അനധികൃതമായി പ്രവർത്തിച്ചിരുന്ന, പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്ന ഗോഡൗൺ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുവാൻ കുട്ടികളും..
പൊൻകുന്നം / ചേപ്പുംപാറ : അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗോഡൗൺ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. ചിറക്കടവ് പഞ്ചായത്തിലെ ചേപ്പുംപാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ അടച്ചു പൂട്ടണമെന്നു നിർദേശിച്ചാണ് പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര നോട്ടിസ് നൽകിയത്.
പഞ്ചായത്തിന്റെയോ മറ്റു നിയമപരമായ യാതൊരു അനുമതിയോ പെർമിറ്റോ ഇല്ലാതെയാണ് ഗോഡൗണിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ കണ്ടെത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ലീനാ കൃഷ്ണകുമാർ, അമ്പിളി ശിവദാസ്, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
നാട്ടുകാരുടെ പരാതിയെ തുടർന്നു പഞ്ചായത്ത് അധികൃതർ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ സ്ഥലത്തു നിന്നും മാറ്റണമെന്നും അധികൃതർ നിർദേശിച്ചു. ഗോഡൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കുന്നതിനായി കുട്ടികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളി കുടുംബം ജോലി ചെയ്യുന്നതായും കണ്ടെത്തി.