വനത്തിലെ തോട്ടിലേക്ക് ലോറിയിൽ എത്തിച്ച് മാലിന്യം തള്ളി

എരുമേലി ∙ പൊന്തൻപുഴ വനത്തിലെ തോട്ടിലേക്ക് ലോറിയിൽ മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സംഭവം. വനമേഖലയിലൂടെയുള്ള പൊന്തൻപുഴ – പ്ലാച്ചേരി റോഡിൽ നിന്ന് വലിയകാവ് ഭാഗത്തേക്കു പോകുന്ന റോഡിന്റെ സമീപത്താണ് മാലിന്യം തള്ളിയത്. ഏതോ കടകളിൽ നിന്നു കൊണ്ടുവന്ന മാലിന്യങ്ങളാണിത്. പ്ലാസ്റ്റിക് കവറുകൾ, സാധനങ്ങൾ പാക്ക് ചെയ്ത് വരുന്ന തെർമോക്കോൾ കവറുകൾ, പേപ്പർ കവറുകൾ തുടങ്ങിയവയാണ് ഇതിൽ അധികവും.

പുനലൂർ – മൂവാറ്റുപുഴ ഹൈവേയിലെ പൊന്തൻപുഴ മുതൽ പ്ലാച്ചേരി വരെയുള്ള സ്ഥലങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. മത്സ്യ, മാംസ അവശിഷ്ടങ്ങളാണ് അധികവും. ചത്ത മൃഗങ്ങളെ വരെ വാഹനങ്ങളിൽ എത്തിച്ച് ഇവിടെ തള്ളുന്നുണ്ട്. വനത്തിലെ റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച മാലിന്യങ്ങളാണ്. വനമേഖലയിൽ കൂടി കടന്നു പോകുന്ന വാഹനയാത്രക്കാർക്കു കൂടി ബുദ്ധിമുട്ടാകുന്ന വിധം രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. വനം വകുപ്പ് അധികൃതർ രാത്രികാല നിരീക്ഷണങ്ങളും കർശന നടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകനായ വി.കെ.സതീഷ് ആവശ്യപ്പെട്ടു.

error: Content is protected !!