എരുമേലിയിൽ വൈസ് പ്രസിഡന്റും ഇടതിന് .. സിപിഎം അംഗം വി ഐ അജി എരുമേലി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്

എരുമേലി : ഏതാനും നാളുകൾ മുൻപുവരെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന യുഡിഎഫിന് രണ്ട് സ്ഥാനങ്ങളും നഷ്ടമായി . പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎം അംഗം വി ഐ അജി വിജയിച്ചു. അജി 12 വോട്ടും കോൺഗ്രസ്‌ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര അംഗം ഇ ജെ ബിനോയ്‌ 10 വോട്ടും നേടി. കോൺഗ്രസ്‌ അംഗങ്ങളിൽ പൊരിയന്മല വാർഡ് അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണുമായ ലിസി സജിയുടെ വോട്ട് അസാധുവായി.

ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള കോളത്തിൽ ഗുണന ചിഹ്നം നൽകിയതിനൊപ്പം സ്വന്തം പേര് എഴുതിയതാണ് വോട്ട് അസാധുവായതെന്ന് വരണാധികാരി അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11 ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് വരണാധികാരി സഹകരണ സംഘം അസി. രജിസ്ത്രാർ ഷമീർ വി മുഹമ്മദ്‌, ബിഡിഒ എസ് ഫൈസൽ എന്നിവർ നേതൃത്വം നൽകി.

ശ്രീനിപുരം വാർഡ് അംഗവും സിപിഎം എരുമേലി ലോക്കൽ കമ്മറ്റി സെക്രട്ടറിയുമാണ് വി ഐ അജി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഉൾപ്പടെ നേടി ഭരണത്തിലായിരുന്ന കോൺഗ്രസ്‌ മുന്നണിയിൽ നിന്നും കഴിഞ്ഞയിടെയാണ് പ്രസിഡന്റ് സ്ഥാനം അട്ടിമറിയിലൂടെ ഇടതുപക്ഷത്തിനായത്. പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ മുൻ ധാരണ പ്രകാരം ജിജിമോൾ സജി രാജി വെച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ്‌ അംഗം മറിയാമ്മ സണ്ണി ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. 11 അംഗങ്ങൾ ഉണ്ടായിരുന്ന ഇടതുപക്ഷത്ത് മറിയാമ്മ സണ്ണി കൂടി ചേർന്നതോടെ അംഗബലം ഭൂരിപക്ഷമായ 12 ആയി വർധിച്ചു. കോൺഗ്രസ്‌ പിന്തുണയിൽ വൈസ് പ്രസിഡന്റായിരുന്ന തുമരംപാറ വാർഡ് അംഗം ഇ ജെ ബിനോയിയെ ഇതോടെയാണ് ഇക്കഴിഞ്ഞ 14 ന് ഇടതുപക്ഷ അംഗങ്ങൾ അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയത്. ഇതേ തുടർന്നാണ് തിങ്കളാഴ്ച വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. വി ഐ അജിയ്ക്ക് പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ വെച്ച് പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ മാലായിട്ടു സ്വീകരിച്ചു.

error: Content is protected !!