നയങ്ങളെയും കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന പഠന കേന്ദ്രം തുടങ്ങുന്നതിനു ധാരണാപത്രം അന്തരിച്ച ചീഫ് ജസ്റ്റിസ്‌ തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ പത്നി മീര സെന്നും സെന്റ് ഡൊമിനിക്സ് ലോ കോളജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കലും തമ്മിൽ ഒപ്പുവച്ചു.

സമഗ്രമായ പാരിസ്ഥിതിക പഠനങ്ങളിൽ ഏർപ്പെടുന്നതിനൊപ്പം നാട്ടിലുള്ള പാരിസ്ഥിതിക വിഷയങ്ങളിൽ പഠന സംബന്ധിയായ ഇടപെടലുകൾ നടത്തുകയും ചെയ്യും. വിദ്യാർഥികൾക്ക് അവരുടെ പഠന സമയത്തു തന്നെ ഇത്തരം വിഷയങ്ങളിൽ ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.

ചീഫ് ജസ്റ്റിസ് രാധാകൃഷ്ണന്റെ വിധിന്യായങ്ങളെ കുറിച്ച് പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുകയും കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങൾ, നിയമങ്ങൾ, നയങ്ങൾ, വ്യവഹാരങ്ങൾ എന്നിവ സംബന്ധിച്ച് ഗവേഷണവും പഠനവും നടത്താനുമുള്ള കേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആർഭാടമൊഴിവാക്കി ശോഭയാത്ര

വാഴൂർ : വയനാട് ദുരുന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടമൊഴിവാക്കി ശോഭയാത്ര മാത്രം നടത്താൻ കൊടുങ്ങൂർ ഹൈന്ദവ പൊതുയോഗം തീരുമാനിച്ചു. വാഴൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ശോഭയാത്രകൾ പുളിക്കൽകവല ശ്രീകൃഷ്ണസ്വാമി
ക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ചാമംപതാൽ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ സമാപിക്കും. ഇ.എസ്. രാധാകൃഷ്ണൻ നായർ, ജി.
അരുൺ, അരവിന്ദ് അജി, സ്വാമി പ്രജ്ഞാനാനന്ദ എന്നിവരടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. ദീപേഷ്‌കുമാർ, വി.എൻ. മനോജ്,
കെ.എസ്. ഹരികുമാർ, രാജഗോപാൽ നൂറോമാക്കൽ, പ്രസാദ് നെടുമാവ് എന്നിവർ പ്രസംഗിച്ചു.

കൂട്ടിക്കൽ ഉരുൾപൊട്ടൽ ; മൂന്ന് വർഷത്തോളം ആയിട്ടും ദുരിതമൊഴിയാതെ മലയോരജനത

കൂട്ടിക്കൽ : മുണ്ടക്കയം മലയോരങ്ങളെ വിഴുങ്ങിയ കൂട്ടിക്കൽ ഉരുൾ ദുരന്തം മൂന്നാം വാർഷികത്തിലും പുനരധിവാസവും പുനർനിർമാണവും ഇഴയുന്നു. 2021 ഒക്ടോബർ 16ന് കൂട്ടിക്കൽ, കാവാലി, കൊക്കയാർ കുന്നോരങ്ങളെ തകർത്തെറിഞ്ഞ മലവെള്ളപ്പാച്ചിലിൽ 21 പേർക്കു ജീവൻ നഷ്ടമായി.നൂറുകണക്കിനു വീടുകൾ ഒലിച്ചുപോയി. പല വീടുകളും വാസയോഗ്യമല്ലാതായി. ഏക്കർ കണക്കിന് കൃഷിയിടങ്ങളെയും പ്രളയം വകഞ്ഞെടുത്തു.

സന്നദ്ധ സംഘടനകൾ വീടുകൾ നിർമിച്ചു നൽകിയെങ്കിലും സർക്കാരും പ്രാദേശിക ഭരണകൂടവും നടപ്പാക്കേണ്ട റോഡ്, പാലം നിർമാണങ്ങളും അറ്റകുറ്റപ്പണികളും മന്ദഗതിയിലാണ്. ഇളങ്കാട് പാലം വൈകുന്നത് മലയോര ജനതയെ ഒറ്റപ്പെട്ട നിലയിലാക്കി. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തിലെ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. റോഡുകൾ യുദ്ധകാലാടിസ്ഥാന ത്തിൽ ഭാഗികമായി പൂർത്തിയാക്കിയെങ്കിലും പാലങ്ങളുടെ പണി ഇരുകര കൂട്ടിമുട്ടിയിട്ടില്ല സന്നദ്ധ സംഘടനകളുടെ ശ്രമഫലമായി 600 മുതൽ 800 ചതുരശ്ര അടിവരെ വിസ്‌തൃ്യ തിയുള്ള 150 വീടുകൾ പൂർത്തീകരിച്ചു കൈമാറിയിട്ടുണ്ട്. ഏതാനും വീടുകളുടെ നിർമാണം അവസാനഘട്ടത്തിലുമാണ്.

