പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ ഗ്രാമീണ റോഡുകൾ നിർദേശിക്കുവാൻ പൊതുജനങ്ങൾക്ക് അവസരം : ആന്റോ ആന്റണി എം. പി .
കാഞ്ഞിരപ്പള്ളി ∙ കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന ( പിഎംജിഎസ്‌വൈ ) പ്രകാരം ഗ്രാമീണ റോഡുകൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും 15നു മുൻപായി പദ്ധതിയുടെ പേരുകളും വിവരങ്ങളും ത്രിതല പഞ്ചായത്ത് പ്രതിനിധികൾ നിർദേശിക്കണമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ വെട്ടാനും, ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനുമാണ് മുൻഗണന.
റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും, വീതി 6 മീറ്ററും ഉണ്ടാകണം. സൗജന്യമായി സ്ഥലം വിട്ടുകൊടുത്താൽ റോഡുകൾ ഇല്ലാത്ത ഏത് ജനവാസ കേന്ദ്രങ്ങളിലേക്കും പുതുതായി റോഡുകൾ നിർമിക്കാം. റോഡുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പഞ്ചായത്തുകൾ ഏറ്റെടുത്ത് ഫ്രീ സറണ്ടർ ചെയ്ത് ജില്ലാതല കാര്യാലയങ്ങളിലേക്കു കൈമാറണം. മൊബൈൽ ആപ്ലിക്കേഷനിലൂടെ റോഡുകളുടെ അലൈൻമെന്റ് സർവേ നടത്തും.
റോഡുകളുടെ പേര്, റോഡുകൾ സ്ഥിതി ചെയ്യുന്ന വാർഡ് നമ്പർ, റോഡുകളുടെ നീളം, വീതി, വീടുകളുടെ എണ്ണം, ബന്ധപ്പെടേണ്ട ജനപ്രതിനിധികളുടെ പേര്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തിയ വിവരങ്ങൾ ആന്റോ ആന്റണി എംപിയുടെ ഇമെയിലിലേക്കു അയയ്ക്കാം. ( mppathanamthitta@gmail.com ). അപേക്ഷകൾ പിഎംജിഎസ്‌വൈ ജില്ലാതല കാര്യാലയങ്ങളിലേക്ക് കൈമാറും. നിർദിഷ്ട റോഡുകളുടെ അലൈൻമെന്റും മറ്റു വിവരങ്ങളും കേന്ദ്രസർക്കാർ സാറ്റലൈറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിച്ച് പ്രോജക്ട് തയാറാക്കുന്നതിന് അന്തിമ അനുമതി നൽകും. ഇനിയും വിവരങ്ങൾ ലഭ്യമാക്കാത്ത ഗ്രാമ/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഉടൻ വിവരങ്ങൾ സമർപ്പിക്കണമെന്നും ആന്റോ ആന്റണി എംപി അറിയിച്ചു.