ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ടുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിക്ക് സമീപം റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണു. റോഡിന്റെ മുകള്‍ വശത്തെ വലരി തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. പാറക്കല്ലിന് എട്ടടിയോളം ഉയരമുണ്ട്. സംഭവസമയത്ത് റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ 11 മണിയോടെ പാറക്കല്ല് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വെള്ളമൊഴുക്കില്‍ അടിയിലെ മണ്ണ് ഇളകി കല്ല് ഉരുണ്ടെത്തിയതാകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പറഞ്ഞു.

error: Content is protected !!