കോട്ടയം-ഇടുക്കി ജില്ലക ളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം വൈകുന്നത് പ്രദേശവാസികളെ ഇരുകരകളിൽ ഒറ്റപ്പെടുത്തി. 4.77 കോടി രൂപ മുടക്കിയാണു പാലം നിർമിക്കുന്നത്. നിലവിൽ വടക്കേമല, മുക്കുളം, വെംബ്ലി നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെ
ടാൻ കിലോമീറ്ററുകൾ ചുറ്റണം. ചെറുതും വലുതുമായ 17 പാലങ്ങളാണു പ്രകൃതിക്ഷോഭത്തിൽ തകർന്നത്. മ്ലാക്കര പാലം മാത്രമാണു പൂർത്തിയാക്കി തുറന്നു കൊടുത്തത്. പല പാലങ്ങളുടെയും നിർമാണം എങ്ങുമെത്തിയിട്ടില്ല വലേന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ് നിവാസികളുടെ ആശ്രയമായിരുന്ന ഇളങ്കാട് ടൗൺ പാലം വൈകുന്നതിനാൽ ചെറുതല്ല ദുരിതം. ഈ പാലത്തിന് 70 ലക്ഷം രൂപ അനുവദിച്ച് നിർമാണം ആരം
ഭിച്ചെങ്കിലും സാങ്കേതിക പ്രശ് നങ്ങളെത്തുടർന്നു പണി നിർത്തിവച്ചിരുന്നു. പണികൾ പുനരാരംഭിച്ചെങ്കിലും കാലവർഷത്തിൽ വീണ്ടും മുടങ്ങിയിരി ക്കുന്നു. നിലവിൽ കൊടുങ്ങ റോഡിലൂടെ നാലു കിലോമീറ്റർ അധികം സഞ്ചരിക്കണം മറുകരയെത്താൻ. ഇളങ്കാട് പാലത്തിനു മറുകരയിൽ വാഹനം പാർക്ക് ചെയ്‌തശേഷം താത്കാലിക പാലത്തിലൂടെ ടൗണിലെത്തി യാത്ര തുടരേണ്ട സാഹചര്യമാണ്.

കൂറ്റൻ പാറമടകളും കുന്നോരങ്ങളിലെ അശാസ്ത്രീയ നിർമാണങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കുടിയൊഴിപ്പിക്കാനുള്ള സമ്മർദ ഭീഷണികൾ പാറമട, ഭൂമാഫിയകൾ നടത്തുന്നുണ്ട്. വലേന്ത-വാഗമൺ റോഡുപണി വൈകിക്കുന്നത് ഇവരുടെ സമ്മർദത്തിലാണെന്ന് നാട്ടുകാർ പറയുന്നു. ഇളങ്കാട് പാലവും പൊളിച്ചിട്ടിരിക്കുകയാണ്.

കൊക്കയാർ റോഡ് പൂർത്തിയായിട്ടില്ല. ഇളങ്കാട്-വാഗമൺ റോഡ്‌പൂർണമായി തകർന്നതോടെ കൂട്ടിക്കൽനിന്ന് ഈ പ്രദേശത്ത് എത്തിപ്പെടാൻ സാധിക്കില്ല.

കോരുത്തോട് സഹകരണ ബാങ്കിനെതിരായ ആരോപണം അടിസ്ഥാനരഹിതം: എൽഡിഎഫ്

കോരുത്തോട് ∙ സഹകരണ ബാങ്കിനെതിരെ യുഡിഎഫ് നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എൽഡിഎഫ്.
52 വർഷങ്ങൾക്ക് മുൻപ് 250 അംഗങ്ങളുമായി ആരംഭിച്ച ബാങ്കിൽ ഇന്ന് 13,000 അംഗങ്ങളും 20 കോടി രൂപ നിക്ഷേപവും, 16 കോടിയിലധികം വായ്പയും, മൂന്ന് ബ്രാഞ്ചുകളും ഉണ്ട്. അംഗങ്ങൾക്ക് നാല് ശതമാനം നിരക്കിൽ കാർഷിക വായ്പയും വസ്തു ഈടിന്മേലും നൽകുന്നു. ഗ്രൂപ്പുകൾക്കും വായ്പ നൽകുന്നു. സ്വർണ പണയം വായ്പ, വ്യക്തിഗത വായ്പ എന്നിവയും നൽകുന്നു.

