ജനപ്രിയ ഡോക്ടർമാർക്ക് സ്ഥലംമാറ്റം ; പകരം നിയമനം ഇല്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ താളം തെറ്റുന്നു ..
കാഞ്ഞിരപ്പള്ളി : ജനപ്രിയ ഡോക്ടർമാരായ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.മനേഷ് കുമാറും ഓർത്തോ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ.അനു ജോർജിനും സ്ഥലംമാറ്റം ലഭിച്ചു . എന്നാൽ ∙സ്ഥലംമാറിയ ഡോക്ടർമാർക്കു പകരം നിയമനം നടക്കാത്തതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയുടെ താളം തെറ്റുന്നു .
ആശുപത്രിയിലെ പത്തിലേറെ വിഭാഗങ്ങളിലായി വേണ്ടത് 26 ഡോക്ടർമാരാണ്. എന്നാൽ, നിലവിൽ ആകെയുള്ള 22 ഡോക്ടർമാരിൽ 2 പേർക്ക് കൂടി സ്ഥലം മാറ്റമുണ്ടായതോടെ ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയിലാണ്. ഡോക്ടർമാരുടെ എണ്ണത്തിലെ കുറവ് ചികിത്സ തേടി എത്തുന്ന ജനങ്ങളെ ദുരിതത്തിലാക്കും.
നിലവിലുള്ള 2 ഡോക്ടർമാർ സ്ഥലംമാറുന്ന തസ്തികയിലേക്കു പകരം ഡോക്ടർമാരെ നിയമിച്ചിട്ടില്ല. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.മനേഷ് കുമാറും ഓർത്തോ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ.അനു ജോർജിനുമാണു സ്ഥലംമാറ്റം. ഓർത്തോവിഭാഗത്തിൽ കൺസൽറ്റന്റ് ജൂനിയർ കൺസൽറ്റന്റ് എന്നീ തസ്തികകളിൽ ജൂനിയർ കൺസൽറ്റന്റ് മാത്രമാണ് ഉണ്ടായിരുന്നത്. 2 ദിവസം ശസ്ത്രക്രിയകൾക്കും ബാക്കി ദിവസങ്ങളിൽ രോഗികളെ ഒപി വിഭാഗത്തിലും ജൂനിയർ കൺസൽറ്റന്റിന്റെ സേവനം ലഭ്യമായിരുന്നു. ഇദ്ദേഹവും സ്ഥലം മാറുന്നതോടെ ഓർത്തോ വിഭാഗത്തിൽ ഡോക്ടർമാരുണ്ടാകില്ല.
മൂന്നു ഷിഫ്റ്റുകളിലായി അത്യാഹിതവിഭാഗത്തിൽ ആകെ വേണ്ടത് 6 ഡോക്ടർമാരാണ്. എന്നാൽ, നിലവിലുള്ള നാലുപേരിൽ ഒരാൾ കൂടി സ്ഥലംമാറി പോകുന്നതോടെ ഡോക്ടർമാരുടെ എണ്ണം മൂന്നായി കുറഞ്ഞു. രാത്രി ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസറിൽ ഒരാൾ അവധിയിൽ പോയാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റും. പനിയും പകർച്ചവ്യാധികളും വ്യാപകമായതോടെ ദിവസവും രാത്രി മാത്രം മുന്നൂറിലധികം ആളുകളാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സതേടി എത്തുന്നത്.
ഇതിനിടെ അപകടങ്ങൾ ഉണ്ടായി ആളുകളെത്തിയാൽ രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഡോക്ടർമാരുടെ എണ്ണത്തിലെ കുറവ് ഒപി വിഭാഗത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഒഴിവുള്ള തസ്തികകളിൽ എത്രയും വേഗം ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി.