കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :12/09/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ICON CONTACT

സർക്കാരിനെതിരെ പ്രതിഷേധം ; കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കുന്നതിന് ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

മണ്ഡലം പ്രസിഡൻറ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. സുനിൽ തേനാമക്കൽ, ഓ.എം ഷാജി,ബിനു കുന്നുംപുറം, അബ്ദുൽ ഫത്താഖ്, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, അബ്ദുൽ അസീസ്, നിബു ഷൗക്കത്ത്, കെ.എസ്.ഷിനാസ് അസീബ് ഈട്ടിക്കൽ, അൻവർഷാ കോനാട്ട് പറമ്പിൽ, എം.കെ ഷമീർ, ജോർജുകുട്ടി പട്ടിമറ്റം, ഡാനി ജോസ്, നസീമ ഹാരിസ്,റോബിറ്റ് മാത്യു, ഫസലി കോട്ടവാതുക്കൽ ,എം.പി .രാജു ,ഷാജി പെരുന്നേപറമ്പിൽ,ഇ. എസ് .സജി, ടി.എസ് .നിസു എന്നിവർ പ്രസംഗിച്ചു.നേരത്തെ ടൗണിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് വി. ആർ.മോഹനൻ പിള്ള,സക്കീർ കല്ലുങ്കൽ, പി.പി.സഫറുള്ളാ ഖാൻ, പോൾപ്പി സാദത്ത് ,സാബു കാളാന്തറ, എന്നിവർ നേതൃത്വം നൽകി.

ബസിലെ മദ്യം കടത്തിയതിൽ പങ്കില്ലെന്ന് സൂചിപ്പിച്ച് പിരിച്ചുവിടപ്പെട്ട താത്കാലിക കണ്ടക്ടറുടെ പരാതി

പൊൻകുന്നം: പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്ന് ഓഗസ്റ്റ് 10-ന് മദ്യം കണ്ടെത്തിയ സംഭവത്തിൽ താൻ നിരപരാധിയാണെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്നും കാണിച്ച് താത്കാലിക ജീവനക്കാരനായ ഡ്രൈവർ കം കണ്ടക്ടർ ഇടക്കുന്നം സ്വദേശി പി.എം.ഫൈസൽ കോർപ്പറേഷന്റെ വിജിലൻസ് വിഭാഗത്തിന് പരാതി നൽകി.

കോഴിക്കോട് ബി.ഒ.ടി.ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽ നിന്ന് വിജിലൻസ് വിഭാഗം 750 മി.ലിറ്ററിന്റെ അഞ്ചുകുപ്പി വിദേശമദ്യം കണ്ടെത്തി എക്‌സസൈസിന് കൈമാറി കേസെടുത്തിരുന്നു. അന്ന് കണ്ടക്ടർ ഡ്യൂട്ടി ചെയ്ത പി.എം.ഫൈസലിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഡ്രൈവർ വി.ജി.രഘുനാഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

തന്റെ അറിവോടെയല്ല മദ്യം ബസിൽ സൂക്ഷിച്ചതെന്നും ഡ്രൈവറാണ് മദ്യം വാങ്ങി ബസിൽ വച്ചതെന്നുമാണ് ഫൈസലിന്റെ വാദം. ബസ് മാഹിയിൽ എത്തിയപ്പോൾ സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്തു ബസ് നിർത്തി. ട്രാഫിക് ബ്ലോക്കിൽ ബസ് നിർത്തിയതാകുമെന്നാണ് കരുതിയതെന്നും പരാതിയിൽ പറയുന്നു.

താൻ മാഹിയിലെത്തി സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും ബസ് നിർത്തിയ സ്ഥലത്ത് ഒരാൾ രണ്ടുകവറിലായി മദ്യം ഡ്രൈവറെ ഏൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും ഇതു തെളിവായി പരിഗണിക്കണമെന്നും കണ്ടക്ടർ പരാതിയിൽ ആവശ്യപ്പെട്ടു. വടകര സ്റ്റാൻഡിൽ എത്തിയപ്പോൾ താൻ ശൗചാലയത്തിൽ പോയെന്നും ഈ സമയത്താകാം അതുവരെ കൈവശം സൂക്ഷിച്ച മദ്യം ഡ്രൈവർ കണ്ടക്ടറുടെ സീറ്റിനടിയിൽ വെച്ചതെന്നുമാണ് കരുതുന്നത്. കേസ് ഉണ്ടാകുമെന്നു പറഞ്ഞതിനാൽ വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരം മൊഴി എഴുതി നൽകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സി.സി.ടി.വി.ദൃശ്യങ്ങൾ തെളിവായി പരിഗണിച്ച് തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് ഫൈസൽ അഭ്യർഥിച്ചത്.

ഓണച്ചന്തകൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി ∙ സെൻട്രൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണച്ചന്ത ആരംഭിച്ചു. പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ ഓണം സഹകരണ വിപണി ബാങ്ക് ഹെഡ് ഓഫിസിനു സമീപമാണ് പ്രവർത്തിക്കുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് സിൻഷ അഷറഫിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് പി.എം.അബ്ദുൽസലാം ആദ്യ വിൽപന നടത്തി.

ബാങ്ക് ഭരണസമിതിയംഗങ്ങളായ നസീമ ഹാരിസ്, സിജ സക്കീർ, നിബു ഷൗക്കത്ത്, അൻവർഷ കോനാട്ടുപറമ്പിൽ, എം.കെ.ഷമീർ, നായിഫ് ഫൈസി, പി.എം.അജ്മൽ പാറയ്ക്കൽ, എം.ബി.രാജു, സെക്രട്ടറി പി.കെ.സൗദ എന്നിവർ പ്രസംഗിച്ചു.