ഈ ഭരണ സമിതിയുടെ കാലത്ത് ബാങ്കിനായി പുതിയ ബ്രാഞ്ച് ഓഫിസ് നിർമിച്ചു. നിയമനങ്ങൾ സുതാര്യമാണ്, പതിറ്റാണ്ട് മുൻപ് ആരംഭിച്ച സീമ സ്റ്റോർ, വളം ഡിപ്പോ എന്നിവ കേന്ദ്ര സബ്സിഡി നിർത്തലാക്കിയതോടെ പൊതുയോഗം തീരുമാന പ്രകാരം നിർത്തലാക്കിയിരുന്നു. ഭരണ സമിതിയിലും ജീവനക്കാർക്ക് എതിരെയും യാതൊരു വിധ അഴിമതി ആരോപണങ്ങളോ സാമ്പത്തിക ക്രമക്കേടുകളോ നിലവിലില്ല എന്നും ഈ സാഹചര്യത്തിൽ യുഡിഎഫ് ആരോപണം തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്നും ബാങ്ക് പ്രസിഡന്റ് കുര്യൻ ജോസഫ് പറഞ്ഞു.

ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ ചരമവാർഷികം ആചരിച്ച് മിഷൻലീഗ്

ചെമ്മലമറ്റം ∙ ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി.ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ (കുഞ്ഞേട്ടൻ)15ാം ചരമ വാർഷികം മിഷൻ ലീഗ് സംസ്ഥാന സമിതി ചെമ്മലമറ്റത്തു നടത്തി.

അനുസ്മരണ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരങ്ങാടിന് ബിഷപ് സമ്മാനിച്ചു. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, രൂപത ഡയറക്ടർ ഫാ.ഡോ.വർഗീസ് ഞാറക്കുന്നേൽ, സംസ്ഥാന ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, ഫാ. ജോസ് പ്രകാശ് മണ്ണൂരെട്ടൊന്നേൽ, രൂപതാ പ്രസിഡന്റ്‌ ജോബിൻ തട്ടാപറമ്പിൽ, ചെമ്മലമറ്റം പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. തോമസ് കട്ടിപ്പറമ്പിൽ, സിസ്റ്റർ എൽസൻ, ആൽബി ആന്റോ വെമ്പിൽ, വിവിധ രൂപതകളിൽ നിന്നുള്ള ഡയറക്ടർമാർ എന്നിവർ പ്രസംഗിച്ചു.

ഗണേശോത്സവം: യോഗം ചേർന്നു

പൊൻകുന്നം ∙ ഗണേശോത്സവ സമിതിയുടെ പ്രവർത്തക സമ്മേളനം ടി.ജി.സത്യപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി.കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ജി.ഹരിലാൽ, ആർ.മോഹനൻ, ജിതിൻ ജയകുമാർ, കെ.സാബു, പി.എസ്.സനൽകുമാർ, എം.കെ.ഷാജി, വി.ഉണ്ണിമോൻ, അജി പടിയപ്പള്ളിൽ, പി.ജി.രതീഷ്, പി.സന്തോഷ് കുമാർ, കെ.സലി എന്നിവർ പ്രസംഗിച്ചു. സെപ്റ്റംബർ 4 മുതൽ 8 വരെ നടത്തുന്ന 17–ാമത് ഗണേശോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് 11ന് വ്യാപാരഭവനിൽ നടത്തും.

വയനാടിന് സഹായഹസ്തം

കാഞ്ഞിരപ്പള്ളി ∙ വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായി വിദ്യാർഥികളും വിവിധ സംഘടനകളും. കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളാൽ കഴിയുന്ന സഹായങ്ങളാണു ദുരന്തത്തിന് ഇരയായവർക്കു വേണ്ടി നൽകുന്നത്.

∙എലിക്കുളം എംജിഎം യുപി സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥി അഭിഷേക് അജേഷ് തന്റെ കുടുക്കയിലെ സമ്പാദ്യം വയനാട് ദുരിതാശ്വാസനിധിയിലേക്കു നൽകി. പ്രധാനധ്യാപിക കെ.എ.അമ്പിളി തുക ഏറ്റുവാങ്ങി.

∙ ഉരുളികുന്നം ഉദയ പുരുഷ സ്വാശ്രയസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത 25000 രൂപ പ്രസിഡന്റ് എൻ.പി.ബാബു, പി.ആർ.ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ജില്ലാ കലക്ടർ ജോൺ വി.സാമുവലിനു കൈമാറി.

∙ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ മൂന്നാം ക്ലാസുകാരൻ മാധവ് ആർ.നായർ സൈക്കിൾ വാങ്ങാനായി സൂക്ഷിച്ച 2109 രൂപ വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ പൊൻകുന്നം മേഖല കമ്മിറ്റിക്കു കൈമാറി. താവൂർ തുണ്ടിയിൽ രമേഷ് സി.നായർ, വിധു രമേഷ് ദമ്പതികളുടെ മകനാണ്.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതർക്കു വീടു നിർമിച്ചു നൽകുന്നത്. വാഴൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബി.ഗൗതം മാധവിൽ നിന്നും തുക ഏറ്റുവാങ്ങി.

