കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന് നാശനഷ്ടം
പൊൻകുന്നം: ടൗണിൽ പൊൻകുന്നം മൂഹിയിദ്ദീൻ ജുമാ മസ്ജിദിന് സമീപം സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന് നാശനഷ്ടം. കെ.ആർ.മൻസിൽ എം.ഹിദായത്തുള്ളയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഞായറാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ തകർന്നത്.
സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മുറിയുടെ ഭാഗവും പില്ലറും തകർന്നു.ഇവിടെ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ
ഉൾപ്പെടെ നശിച്ചു. വീടിന്റെ അടിയിലെ മണ്ണ് ഇടിഞ്ഞ് താഴേയ്ക്ക് വീണിരിക്കുകയാണ്. സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിഞ്ഞ് വീണത് സമീപത്തെ വീടിന് മുൻവശത്താണ്. ഈ വീടിനും കേട് പാട് സംഭവിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് രണ്ട് വീട്ടിലേയും ആളുകളെ മാറ്റി പാർപ്പിച്ചു.ഏകദേശം ആറ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.