എരുമേലി ∙ പട്ടികജാതി സഹകരണ സംഘം ഓണവിപണി പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ് എം.ജെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെസി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ മാത്തുക്കുട്ടി, എം.എസ്.സതീഷ്, സംഘം ബോർഡ് അംഗങ്ങളായ കെ.പി.മുരളി, വി.പി.രാജൻ, ലേഖ കുര്യൻ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്തായി (പഴയ ബേബി തിയറ്ററിനു സമീപം) ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥിര സമിതി അധ്യക്ഷ ജെസി ഷാജൻ ആദ്യ വിൽപന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ്, പഞ്ചായത്തംഗം റോസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. സിഡിഎസ് അധ്യക്ഷ ദീപ്തി ഷാജി, കാർഷിക വികസന സമിതിയംഗങ്ങളായ ഷാജൻ മാത്യു മണ്ണംപ്ലാക്കൽ, എൻ.സോമനാഥൻ, കൃഷി ഓഫിസർ എ.കെ.അർച്ചന, അസിസ്റ്റന്റ് കൃഷി ഓഫിസർ ജെ.ഷൈൻ എന്നിവർ പ്രസംഗിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ എസ്.സുനിത, രാജിത കെ.സുകുമാരൻ എന്നിവർ നേതൃത്വം നൽകി. 14 വരെ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മാർക്കറ്റ് പ്രവർത്തിക്കും.

പാലമ്പ്ര ∙ ഗദ്സമനി ഇടവകയിൽ സീനിയർ യൂത്ത് നടത്തിയ ആരവം 3.0 ഓണാഘോഷം വികാരി ഫാ. ഡോ. ജിയോ കണ്ണംകുളം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഗ്ലാഡിസ്, ടോമി നീർവേലിൽ, ജിതിൻ പെരുന്നപ്പള്ളിയിൽ, സരുൺ ഒട്ടിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. മെഗാ കസേരകളി, മിഠായി പെറുക്കൽ, ബോൾ പാസിങ്, കുപ്പി വളയിടൽ, വടംവലി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. വടംവലി മത്സരത്തിൽ സീനിയർ യൂത്ത് ടീം വിജയിച്ചു. സെവൻസ് വാക്കപ്പാറ രണ്ടാം സ്ഥാനം നേടി. സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് അലമാര, സ്മാർട് ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ യൂത്ത് പ്രസിഡന്റ് ജിതിൻ ജിമ്മി, ലിബിൻ ചീനിവേലിൽ, സെബിൻ ഇലവുങ്കൽ, സുനിൽ ദേവസ്യ, മാത്തുക്കുട്ടി, ജിബിൻ ജിമ്മി, സന്തോഷ്, ജോബിൻ ജേക്കബ്, നിഖിൽ, ജെറിൻ, ഷിൻസ്, തോമസുകുട്ടി ജോസ് എന്നിവർ നേതൃത്വം നൽകി.

നബിദിനാഘോഷം ഇന്നു മുതൽ

പൊൻകുന്നം ∙ മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ നബിദിനാഘോഷം ഇന്നു മുതൽ 16 വരെ നടത്തും. ഇന്നു രാത്രി 8നു നടത്തുന്ന സമ്മേളനം ജമാഅത്ത് മുൻ പ്രസിഡന്റ് കെ.എ.ഹസ്സൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അനൂപ് കല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. തുടർന്ന് ആരംഭിക്കുന്ന മതപ്രഭാഷണ പരമ്പരയിൽ കൊല്ലം പോരുക്കര ജമാഅത്ത് ചീഫ് ഇമാം സുബൈർ അസ്ഹരി പൂക്കളത്തൂർ പ്രഭാഷണം നടത്തും.

നാളെ രാത്രി 8ന് എറണാകുളം ജുമാ മസ്ജിദ് ചീഫ് ഇമാം വടുതല മുഹമ്മദ് അർഷദ് ബദ്‌രി, 14നു രാത്രി 8നു പൊൻകുന്നം ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് അബ്ദുൽ ഹാദി എന്നിവർ പ്രഭാഷണം നടത്തും. മദ്രസ വിദ്യാർഥികളുടെ കലാമത്സരങ്ങൾ 14, 15 തീയതികളിൽ നടത്തും. 16നു രാവിലെ 8നു നബിദിന ഘോഷയാത്ര തുടർന്ന് സമാപന സമ്മേളനം, നേർച്ച വിതരണം.

മുണ്ടക്കയം പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് തുടക്കം

മുണ്ടക്കയം ∙ പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണം ആരംഭിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർമാണ ഉദ്ഘാടനം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പ്രദീപ്, ജോഷി മംഗലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, ഷിജി ഷാജി, സി.വി. അനിൽകുമാർ, ജോമി തോമസ്, ഷീബ ദിഫൈൻ, ദിലീഷ് ദിവാകരൻ, ഫൈസൽ മോൻ, കെ.എൻ. സോമരാജൻ, സുലോചന സുരേഷ്, ജാൻസി തൊട്ടിപ്പാട്ട്, ബോബി കെ.മാത്യു, പി.എ.രാജേഷ്, ജിനീഷ് മുഹമ്മദ്, ഷീബ ദിഫയിൻ, ബിൻസി മാനുവൽ, കെ.ടി.റെയ്ച്ചൽ, സിനിമോൾ തടത്തിൽ, പ്രസന്ന ഷിബു, ബെന്നി ചേറ്റുകുഴി, ലിസി ജിജി എന്നിവർ പ്രസംഗിച്ചു.

ഒരു കോടി രൂപയാണു നിർമാണത്തിനായി അനുവദിച്ചത്. കായിക വകുപ്പ് 50 ലക്ഷം രൂപയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ 50 ലക്ഷം രൂപയും നൽകും.

‌ഫുട്ബോൾ കോർട്ട്, ക്രിക്കറ്റ്, വോളിബോൾ കോർട്ടുകൾ, രാത്രിയും പകലും ഒരുപോലെ മത്സരങ്ങൾ നടത്താൻ 32 ഫ്ലഡ് ലൈറ്റുകൾ, 8 കോർണർ ലൈറ്റുകൾ, കമ്പിവേലികൾ, വ്യായാമത്തിനായി സ്റ്റേഡിയത്തിനു ചുറ്റും ടൈൽ പാകിയ നടപ്പാത എന്നിവയുണ്ടാകും.

സാഫ് ജൂനിയർ അത്‌ലറ്റിക്സിന് ചിറ്റടി സ്വദേശി ജൂവൽ തോമസ്

കാഞ്ഞിരപ്പള്ളി ∙ ചെന്നൈയിൽ ആരംഭിച്ച സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷ‍ൻ (എസ്എഎഎഫ്) ജൂനിയർ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ കോട്ടയം ചിറ്റടി സ്വദേശി ജൂവൽ തോമസും. മുണ്ടക്കയം മുരിക്കുംവയൽ ഗവ. വി.എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിയാണു ജൂവൽ. ആൺകുട്ടികളുടെ ടീമിലെ ഏക മലയാളി കൂടിയാണു ജൂവൽ. ഹൈജംപിലാണ് ജൂവൽ മത്സരിക്കുന്നത്.

7 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണു മത്സരത്തിനിറങ്ങുന്നത്.

ദേശീയ യൂത്ത് അത്‌ലറ്റിക്സിലെ പ്രകടനമാണു ജൂവലിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. കെഎപി അഞ്ചാം ബറ്റാലിയൻ കുട്ടിക്കാനം ക്യാംപിലെ സിഐ സി.ജെ.തോമസിന്റെയും പീരുമേട് സിപിഎം സ്കൂളിലെ അധ്യാപിക ജിത തോമസിന്റെയും മകനാണ്. മുൻ നേവി താരവും, സർവീസസ് ടീം പരിശീലകനനു മായിരുന്ന സന്തോഷ് ജോർജാണു പരിശീലകൻ.

ആയുര്‍വേദ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തും, നാഷണല്‍ ആയുഷ് മിഷനും, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി പാറത്തോടും സംയുക്തമായി 10/09/2024 തീയതിയില്‍ ആയുര്‍വേദ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രീമതി.സോഫി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ ശശികുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.രാജന്‍ റ്റി. സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.സിയാദ് കെ.എ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ പ്രസിന്‍റുമാരായ ശ്രീ.ഡയസ് കോക്കാട്ട്, ശ്രീമതി.വിജയമ്മ വിജയലാല്‍, ശ്രീ. ജോണിക്കുട്ടി മഠത്തിനകം, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് വെള്ളാവൂര്‍ ഡിസ്പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.ആശാമോള്‍ വര്‍ഗീസ് യോഗാപരിശീലന ക്ലാസ് നടത്തി. പാറത്തോട് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിസ്സി കെ.റ്റി കൃതജ്ഞത അര്‍പ്പിച്ചു.

പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങളുടെ പ്രദർശനം നടത്തി സെന്റ് ഡൊമിനിക്സ് കോളജ് വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി ∙ കേരളത്തിൽ അപൂർവമായി കണ്ടുവരുന്ന പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ ഗുണമേന്മ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇതുപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും സെമിനാറും സെന്റ് ഡൊമിനിക്സ് കോളജിൽ നടത്തി. മധുരക്കിഴങ്ങിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് ബോട്ടണി വിഭാഗം വിദ്യാർഥികൾ പ്രദർശന പരിപാടി നടത്തിയത്. പർപ്പിൾ മധുരക്കിഴങ്ങ് ഉപയോഗിച്ച് കേക്ക്, കുക്കീസ്, ബൺ, പിസ, കപ് കേക്ക്, പുഡ്ഡിങ്, കേക്ക് സിക്കിൾ, പോപ്‌സിക്കിൾ തുടങ്ങിയ ഭക്ഷണ ഇനങ്ങൾ വിദ്യാർഥികൾ തന്നെ തയാറാക്കിയാണ് പ്രദർശിപ്പിച്ചത്.

ധാരാളം ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയതാണു പർപ്പിൾ കളർ മധുരക്കിഴങ്ങെന്നു വിദ്യാർഥികൾ വിവരിച്ചു. ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ കൂടുതൽ ഉള്ളതിനാൽ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഗുണകരമാണെന്ന് പഠനങ്ങൾ തെളിയിച്ചതാണെന്നും വിദ്യാർഥികൾ പറഞ്ഞു. പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതായി ഗവേഷണ മേധാവിയും പ്രോഗ്രാം കൺവീനറുമായ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ആർ.ബി.സ്മിത പറഞ്ഞു.

രണ്ടാം വർഷ എംഎസ്‌സി ബോട്ടണി വിദ്യാർഥികളായ കെ.നജ്‌ല, പാർവതി ആർ.നായർ എന്നിവരുടെ ഗവേഷണ പഠനത്തിന്റെ ഭാഗമായിട്ടാണ് മധുരക്കിഴങ്ങ് ഉപയോഗിച്ചു വിഭവങ്ങൾ തയാറാക്കിയത്. പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ യൂണിവേഴ്സിറ്റി ഓഫ് മെൽബൺ ക്രോപ് ശാസ്ത്രജ്ഞ ഡോ. സജിത ബിജു ക്ലാസ് നയിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ. സാലിക്കുട്ടി തോമസ്, റിസോഴ്സ് പഴ്സൻ അസിസ്റ്റന്റ് പ്രഫ. മൈക്കിൾ തോമസ്, ഡോ. ആർ.ബി.സ്മിത എന്നിവർ പ്രസംഗിച്ചു.