∙പൊൻകുന്നം എസ്എച്ച് യുപി സ്കൂളിലെ 4–ാം ക്ലാസ് വിദ്യാർഥിനി അലോണ രണ്ടു വർഷമായി സമ്പാദ്യക്കുടക്കയിൽ നിക്ഷേപിച്ച തുക ദുരിതബാധിതർക്കായി നൽകി. മൂലക്കുന്നേൽ ഷിജിമോന്റെയും സയന എലിസബത്തിന്റെയും മകളാണ്. കുടുക്ക സ്കൂൾ മാനേജർ ഫാ.ജോണി ചെരിപുറത്തിനെ എൽപിച്ചു.

തദ്ദേശീയ ജനതാ ദിനാചരണം

മുണ്ടക്കയം ∙ ശബരീശ കോളജിൽ തദ്ദേശീയ ജനതയുടെ ദിനാചരണം നടത്തി. എസ്‌സി എസ്ടി സെൽ, എത്‌നിക് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാർ ഹിന്ദി വിഭാഗം അധ്യാപകൻ പി.സി.ദിവാകരൻകുട്ടി നയിച്ചു. പ്രിൻസിപ്പൽ എം.ജിജീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.ശിവൻ, ബി.അഖിൽജിത്ത് എന്നിവർ പ്രസംഗിച്ചു.

എരുമേലി– മുക്കൂട്ടുതറ റോഡിൽ അപകടം പെരുകുന്നു ..

എരുമേലി ∙ ശബരിമല പാതയിൽ എരുമേലി– മുക്കൂട്ടുതറ റോഡ് സ്ഥിരം അപകടപാതയാകുന്നു. കഴിഞ്ഞ ദിവസം രാവിലെ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ എതിരെ വന്ന ജീപ്പിന്റെ അടിയിലേക്ക് ഇടിച്ചു കയറി 2 കൊല്ലമുള സ്വദേശികളായ യുവാക്കൾക്ക് പരുക്കേറ്റിരുന്നു. എരുമേലി ഭാഗത്തേക്ക് വന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

എരുമേലി മുതൽ മുക്കൂട്ടുതറ വരെ 12 അപകട വളവുകളാണുള്ളത്. നിരവധി അപകടങ്ങളും അപകട മരണങ്ങളും ഈ റോഡിൽ നടന്നിട്ടുണ്ട്. എംഇഎസ് കോളജ് മുതൽ മുതൽ മുക്കൂട്ടുതറ വരെയാണ് ഏറ്റവും അപകടസ്ഥിതി. ഓട ഇല്ലാത്തതുമൂലം മഴവെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. റോഡിന്റെ ഇരു വശങ്ങളിലും കാടും പടലും വളർന്നു നിൽക്കുന്നതു മൂലം റോഡിന്റെ വീതി കുറഞ്ഞനിലയിലാണ്. എതിർവശത്തുനിന്നു വരുന്ന വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളിലെയും കാടുവെട്ടണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികളാണ് പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുള്ളത്.

റോഡിന്റെ ഒരുവശത്ത് ഉയർന്ന പ്രദേശമാണ്. റബർത്തോട്ടം വെട്ടിയ ഈ മേഖലയിൽ നിന്ന് മഴയിൽ മണ്ണ് ഒലിച്ച് റോഡിലേക്ക് വീണ് റോഡിൽ മൺകൂനകൾ രൂപപ്പെടുന്നുണ്ട്. റോഡിൽ പരക്കുന്ന മണ്ണിൽ കയറി ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെട്ടിട്ടുള്ളത്. സ്ഥിരമായി വലിയ വാഹനങ്ങൾ മൺറോഡുകളിലേക്കു കയറുന്നതുമൂലം റോഡിൽ മണ്ണും ചെളിയും നിറയുന്നതും പതിവാണ്.

മണ്ഡല മകര വിളക്ക് തീർഥാടനം ആരംഭിക്കാൻ മൂന്നു മാസം കൂടി മാത്രമാണുള്ളത്. തീർഥാടനകാലം ആയാൽ ലക്ഷക്കണക്കിനു ഇതരസംസ്ഥാന തീർഥാടന വാഹനങ്ങളാണ് ഈ റോഡിലൂടെ ശബരിമലയിലേക്ക് പോകുന്നത്.തീർഥാടന വാഹനങ്ങൾ ഇടിച്ചു 2 വർഷത്തിനുളളിൽ 2 നാട്ടുകാരാണ് ഈ റോഡിൽ മരണമടഞ്ഞിട്ടുള്ളത്.

