തീർത്ഥാടകരുടെ വേഷത്തിൽ എരുമേലിയിൽ മോഷണം നടത്തിയ മൂവർ സംഘം പിടിയിൽ.

എരുമേലി : ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ പോലിസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

എരുമേലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് മോഷണങ്ങളിലായി അയ്യപ്പഭക്തരിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപയോളം ഇവർ അപഹരിച്ചതായാണ് വിവരം. ബുധനാഴ്ച ഇവരെ എരുമേലി ടൗൺ, വലിയമ്പലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളിൽ രണ്ട് പേർ തമിഴ്നാട് ഡിണ്ടിഗൽ, തേനി സ്വദേശികളും ഒരാൾ ഇടുക്കി റോസാപ്പൂക്കണ്ടം സ്വദേശിയുമാണ്.

വലിയമ്പല കുളിക്കടവിൽ ഭക്തർ കുളിക്കുന്നതിനിടെ രണ്ട് തവണ നടന്ന മോഷണങ്ങളിലാണ് ഒന്നേകാൽ ലക്ഷം അപഹരിക്കപ്പെട്ടത്. 52 ഓളം നിരീക്ഷണ ക്യാമറകളും രാത്രിയിലും പകലും ഉൾപ്പടെ സദാസമയവും പോലിസ് നിരീക്ഷണവുമുണ്ടായിട്ടും മോഷണം നടന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പിടിയിലായവരുടെ വീടുകളിൽ എത്തി പോലിസ് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവർ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ഇവരിൽ ഒരാൾ മുമ്പ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും ഇയാളുടെ ചിത്രം എരുമേലി ടൗണിൽ വിവിധ മോഷ്ടാക്കളുടെ ചിത്രങ്ങൾക്കൊപ്പം മുന്നറിയിപ്പായി പ്രദർശിപ്പിച്ചിട്ടുള്ളതാണെന്നും പോലിസ് പറഞ്ഞു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തു വിടുമെന്ന് പോലിസ് പറഞ്ഞു. മോഷണ സംഭവത്തിൽ സിസി ക്യാമറയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് പോലിസ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി എം. അനില്‍കുമാര്‍, എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി.ജി, അബ്ദുള്‍ അസീസ്, സി.പി.ഓ മാരായ വിനീത്, അനീഷ് കെ.എന്‍, അന്‍സു പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

error: Content is protected !!