ഗുരുദേവ ക്ഷേത്ര നിർമാണം: ബാലാലയ പ്രതിഷ്ഠ നടത്തി

ചേനപ്പാടി ∙ എസ്എൻഡിപി യോഗം 53–ാം നമ്പർ ശാഖയിൽ ഗുരുദേവ ക്ഷേത്ര നിർമാണത്തിനു മുന്നോടിയായി ബാലാലയ പ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രം മുഖ്യ കാർമികത്വം വഹിച്ചു. എസ്എൻഡിപി എരുമേലി യൂണിയൻ കൺവീനർ പി.എസ്.ബ്രിഷ്ണേവ്, മനോജ് വിശ്വനാഥ പൂജാരി, ശാഖാ വൈസ് പ്രസിഡന്റ് ബിനു കൂവക്കാട്ട്, സെക്രട്ടറി എം.പി.ഷിബു എന്നിവർ നേതൃത്വം നൽകി. 36 വർഷം മുൻപ് സ്ഥാപിച്ച ഗുരുമന്ദിരം പൊളിച്ച് തൽസ്ഥാനത്താണു ക്ഷേത്രം നിർമിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിൽ കലക്ടറുടെ സ്പെഷൽ സ്ക്വാഡ് പരിശോധന

കാഞ്ഞിരപ്പള്ളി ∙ കലക്ടറുടെ സ്പെഷൽ സ്ക്വാഡ് താലൂക്കിലെ കാഞ്ഞിരപ്പള്ളി , പൊൻകുന്നം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്ക്, മത്സ്യ – മാംസ വിൽപന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 45 കടകളിൽ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾ, ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ മുദ്ര വയ്പിക്കാതെ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ക്രമക്കേടുകൾ കണ്ടെത്തിയ 10 കടകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കലക്ടർക്ക് റിപ്പോർട്ട് നൽകി.

താലൂക്ക് സപ്ലൈ ഓഫിസർ ജി.അഭിൽജിത്തിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി തഹസിൽദാർ ടി.ജി.ശ്രീലാൽ, ഫുഡ് സേഫ്റ്റി ഓഫിസർ തെരെസലിൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അനു ഗോപിനാഥ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ സജീവ് കുമാർ, ടി.സയർ എന്നിവരുൾപ്പെട്ട ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും താലൂക്കിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ആരോഗ്യ വകുപ്പ് പരിശോധന നടത്തി

എരുമേലി ∙ ഓണത്തോടനുബന്ധിച്ച് എരുമേലി, മുക്കൂട്ടുതറ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. താൽക്കാലിക ചിപ്സ് വിൽപന കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, കേറ്ററിങ് കേന്ദ്രങ്ങൾ, ലോഡ്ജുകൾ ഉൾപ്പെടെയുള്ള 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 7 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി കറുകത്ര അറിയിച്ചു.

പരിശോധനയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സന്തോഷ്‌ ശർമ, എ.എസ്.പ്രതിഭ, എസ്.സജിത്ത്, കെ.എസ്.പ്രശാന്ത്, കെ.ജിതിൻ എന്നിവർ പങ്കെടുത്തു.

മുസ്‍‌ലിം ജമാഅത്ത് ഭരണസമിതി സാരഥികൾ

എരുമേലി ∙ മഹല്ല് മുസ്‍‌ലിം ജമാഅത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: നാസർ പനച്ചി, മിതുലാജ് പുത്തൻവീട്, നൈസാം പി. അഷറഫ് പുത്തൻവീട്ടിൽ, അനസ് പുത്തൻവീട്, നൗഷാദ് കുറുങ്കാട്ടിൽ, സലീം കണ്ണങ്കര, അബ്ദുൽ ഹക്കീം മാടത്താനിൽ, സലീം പറമ്പിൽ, നാസർ ചാക്കാലക്കൽ, റജി ചക്കാലയിൽ, നിഷാദ് താന്നിമൂട്ടിൽ, റെജി വെട്ടിയാനിക്കൽ, ഷിഫാസ് എം. ഇസ്മായിൽ,ഷെഹനാസ് മേക്കൽ, പി.എ. ഇർഷാദ് പഴയതാവളം, സിഎഎം കരിം ചക്കാലക്കൽ, അൻസാരി പാടിക്കൽ.

വനത്തിലെ തോട്ടിലേക്ക് ലോറിയിൽ എത്തിച്ച് മാലിന്യം തള്ളി

എരുമേലി ∙ പൊന്തൻപുഴ വനത്തിലെ തോട്ടിലേക്ക് ലോറിയിൽ മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സംഭവം. വനമേഖലയിലൂടെയുള്ള പൊന്തൻപുഴ – പ്ലാച്ചേരി റോഡിൽ നിന്ന് വലിയകാവ് ഭാഗത്തേക്കു പോകുന്ന റോഡിന്റെ സമീപത്താണ് മാലിന്യം തള്ളിയത്. ഏതോ കടകളിൽ നിന്നു കൊണ്ടുവന്ന മാലിന്യങ്ങളാണിത്. പ്ലാസ്റ്റിക് കവറുകൾ, സാധനങ്ങൾ പാക്ക് ചെയ്ത് വരുന്ന തെർമോക്കോൾ കവറുകൾ, പേപ്പർ കവറുകൾ തുടങ്ങിയവയാണ് ഇതിൽ അധികവും.

പുനലൂർ – മൂവാറ്റുപുഴ ഹൈവേയിലെ പൊന്തൻപുഴ മുതൽ പ്ലാച്ചേരി വരെയുള്ള സ്ഥലങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. മത്സ്യ, മാംസ അവശിഷ്ടങ്ങളാണ് അധികവും. ചത്ത മൃഗങ്ങളെ വരെ വാഹനങ്ങളിൽ എത്തിച്ച് ഇവിടെ തള്ളുന്നുണ്ട്. വനത്തിലെ റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച മാലിന്യങ്ങളാണ്. വനമേഖലയിൽ കൂടി കടന്നു പോകുന്ന വാഹനയാത്രക്കാർക്കു കൂടി ബുദ്ധിമുട്ടാകുന്ന വിധം രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. വനം വകുപ്പ് അധികൃതർ രാത്രികാല നിരീക്ഷണങ്ങളും കർശന നടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകനായ വി.കെ.സതീഷ് ആവശ്യപ്പെട്ടു.