സ്വർണക്കമ്മൽ സംഭാവന നൽകി

പൊൻകുന്നം ∙ വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സ്വർണക്കമ്മൽ ഡിവൈഎഫ്ഐയ്ക്കു നൽകി ചിറക്കടവ് താവൂർ ശ്രീനിലയത്തിൽ എം.കെ.മോഹനൻ. അമ്മയുടെ മരണശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന 2 ഗ്രാമിന്റെ കമ്മലുകളാണ് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ ഫണ്ട് സമാഹരണത്തിലേക്കു നൽകിയത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ കമ്മലുകൾ ഏറ്റുവാങ്ങി.

പൊൻകുന്നം ∙ എസ്ഡി യുപി സ്കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

പൊൻകുന്നം ∙ എസ്ഡി യുപി സ്കൂളിൽ നടന്ന ഒരു രൂപ ചാലഞ്ചിൽ നിന്ന് ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സ്കൂൾ പ്രതിനിധി അനുഗ്രഹ് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാറിന് പണം കൈമാറി. പ്രധാനാധ്യാപിക സുമ പി.നായർ, സ്കൂൾ മാനേജർ പി.എസ്. മോഹനൻ നായർ, സതി സുരേന്ദ്രൻ, കെ.എ.ഏബ്രഹാം, കെ.ആർ.അനന്തകൃഷ്ണൻ, എസ്.പി.സനൂപ്, ഷാമില റൗഫ് എന്നിവർ പ്രസംഗിച്ചു.

ഒരു രൂപ ചാലഞ്ച് മറ്റു സ്കൂളിലേക്കും വ്യാപിപ്പിച്ച് സ്കൂൾ തല ദുരിതാശ്വാസ ചങ്ങല നിർമിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു സ്കൂൾ അധികൃതർ അറിയിച്ചു. ചാലഞ്ച് ഏറ്റെടുക്കുന്ന സ്കൂളുകൾ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിച്ച് കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ഒരു രൂപ ചാലഞ്ച് നടത്തി വയനാടിനെ പുനർനിർമിക്കുന്നതിൽ കുട്ടികളുടെ പങ്ക് ഉറപ്പാക്കുകയാണ് ഒരു രൂപ ചാലഞ്ചിന്റെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

ആദിവാസി ദിനാചരണം

മുണ്ടക്കയം ∙ പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ആദിവാസി ദിനാചരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുരിക്കുംവയൽ ഹെൽത്ത് സെന്ററിൽ ഡോക്ടറെ നിയമിക്കുക, ആദിവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മൂപ്പന്മാർക്ക് ഓണറേറിയം അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ സർക്കാരിലേക്കു സമർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു. ഗോത്ര വൈദ്യൻ അയ്യപ്പദാസിനെ ആദരിച്ചു. കെ.വി.വിജയൻ, സെക്രട്ടറി സുഭാഷ്, സിനി മോൾ തടത്തിൽ, സുകുമാരൻ കൊമ്പുകുത്തി, അശോകൻ പതാലിൽ, സിന്ധു പുലിക്കുന്ന്, ദിവാകരൻ കാലായിൽ, മോഹനൻ തുമ്പയിൽ, തുളസീധരൻ കപ്ലിയിൽ, രതീഷ് പുഞ്ചവയൽ എന്നിവർ പ്രസംഗിച്ചു.

മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം

എരുമേലി ∙ മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്നു മുതൽ 18 വരെ നടക്കും. ഇല്ലത്തപ്പൻകാവ് ജനാർദനൻ നമ്പൂതിരിയാണു യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 4.30 ന് നടക്കുന്ന യജ്ഞാരംഭ സഭയിൽ ക്ഷേത്രം മേൽശാന്തി പ്രശാന്ത് കെ. നമ്പൂതിരി ഭദ്രദീപം കൊളുത്തും. പ്രസിഡന്റ് കെ.കെ. മോഹനൻ നായർ അധ്യക്ഷത വഹിക്കും. ഒ.എസ്. സതീഷ് തൃശിവപേരൂർ മുഖ്യപ്രഭാഷണം നടത്തും. സിനിമാ താരം അദ്വൈത് സാജുവിനെയും ഉന്നത വിജയം നേടിയവരെയും ആദരിക്കും. തുടർന്ന് ഭാഗവത മാഹാത്മ്യപ്രഭാഷണം നടക്കും.

