വീണ്ടും കാട്ടാന ആക്രമണം : മുക്കൂട്ടുതറ കുട്ടപ്പായിപ്പടിയിൽ കാട്ടാന രാത്രിയിൽ വീടിന്റെ വരാന്ത തകർത്തു
മുക്കൂട്ടുതറ : മൂന്നാം തവണയും കാട്ടാന ആക്രമണത്തിൽ വിറങ്ങലിച്ച് മുക്കൂട്ടുതറ കുട്ടപ്പായിപ്പടിയിലെ വനാതിർത്തി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ മുറ്റത്തെ തെങ്ങ് വീടിന്റെ വരാന്തയിലേക്ക് തള്ളി മറിച്ചിട്ടായിരുന്നു കാട്ടാനകളുടെ പരാക്രമം. മുന്നാടിതെക്കേതിൽ വർഗീസിന്റെ വാടക വീടിന്റെ മുന്നിലാണ് കൂട്ടത്തോടെ ആനകൾ ആക്രമണം നടത്തിയത്. വീട്ടിൽ വാടകക്ക് താമസിക്കുന്ന കാരയ്ക്കാട്ട് അന്നമ്മ ജോയിയും കുടുംബാംഗങ്ങളുമാണ് കാട്ടാനകളുടെ ആക്രമണത്തിന് ഇരയായത്.
ശക്തമായ മഴ മൂലം ഇവർ ആനകൾ വന്നത് അറിഞ്ഞിരുന്നില്ല. തെങ്ങ് വീടിന്റെ മുന്നിലേക്ക് ആനകൾ മറിച്ചിട്ടതോടെ ആണ് ഇവർ ഭീകരാവസ്ഥ അറിഞ്ഞത്.
വനം വകുപ്പ് അധികൃതരും പഞ്ചായത്ത് അംഗം എം.എസ്.സതീഷും സ്ഥലത്തെത്തി. ഇവരുടെ വീടിനു പിന്നിൽ കാടാണ്. മുൻകാലങ്ങളിൽ കാട്ടാനകൾ വീടിനു സമീപത്തുവരെ എത്തി വാഴക്കൃഷി നശിപ്പിക്കുമായിരുന്നു.വീട്ടു പരിസരത്തെത്തുന്ന കാട്ടാനക്കൂട്ടത്തെ പാട്ട കൊട്ടിയും തീയിട്ടും പടക്കം പൊട്ടിച്ചുമാണ് വീട്ടുകാർ തുരത്തിയിരുന്നത്.ആദ്യമായിട്ടാണ് വീടിന്റെ മുറ്റത്ത് വരെ എത്തി തെങ്ങു മറിച്ചിടുന്നതെന്നു വീട്ടുകാർ പറഞ്ഞു.
കാട്ടു പന്നിയുടെയും കുരങ്ങന്റെയും ശല്യം പ്രദേശത്തു രൂക്ഷമാണ്. കപ്പ അടക്കമുള്ള കൃഷികൾ പന്നി കുത്തി നശിപ്പിക്കും. തേങ്ങയും കരിക്കും കുരങ്ങന്മാർ നശിപ്പിക്കുന്നു.റംബുട്ടാൻ പഴങ്ങളും നശിപ്പിക്കുന്നത് പതിവാണ്. വന്യ മൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞയിടെ ഇതേ പ്രദേശത്ത് രണ്ട് തവണ ആണ് കാട്ടാനകൾ കൂട്ടത്തോടെ എത്തിയത്. ഇവിടെ വനാതിർത്തിയിൽ സോളാർ ഫെൻസിങ് ഉണ്ടെന്ന് വനപാലകർ പറയുന്നു. എന്നാൽ വൈദ്യുതി ഷോക്ക് ഉള്ള ഈ വേലി അനായാസം മറികടന്നാണ് ആനകൾ എത്തുന്നത്.
തൂക്ക് ഫെൻസിങ് ആണ് മൃഗങ്ങളെ തടയാൻ ഇവിടെ അനുയോജ്യമായതെന്ന് വാർഡ് അംഗം എം എസ് സതീശ് പറഞ്ഞു. ഇതിനായി നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യം അറിയിച്ച് വനം വകുപ്പിൽ നിവേദനം നൽകുമെന്ന് എം എസ് സതീശ് പറഞ്ഞു.