പൊൻകുന്നം പഴയചന്ത ഭാഗത്ത് അപകട പരമ്പര : വാഹനാപകടങ്ങളിൽ 5 ദിവസത്തിനിടെ 2 മരണം

പൊൻകുന്നം ∙ ദേശീയപാത 183ൽ പഴയചന്ത ഭാഗത്ത് അപകടങ്ങൾ പതിവായി. ടൗണിനു സമീപമുള്ള പഴയചന്ത ഭാഗത്ത് 5 ദിവസത്തിനുള്ളിൽ ഉണ്ടായ 2 അപകടങ്ങളിലായി 2 പേരുടെ ജീവനാണ് പൊലിഞ്ഞത്. ചൊവ്വാഴ്ച ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി മരിച്ചു. അട്ടിക്കൽ – പഴയചന്ത റോഡിൽ നിന്നു ദേശീയപാതയിലേക്ക് ബൈക്ക് പ്രവേശിക്കുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമീർ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഇവിടെ നിന്ന് ഏതാനും മീറ്റർ മാത്രം അകലെ കഴി‍ഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ യുവതി മരിച്ചിരുന്നു. നടന്നു പോകുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ തോണിപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം പുളിയനാംകുന്നിൽ സിനീഷിന്റെ ഭാര്യ അമ്പിളി രാഘവനാണ് മരിച്ചത്. അമ്പിളിയെയും ഒപ്പമുണ്ടായിരുന്ന മകൾ നിളയെയും കാറിടിച്ചു വീഴ്ത്തുകയായിരുന്നു.

ഏതാനും ദിവസം മുൻപ് ഇതിനു സമീപത്തായി നിയന്ത്രണം വിട്ട കാർ മറിഞ്ഞും അപകടമുണ്ടായി. ഇറക്കവും കൂടിയായ ഈ ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗവും ഇടവഴികളിൽ നിന്ന് ദേശീയപാതയിലേക്കു പ്രവേശിക്കുമ്പോഴുള്ള ശ്രദ്ധക്കുറവും അപകടങ്ങൾക്ക് ഇടയാക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇവിടെ മിക്കവാറും അപകടങ്ങളുണ്ടാകാറുണ്ടെന്നും ഗതാഗത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പൊൻകുന്നത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി

പൊൻകുന്നം: ആഭ്യന്തര വകുപ്പിലെ ക്രിമനൽ വത്ക്കരണം അവസാനിപ്പിക്കുക, രൂക്ഷമായ വിലക്കയറ്റം തടയുക, പൂരം കലക്കലിലെ ഗൂഢാലോചനക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, മുഖ്യമന്ത്രി രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സനോജ് പനക്കൽ, ടി.കെ.ബാബുരാജ്, എം.ടി.പ്രീത, ബിനേഷ് ചെറുവള്ളി, ശ്യാംബാബു, പി.ജെ.സെബാസ്റ്റ്യൻ, ലൂസി ജോർജ്, പി.സി.ത്രേ്യസ്യാമ്മ, ഇന്ദുകല എസ്.നായർ, ലിജി ഷാജൻ, കെ.ആർ.സോമശേഖരൻ നായർ, സൂരജ്ദാസ്, ബിജു മുണ്ടുവേലി, ഇ.ജെ.ഫിലിപ്പ്, അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

റോയി സേവ്യർ, ടി.എ.ഷിഹാബുദിൻ, ആസാദ് എസ്.നായർ, നിതിൻ സാബു, സി.എം.സേതു, മുഹമ്മദ് നൗഫൽ, സജി തോമസ്, ഹരി കോയിപുറത്ത്, എസ്.ടി.ജോസഫ്, സൂരജ്കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ജനപ്രതിനിധികളുടെ യോഗം ഇന്ന്

 മുണ്ടക്കയം : ഇന്ന് ഉച്ചകഴിഞ്ഞ്  3.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികളുടെ യോഗം  കുടും.  31 -07. -2024 ലെ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനം പ്രകാരം  പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ  പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമെന്നുള്ള നിലയിൽ കാണിച്ചിരിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്.  ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനും, അനാവശ്യ നിയന്ത്രണങ്ങളും, നിബന്ധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്  ഒഴിവാക്കുന്നതിനും,  ഇതുസംബന്ധമായ ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനും,  മറ്റുമായി   യോഗം വിളിച്ചു ചേർത്തിട്ടുള്ളതായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പുതിയ പാലം നിർമ്മാണം  : പ്രാഥമിക അനുമതി  ലഭിച്ചു.