യജ്ഞ ദിവസങ്ങളിൽ രാവിലെ ഭാഗവത പാരായണം, 10ന് വിശേഷാൽ പൂജകൾ, 11.45 മുതൽ പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 2.15 മുതൽ പാരായണം എന്നിവ നടക്കും. 14 ന് രാവിലെ 10 ന് നവഗ്രഹ പൂജ, ശ്രീകൃഷ്ണ അവതാരം. 6.30 ന് ബാലഗോപാല പൂജ (ഉണ്ണിയൂട്ട്) നടക്കും. 15ന് 10ന് മൃത്യുഞ്ജയ ഹോമം,11 ന് ഗോവർധന പൂജ, വൈകിട്ട് 6.30 ന് വിദ്യാരാജഗോപാല മന്ത്രാർച്ചന. 16 ന് 11ന് രുക്മിണി സ്വയംവര ഘോഷയാത്ര. 11.30 ന് രുക്മിണി സ്വയംവരം. 18 ന് 6 ന് ഭാഗവത സംക്ഷിപ്തം. 10 ന് ഭാഗവത സമർപ്പണം.

ക്ഷേത്രങ്ങളിൽ നാളെ നിറപുത്തരി

കാഞ്ഞിരപ്പള്ളി ∙ ക്ഷേത്രങ്ങളിൽ നാളെ നിറപുത്തരി ആഘോഷിക്കും. നിറപുത്തരി പൂജകൾക്കായി നെൽക്കതിരുകൾ ഇന്നു ക്ഷേത്രങ്ങളിലെത്തിക്കും. നാളെ രാവിലെ 5.45 നും 6.30 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ പൂജകൾ നടക്കും. തുടർന്ന് നെൽക്കതിർ ഭക്തർക്കു വിതരണം ചെയ്യും.

∙ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലെ നിറയും പുത്തരിയും നാളെ രാവിലെ 5.45 മുതൽ 6. 30 വരെ നടക്കും. നാളെ രാവിലെ 8.30 ന് നട അടയ്ക്കും.

∙ ചോറ്റി മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം നാളെ രാവിലെ 5.45 നും 6.30നും ഇടയ്ക്ക് ക്ഷേത്രം മേൽശാന്തി സത്യനാഥ് മാധവ് നമ്പൂതിരിയുടെയും കീഴ്ശാന്തി ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടത്തും

∙കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ നിറപുത്തരി ആഘോഷത്തിന് മേൽശാന്തിമാരായ കെ.മനോജ് നമ്പൂതിരി ജയരാജൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

∙കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ മേൽശാന്തി പി.കെ.വിനോദ് നമ്പൂതിരി പൂജകൾക്ക് കാർമികത്വം വഹിക്കും.

∙പൊൻകുന്നം പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മേൽശാന്തി കല്ലംപള്ളിൽ ഇല്ലം വിശാഖ് നമ്പൂതിരി കാർമികത്വം വഹിക്കും.

ഉൽപാദനം കൂട്ടി റബ്ബറിന്റെ മെച്ചപ്പെട്ട വിലയുടെ പ്രയോജനം നേടുവാൻ റബ്ബർ കർഷകർ

കാഞ്ഞിരപ്പള്ളി : റബർ വില റെക്കോർഡ് ഇട്ടിട്ടും കർഷകർക്ക് പ്രയോജനം കിട്ടണമെങ്കി‍ൽ കാത്തിരിക്കണം. മഴ മാറി ടാപ്പിങ് പുനരാരംഭിച്ച സാഹചര്യത്തിൽ ഉൽപാദനം പൂർണ തോതിൽ എത്തിയിട്ടില്ല. റബർ ബോർഡിന്റെ കണക്കു പ്രകാരം 182 രൂപയാണ് ഉൽപാദന ചെലവെന്നും 200 മുതൽ 225 രൂപ വരെ ഒരു കിലോ റബർ ഉൽപാദിപ്പിക്കുന്നതിന് ചെലവ് വരുന്നതായും റബർ ഉൽപാദക സംഘങ്ങൾ പറയുന്നു.

കഴിഞ്ഞ 10 വർഷമായി ഉൽപാദനച്ചെലവിലും കുറഞ്ഞ വിലയാണ് കർഷകർക്കു ലഭിച്ചിരുന്നത്. പരമ്പരാഗത റബർ ഉൽപാദക രാജ്യങ്ങളിലെല്ലാം ഉൽപാദനം കുറഞ്ഞു. കർഷകർ മിനിമം താങ്ങുവില 250 രൂപ വർഷങ്ങളായി ആവശ്യപ്പെടുന്നു. 250 രൂപയിൽ നിന്ന് എത്ര മാത്രം വില ഉയരും എന്നതിനെ ആശ്രയിച്ചു മാത്രമേ കർഷകന്റെ ലാഭ നഷ്ട കണക്ക് പറയാനാവൂ എന്നാണ് റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ബാബു ജോസഫ് പറയുന്നത് .

തോട്ടങ്ങളിൽ ടാപ്പിങ് പൂർണമായിട്ടില്ല. മഴ മറ ഇടാൻ കഴിയാതെ ഒട്ടേറെ കർഷകരുണ്ട്. ശക്തമായ മഴ മൂലം റബർ ഇലകൾ പൊഴിഞ്ഞ് ഉൽപാദനം കുറവാണ്. വില കുറവായതോടെ കഴിഞ്ഞ കുറെ കാലമായി റബറിനെ കർഷകർ കാര്യമായി പരിഗണിച്ചിരുന്നില്ലന്ന് കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രമുഖ കർഷകനായ ജോജി വാളിപ്ലാക്കൽ പറഞ്ഞു .

മലയോര മേഖലയിലേക്ക് കഞ്ചാവ് എത്തുന്നത് ആന്ധ്രയിലും ഒഡീഷയിലുംനിന്ന്

മുണ്ടക്കയം ∙ മലയോര മേഖലയിലേക്ക് ഇപ്പോൾ കഞ്ചാവ് പ്രധനമായും എത്തുന്നത് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നാണിപ്പോൾ. ഇതര സംസ്ഥാന തൊഴിലാളികളും കണ്ണികൾ. യുവാക്കളിൽ വ്യാപകമാകുന്ന കഞ്ചാവ് ഉപയോഗവും വിൽപനയും തടയിടാൻ എക്സൈസ് സംഘം പരിശോധനകൾ ശക്തമാക്കുന്നു.

കഞ്ചാവ്, എംഡിഎംഎ പോലെയുള്ള മയക്കുമരുന്നിന്റെയും ഉപയോഗത്തിൽ 18 വയസ്സ് തികയാത്ത കുട്ടികൾ വരെ സജീവമായി എന്നാണ് എക്സൈസ് നൽകുന്ന സൂചന. ഇവർക്ക് പൊലീസിനെയും എക്സൈസിനെയും പേടിയില്ലാതെ വിൽപനയും ഉപയോഗവും നടത്താൻ വഴി തുറക്കുന്നതിന് പിന്നിൽ വലിയ മാഫിയകൾ ഉണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ആളുകളെ വലയിലാക്കാൻ സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, രഹസ്യ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. കഴിഞ്ഞ ദിവസം ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവുമായി കരിനിലത്ത് മൂന്ന് യുവാക്കളെ പിടികൂടിയതാണ് അവസാനത്തെ കേസ്.

ഒരു വർഷം മുൻപു വരെ കഞ്ചാവ് കൂടുതലായി എത്തിയിരുന്നത് കമ്പത്തു നിന്നാണ്. കേരള തമിഴ്നാട് അതിർത്തിയിലെ ചെക്കിങ് കടന്ന് കോട്ടയം ജില്ലയിൽ പ്രവേശിച്ച നിരവധി കഞ്ചാവ് കടത്തുകാർ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ വച്ച് എക്സൈസ് സംഘത്തിന്റെ വലയിൽ ആയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശത്തേക്ക് കഞ്ചാവ് എത്തിക്കുന്നതും ഇതുവഴി തന്നെ ആയിരുന്നു. എന്നാൽ തേനി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കുകയും അതിർത്തിയിൽ കൂടുതൽ പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തതോടെയാണു ഇവിടെ നിന്നുമുള്ള കഞ്ചാവ് കടത്ത് കുറഞ്ഞത്.

ആന്ധ്ര, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ട്രെയിനിലാണ് കഞ്ചാവ് കൊണ്ടുവരുന്നത്. യുവാക്കൾ ഇൗ സ്ഥലങ്ങളിൽ എത്തി കഞ്ചാവ് വാങ്ങി തിരികെ ട്രെയിനിൽ എത്തി വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണു പതിവ്. ഇതര സംസ്ഥാന തൊഴിലാളികൾ വഴിയും കഞ്ചാവ് എത്തിക്കുന്നതായാണ് വിവരം. ഇതോടൊപ്പം എംഡിഎംഎയും വ്യാപകമായി എത്തുന്നുണ്ട് ഒരു ഗ്രാമിന് 3500 രൂപ വരെ ലഭിക്കുന്നതിനാൽ കച്ചവടക്കാർ കഞ്ചാവിനൊപ്പം എംഡിഎംഎയും കടത്തുകയാണു. കഞ്ചാവിന് അഞ്ച് ഗ്രാമിന് കുറഞ്ഞത് 500 രൂപയാണ് വില. ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കിലോയുടെ പായ്ക്കറ്റായി ലഭിക്കുന്ന കഞ്ചാവിന് 3500 രൂപയാണ് വില. അത് കേരളത്തിൽ എത്തിച്ച് ചെറു പൊതികളാക്കി വിറ്റാൽ രണ്ട് ലക്ഷം രൂപ വരെ ലാഭം ലഭിക്കുന്നതിനാലാണു കച്ചവടക്കാരുടെ എണ്ണം കൂടാൻ കാരണം.

