ഷൂ കടയിൽ രാത്രിയിൽ ഗ്ലാസ് എറിഞ്ഞുടച്ച് മോഷണം: പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 4 പേർ കാഞ്ഞിരപ്പള്ളിയിൽ കസ്റ്റഡിയിൽ
കാഞ്ഞിരപ്പള്ളി ∙ രാത്രി ഷൂ വിൽപന കടയുടെ മുൻപിലെ ചില്ല് എറിഞ്ഞുടച്ചു മോഷണം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ പ്രവർത്തിക്കുന്ന ഷൂ പ്ലാനറ്റ് എന്ന കടയുടെ മുൻപിൽ ചില്ലിനുള്ളിൽ ഡിസ്പ്ലേ ചെയ്തിരുന്ന 10 ജോടി ഷൂസുകളാണു ഇവർ മോഷ്ടിച്ചത്.
അകലക്കുന്നം പൂവത്തിളപ്പ് മഞ്ഞമാക്കൽ സോനു(18), ഉപ്പുതറ കണ്ടത്തിൽപ്പറമ്പിൽ അപ്പു(19) എന്നിവർ ഉൾപ്പെടെ 4 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.
. മോഷണ സംഘത്തിലെ 3പേരാണ് ആദ്യം കടയുടെ മുൻപിൽ എത്തിയത്. മുഖം മറച്ച യുവാവ് ഗ്ലാസ് എറിഞ്ഞുടച്ച ശേഷം അകത്തു കയറി ഷൂസ് എടുത്തു കൊണ്ടുപോയി. ഈ സമയം മറ്റുള്ളവർ ഇവിടെ നിന്നും ഓടി മറഞ്ഞു.
കുറച്ചു സമയം പരിസരം നിരീക്ഷിച്ച ശേഷം പിന്നാലെ ഓരോരുത്തരായി വന്നു വീണ്ടും ഷൂസുകൾ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞത്. പിന്നീട് ഇവർ ഒന്നിച്ച് തിരിച്ചു പോകുന്ന ദൃശ്യങ്ങളും സമീപത്തെ മറ്റൊരു കടയിലെ സിസിടിവിയിൽ നിന്നു ലഭ്യമായി.
പിടിയിലായ 4 പേരും സുഹൃത്തുക്കളാണെന്നും ഇവരിൽ പ്രായപൂർത്തിയാകാത്ത കാഞ്ഞിരപ്പള്ളി സ്വദേശിയുടെ വീട്ടിലെത്തിയതാണ് ഇവരെന്നും പൊലീസ് അറിയിച്ചു. മോഷണത്തിനു ശേഷവും ടൗൺ വിട്ടു പോകാതിരുന്ന ഇവരെ ഇന്നലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ഗ്ലാസ് തകർന്നതടക്കം 50,000 രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് കടയുടമയുടെ പരാതി.