മുണ്ടക്കയം : കോസ് വേ പാലത്തിന് സമാന്തരമായി  പുതിയ പാലം നിർമ്മാണം  : പ്രാഥമിക അനുമതി  ലഭിച്ചു. മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് വേ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും,  ഡിസൈനും മറ്റും തയ്യാറാക്കുന്ന പ്രവർത്തികൾക്ക്   5.14 ലക്ഷം രൂപയുടെ  ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.  അടിക്കടി ഉണ്ടായ പ്രളയങ്ങൾ നിലവിലുള്ള കോസ് വേ പാലത്തിനെ ദുർബലമാക്കിയിട്ടുണ്ട്.  മുണ്ടക്കയം ടൗണിൽ നിന്നും  എരുമേലി, പുഞ്ചവയൽ , കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മുഴുവൻ ആളുകളും യാത്ര ചെയ്യുന്നതിന് നിലവിലുള്ള കോസ് വേ പാലമാണ് ഉപയോഗിച്ചുവരുന്നത്. ഇതുമൂലം പലപ്പോഴും പാലത്തിൽ  വലിയ ഗതാഗത തിരക്കും അനുഭവപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തി മുണ്ടക്കയം ടൗണിൽ നിന്നും മണിമലയാറിന് കുറുകെ  കോസ് വേയ്ക്ക് സമാന്തരമായി പുതിയ പാലം നിർമ്മിക്കണമെന്ന്   ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിന്  നിവേദനം നൽകിയതിനെ തുടർന്നാണ്  പാലത്തിന്റെ സർവ്വേ നടപടികളും , രൂപരേഖയും തയ്യാറാക്കുന്നതിന്  5.14 ലക്ഷം രൂപയുടെ  അനുമതി ലഭ്യമായതെന്ന്   എംഎൽഎ പറഞ്ഞു. പ്രളയ സാധ്യത മുന്നിൽകണ്ട്  പ്രളയത്തെ   അതിജീവിക്കത്തക്ക നിലയിൽ  ഉയരം വർധിപ്പിച്ചാണ്   പുതിയ പാലത്തിന്റെ ഡിസൈൻ  തയ്യാറാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു . മുണ്ടക്കയം ടൗണിൽ കെ . കെ റോഡിൽ  നിന്ന് നേരിട്ട് പാലത്തിലേക്ക് പ്രവേശിക്കുന്നതിന് അപ്രോച്ച്  റോഡ് നൽകി പാലം നിർമ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും,  എംഎൽഎ കൂട്ടിച്ചേർത്തു.

വിലക്കയറ്റം തടയാൻ പരിശോധന; 10 കടകൾക്കെതിരെ  നടപടി

കാഞ്ഞിരപ്പള്ളി :  ഈ ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി കോട്ടയം ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ കാഞ്ഞിരപ്പള്ളി , പൊൻകുന്നം എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിപണികളിൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്കു, മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 45 കടകളിൽ പരിശോധന നടത്തി. വില വിവര പെട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പഞ്ചായത്ത് ലൈസൻസ് എടുക്കാതിരിക്കുക, ഫിസ്സായി  ലൈസൻസ് ഇല്ലാതിരിക്കുക, അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര വയ്പ്പിക്കാതിരിക്കുക ഉൾപ്പെടെയുള്ള വിവിധ ക്രമക്കേടുകൾ കണ്ടെത്തിയ 10 കടകൾക്കെതിരെനടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. 

       താലൂക്ക് സപ്ലൈ ആഫീസർ  അഭിൽജിത് ജി യുടെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ ഡെപ്യൂട്ടി തഹസീൽദാർ  ടി ജി ശ്രീലാൽ , ഫുഡ് സേഫ്റ്റി  ഓഫിസർ   തെരെസലിൻ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ്  ഫെബിൻ ,  ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ  അനു ഗോപിനാഥ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ  സജിവ്കുമാർ, സയർ ടി, രഞ്ജിത് എന്നിവർ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും താലൂക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ  മിന്നൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

തുടർച്ചയായി ജലവിതരണ പൈപ്പുകൾ പൊട്ടുന്നു 

എരുമേലി : അൽപം ശക്തമായി വെള്ളം പമ്പ് ചെയ്താൽ ജലവിതരണ കുഴലുകൾ വെള്ളത്തിന്റെ സമ്മർദ്ദം മൂലം പൊട്ടുന്നു. എരുമേലി ഓരുങ്കൽകടവ് റോഡിൽ ഇന്നലെ ഇങ്ങനെ പൈപ്പുകൾ പൊട്ടിയത് നാലിടത്ത്. ഇതേനിലയിൽ ടൗണിലും പരിസര പ്രദേശങ്ങളിലും വിവിധ ഇടങ്ങളിൽ ദിവസങ്ങളായി പൈപ്പ് പൊട്ടിയത് പരിഹരിച്ചിട്ടില്ലന്ന് ആക്ഷേപം. റോഡിനടിയിൽ കഴിച്ചിട്ട ജലവിതരണ കുഴലുകൾ ആണ് കൂടുതലായി പൊട്ടിക്കൊണ്ടിരിക്കുന്നത്. ഓരുങ്കൽകടവ് റോഡ് ആരംഭിക്കുന്ന ഹാപ്പി സൗണ്ട്സ് ഭാഗം മുതൽ ഓരുങ്കൽകടവ് പാലം വരെ നാലിടത്ത് ഇന്നലെ പൈപ്പുകൾ പൊട്ടി വൻ തോതിലാണ് വെള്ളം റോഡിലൂടെ പാഴായി ഒഴുകിക്കൊണ്ടിരിക്കുന്നത്. ഒഴക്കനാട്, വാഴക്കാല, നേർച്ചപ്പാറ, എരുമേലി ടൗൺ, പ്രപ്പോസ്, കനകപ്പലം, ശ്രീനിപുരം വാർഡുകളിൽ ദിവസങ്ങളായി വിവിധ സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടിയ നിലയിലാണ്. പൈപ്പ് പൊട്ടൽ മൂലം ഈ വാർഡുകളിൽ നിരവധി ഗാർഹിക കണക്ഷനുകളിൽ വെള്ളം ലഭിക്കുന്നില്ലന്ന് പരാതി ശക്തമായി.