ജില്ലയിൽ ആകെ 350 എക്സൈസ് ഓഫിസർമാരാണ് ഉള്ളത്. ഓഫിസ് ഡ്യൂട്ടി ഉൾപ്പെടെ മാറ്റിനിർത്തിയാൽ 250ൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ഫീൽഡിൽ പരിശോധനയ്ക്ക് പോകാൻ കഴിയുന്നത്. എക്സൈസിന്റെ ആൾ ബലം വർധിപ്പിക്കണം എന്നും ആവശ്യം ശക്തമാണ്. ഓണക്കാലം ലക്ഷ്യമിട്ട് വ്യാജ മദ്യ നിർമാണം വിപണനം എന്നിവ തടയാനും മലയോര മേഖലയിൽ പ്രത്യേക പരിശോധന നടത്താൻ സംഘം തയാറായിട്ടുണ്ട്.

icon

ആയുർവേദ മെഡിക്കൽ ക്യാംപ്

ഉരുളികുന്നം ∙ എലിക്കുളം പഞ്ചായത്തും ഗവ.ആയുർവേദ ഡിസ്പെൻസറിയും ചേർന്ന് 13 ന് 9 മുതൽ ഒന്നു വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് ഉരുളികുന്നം സഹൃദയ പകൽവീട്ടിൽ നടത്തും. മെഡിക്കൽ ഓഫിസർ ഡോ.ഡോണ ഏബ്രഹാം നയിക്കും.

നേത്രപരിശോധന ക്യാംപ്

പൊൻകുന്നം ∙ ചിറക്കടവ് പബ്ലിക് ലൈബ്രറിയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയും ചേർന്ന് 17ന് രാവിലെ 9.30 മുതൽ ഒന്നു വരെ ലൈബ്രറി ഹാളിൽ സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തും. റജിസ്റ്റർ ചെയ്യുന്നതിനു ഫോൺ: 9495394592, 9447766004, 7025769974.

ഇന്നത്തെ പരിപാടി

∙ പൊൻകുന്നം ജനകീയ വായനശാല : ജനകീയ കുടുംബശ്രീ വാർഷികം – 3.00

∙ ഇളങ്ങുളം ശാസ്താ ദേവസ്വം ഹാൾ: ദേവസ്വത്തിന്റെ വാർഷിക പൊതുയോഗം – 7.00

ഫുട്ബോൾ സിലക്‌ഷൻ ട്രയൽസ്

കോട്ടയം ∙ സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ് ജില്ലാ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് ഇന്ന് രാവിലെ 9.30നു പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പേര് റജിസ്റ്റർ ചെയ്‌ത്‌ ട്രയൽസിൽ പങ്കെടുക്കണം. റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഫോൺ:9947868827

കറുകാഞ്ചേരിൽ ഇബ്രാഹിം കുട്ടി (75) നിര്യാതനായി

എരുമേലി : കറുകാഞ്ചേരിൽ ഇബ്രാഹിം കുട്ടി (75) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ എരുമേലി പട്ടാണിപീടികയിൽ കുടുംബാംഗം ലൈല. മക്കൾ – ഷീജ, നിഷാദ്, മാഹീൻ. മരുമക്കൾ – റഹ്മത്തുള്ള, ആമിന, നെജിയ.

വാളിപ്ലാക്കൽ വി. പി ജോസഫ് (അപ്പച്ചൻ 97) നിര്യാതനായി

ഇളങ്ങുളം: വാളിപ്ലാക്കൽ വി. പി ജോസഫ് (അപ്പച്ചൻ 97) നിര്യാതനായി സംസ്ക്കാര ശ്രുശ്രൂഷകൾ ( 12-8 -24 തിങ്കൾ) രാവിലെ 10-30 -ന് ഭവനത്തിൽ ആരംഭിച്ച് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിലെ കുടംബ കല്ലറയിൽ . ഭാര്യ പരേതയായ മറിയകുട്ടി വേഴേങ്ങാനം കാര്യാങ്കൽ കുടുംബാഗം. മക്കൾ : ജോയി ജോസഫ് (ജോമോൻ) , ഷില്ലി ( തെയ്യാമ്മ,) ഐസമ്മ, സൂസമ്മ , ഷാജി, ഷിജി , പരേതയായ ഷൈനി . മരുമക്കൾ: റാണി വാച്ചാപറമ്പിൽ, പാറശ്ശേരിൽ ,പുളിംകുന്ന് , ഔസേപ്പച്ചൻ ,തുരുത്തുമാലിൽ കരിപ്പൂത്തട്ട് , പാപ്പച്ചൻ വടക്കയിൽ ചിറക്കടവ്, പരേതനായ ബേബി, വട്ടക്കാട്ട് കുണിഞ്ഞി , അപ്പച്ചൻ പടഹാരം കാവാലം, (വെരൂർ) , ജോഷി മുത്തിയപാറ , പൊൻകുന്നം . മൃതദേഹം ഞായർ വൈകിട്ട് 4-30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

error: Content is protected !!