പന്തം കൊളുത്തി പ്രകടനം നടത്തി

എരുമേലി : ആഭ്യന്തര വകുപ്പിൻ്റെ ക്രിമനൽവൽക്കരണം അവസാനിപ്പിക്കണമെന്നും വിലക്കയറ്റത്തിനെതിരെ നടപടികൾ ആവശ്യപ്പെട്ടും കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി എരുമേലി ടൗണിൽ പ്രതിഷേധമായി പന്തം കൊളുത്തി പ്രകടനം നടത്തി. കെ-പി.സി.സി സെക്രട്ടറി പി. എ സലീം ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ്  റോയി കപ്പലുമാക്കൽ, പഞ്ചായത്ത്‌ പ്രസിഡന്റ്  ജിജിമോൾ സജി, അംഗങ്ങളായ ജിൻസി പുറ്റുമണ്ണിൽ , ലിസി സജി, സുബി സണ്ണി, സുനിൽ ചെറിയാൻ, പ്രകാശ് പള്ളിക്കൂടം, മാത്യു ജോസഫ്,  നേതാക്കളായ ടി.വി ജോസഫ് , ആസാദ് പഴയതാവളം, അൻസാരി പാടിക്കൽ, ബാബുക്കുട്ടി കേഴംപ്ലാക്കൽ, സാറാമ്മ എബ്രഹാം, ബിജു ചെറുവള്ളി, രാജൻ കാരമല, ബിനോയി ഡാനിയൽ, നൂഹ്, സിജി മുക്കാലി, ഏണസ്റ്റ്, റോണി, ഷൈൻ, സുകുമാരൻ ,സിബി രാജു ,ഷിജൊ മോൻ , ഷിബു പ്രപ്പോസ് , അഷറഫ് കണ്ണന്താനം, ജീവൻ , സ്റ്റീഫൻ , ബിനു കൂവക്കാടൻ , രാജു ഇടകടത്തി , ജോസ് ഉമ്മിക്കുപ്പ, ജോയി , ഫസിം തുമരംപാറ, ടെഡി ചേനപ്പാടി, സുനിൽ എയ്ഞ്ചൽവാലി, സനീഷ് മുട്ടപ്പള്ളി, ടോമി എഴുകുമണ്ണ് തുടങ്ങിയവർ നേതൃത്വം നൽകി.

കൂടുതൽ പദ്ധതികൾ നടപ്പിലാക്കി : നിലവിൽ  ജില്ലയിൽ എരുമേലി മൂന്നാമത്.

എരുമേലി : നടപ്പ് സാമ്പത്തിക വർഷം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്തുകളിൽ ഇപ്പോൾ മൂന്നാം സ്ഥാനം എരുമേലി പഞ്ചായത്തിനാണെന്ന്  പ്രസിഡന്റ് ജിജിമോൾ സജി അറിയിച്ചു. നിലവിലെ സ്ഥിതിവിവര കണക്ക് പ്രകാരം ആണിത്. നടപ്പ് സാമ്പത്തിക വർഷം തീരാൻ ഇനിയും മാസങ്ങളുണ്ട്. ഈ കണക്ക് ഇനിയും മാറാം. എങ്കിലും അവശേഷിച്ച പദ്ധതികൾ പൂർണമായി നടപ്പിലാക്കാൻ ഇനിയുള്ള സമയം വിനിയോഗിച്ചാൽ ഒന്നാം സ്ഥാനം നേടാനാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. 

മുൻകാലങ്ങളിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഏറെ പിന്നോക്കം പോയിരുന്ന സ്ഥാനത്തായിരുന്നു എരുമേലി. ഇത് മറികടന്നാണ് ഇപ്പോൾ നിലവിൽ  ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്തുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഈ  സാമ്പത്തിക വർഷം മൊത്തം 410 പദ്ധതികൾ ആണ് എരുമേലി പഞ്ചായത്ത്‌ നടപ്പിലാക്കിയത്. ഭരണസമിതിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആൽമാർത്ഥമായ ശ്രമം നടത്തിയതാണ് ഈ നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞതെന്ന് പ്രസിഡന്റ് ജിജിമോൾ സജി, വൈസ് പ്രസിഡന്റ് ബിനോയ്‌ ഇലവുങ്കൽ എന്നിവർ പറഞ്ഞു. ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളും വിവിധ ക്രമീകരണങ്ങളും നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഇത്തവണ കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് നിർണായക സഹായകമായെന്ന് ഇവർ പറഞ്ഞു.

കഴിഞ്ഞ ശബരിമല സീസണിൽ തീർത്ഥാടന ക്രമീകരണത്തിനായി അനുവദിച്ച ഒന്നര കോടിയുടെ സർക്കാർ ഫണ്ടിൽ 75 ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ല. ഇത് കിട്ടുമെന്ന് പ്രതീക്ഷിച്ച് തനത് ഫണ്ടിൽ നിന്നാണ് തുക ചെലവഴിച്ചത്. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലന്ന് പ്രസിഡന്റ് പറഞ്ഞു. ശബരിമല സീസണിലെ ശുചി മുറികളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്‌കരിക്കാൻ ആറര കോടിയുടെ പദ്ധതിയ്ക്ക് ഇത്തവണ ഡിപിആർ തയ്യാറാക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മലിന ജല സംസ്കരണത്തിന് 15 ലക്ഷം, ആധുനിക അറവുശാല പൂർത്തിയാക്കാൻ 25 ലക്ഷം, മാലിന്യങ്ങൾ ഇടുന്നത് കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സിസി ക്യാമറകൾ സ്ഥാപിക്കാൻ പത്ത് ലക്ഷം, മാലിന്യങ്ങൾ എത്തിക്കാൻ വാഹനം വാങ്ങുന്നതിന് എട്ട് ലക്ഷം, സർക്കാർ സ്‌കൂളുകളിൽ ശുചി മുറികൾക്ക് എട്ട് ലക്ഷം, എയ്ഞ്ചൽവാലിയിൽ ടേക്ക് എ ബ്രേക്ക്‌ നിർമാണത്തിന് 15 ലക്ഷം, ലൈഫ് പദ്ധതിയിൽ ശുചി മുറികളുടെ നിർമാണത്തിന് 38 ലക്ഷം, എംസിഎഫ് നിർമാണത്തിന് 17 ലക്ഷം ഉൾപ്പടെ ആണ് ഇത്തവണ നടപ്പിലാക്കാൻ  ഡിപിസി അനുമതിയുള്ളത്. 

ഓണാഘോഷവും അനുമോദന സമ്മേളനവും

പൊൻകുന്നം ∙ ടൗൺ ഡവലപ്മെന്റ് കൗൺസിലിന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും ഇന്ന് വൈകിട്ട് 6ന് ഹിൽഡ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സെക്രട്ടറി ആർ.എസ്.അജിത്കുമാർ അറിയിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് സൻജു ജോസഫ് അധ്യക്ഷത വഹിക്കും.

ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ നിർവഹിക്കും. പി.എൻ.പണിക്കർ പുരസ്കാരം നേടിയ പൊൻകുന്നം സെയ്ത്, പ്രേംനസീർ പുരസ്കാര ജേതാവ് പ്രദീപ് ഗോപി, വൃക്ഷമിത്ര അവാർഡ് ജേതാവ് എസ്.ബിജു, അധ്യാപക അവാർഡ് ജേതാവ് തോമസ് പടിയറ, മെൻഡലിസം ലോക റെക്കോർഡ് നേടിയ സജീവ് പള്ളത്ത് എന്നിവരെ അനുമോദിക്കും.

ധ്യാനകേന്ദ്രത്തിൽ കൺവൻഷൻ നാളെ

പൊടിമറ്റം ∙ സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തിൽ കൺവൻഷൻ നാളെ രാവിലെ 9 മുതൽ 2 വരെ നടത്തും. ബ്രദർ വർഗീസ് മാവേലിക്കര വചനപ്രഘോഷണം നടത്തും. കുർബാന, ആരാധന, ജപമാല തുടങ്ങിയ ശുശ്രൂഷകൾക്ക് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സജി പൂവത്തുകാട്, ദേവസ്യ കുളമറ്റം, പൊന്നമ്മ പൊടിമറ്റം എന്നിവർ നേതൃത്വം നൽകും. ഫോൺ: 75588 51904

icon

അധ്യാപക ഒഴിവ്

ചങ്ങനാശേരി ∙ ഗവ. ഹയർ സെ ക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി നാളെ 2നു സ്കൂൾ ഓഫിസിൽ എത്തണം. 9495277740.

ഇന്നത്തെ പരിപാടി.

ചാത്തൻതറ ജുമാ മസ്ജിദിൽ മതപ്രഭാഷണ സദസ് ഉദ്ഘാടന യോഗം രാത്രി എട്ടിന്.

icon

കുറ്റിക്കാട്ട് വീട്ടിൽ ശ്രീകുമാർ നായർ

വാഴൂർ: 17-ാംമൈൽ കുളങ്ങര കുറ്റിക്കാട്ട് വീട്ടിൽ ശ്രീകുമാർ നായർ (71) നിര്യാതനായി. ഭാര്യ: സുമ , കോട്ടയം കുളങ്ങര കുടുംബാംഗം. മക്കൾ: ഗിമേഷ് നായർ, ഗിജി. മരുമക്കൾ: ഖുശ്ബു, പ്രവീൺ. സംസ്‌കാരം പിന്നീട്.

പുത്തൻവീട്ടിൽ മുഹമ്മദ്‌ കാസിം (87)

കാഞ്ഞിരപ്പള്ളി. കൊടുവന്താനം ലെയ്നിൽ പുത്തൻവീട്ടിൽ മുഹമ്മദ്‌ കാസിം (87) നിര്യാതനായി . കബറടക്കം വ്യാഴാഴ്ച പകൽ ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സുഹറ ആലപ്പുഴ.
മക്കൾ : നസീമ. സക്കീർ. ഷാനിദ. ഷമീമ. ഷമീന.
മരുമക്കൾ. ഹുസൈൻ. ഷഫീഖ്. ഷാമോൻ. ഷരീഫ്. റഷീദാബീവി.

കുരീപ്പാറയിൽ ഫാത്തിമ (പാത്തുമ്മ – 95)

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം കുരീപ്പാറയിൽ ഫാത്തിമ (പാത്തുമ്മ – 95)നിര്യാതയായി . പരേത പത്തനാട് വണ്ടനാട് കുടുംബാഗമാണ് . കബറടക്കം നടത്തി.ഭർത്താവ്: പരേതനായ ഇബ്രാഹീം റാവുത്തർ.
മക്കൾ : ബഷീർ, പാരിസ, ഹനീഫ, സൈനബ, പരേതനായ ഹസൻകുട്ടി.
മരുമക്കൾ: നസീമ (കാഞ്ഞിരപ്പള്ളി), കമറുന്നിസ (കാഞ്ഞിരപ്പള്ളി),അബ്ദുൽ ഖരീം (ചോറ്റുപാറ, കുമളി), റജീന (ചിറക്കടവ്),
അക്ബർ (കാഞ്ഞിരപ്പള്ളി).

എം ജെ ലീലാമ്മ (81) നിര്യാതയായി

മുക്കൂട്ടുതറ : മുട്ടപ്പള്ളി പരേതനായ മുൻ പഞ്ചായത്ത്‌ അംഗം നെല്ലൂർ എൻ ജി കൊച്ചുരാമന്റെ ഭാര്യ എം ജെ ലീലാമ്മ (81) നിര്യാതയായി. സംസ്കാരം വ്യാഴം ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. കൂട്ടിക്കൽ താളുങ്കൽ വെയ്ക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ – ശൈലജ (റിട്ട. അസി. മാനേജർ കെഎസ്എഫ്ഇ), കെ മധുകുമാർ ഐആർഎസ് (കസ്റ്റംസ് അസി. കമ്മീഷണർ – കൊച്ചി), തമസ ശ്രീകുമാർ കൊല്ലം, യമുന ലാൽ ചിറ്റാർ, മനോജ്‌, പ്രദീപ്‌. മരുമക്കൾ – പ്രസാദ് ചന്ദ്രൻ, കെ ആർ ജയ, ഡോ. ആർ കെ ശ്രീകുമാർ, പി കെ ലാൽ, വസന കുമാരി.

error: Content is protected !!