ആലപ്പുഴ അപകടത്തിൽ മരണപ്പെട്ട ദേവാനന്ദന്‍ SAPS ന്റെ അഭിമാനതാരം .. വിങ്ങിപ്പൊട്ടി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ ..
കാഞ്ഞിരപ്പള്ളി : ഇക്കഴിഞ്ഞ ദേശീയ NEET പരീക്ഷയിൽ കേരള റാങ്ക് 745 , CBSE പരീക്ഷയിൽ 500 ൽ 484 മാർക്ക്, കെമിസ്ട്രിയ്ക്ക് നൂറിൽ നൂറ് മാർക്ക് .. ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ മിടുക്കരിൽ മിടുമിടുക്കനായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദന്‍ (19). ദേവാനന്ദന്റെ സഹോദരൻ ദേവദത്തും ആനക്കല്ല് SAPS ൽ മുൻപ് പഠിച്ചതാണ് . ദേശീയ NEET പരീക്ഷയിൽ കേരളത്തിലെ ഏഴാം റാങ്ക് കരസ്ഥമാക്കി, നിലവിൽ JIPMER -ൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ദേവദത്ത്.
അഞ്ചുവര്‍ഷത്തിനപ്പുറം മികച്ച ഡോക്ടര്‍മാരായി ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജില്‍നിന്ന് പടിയിറങ്ങേണ്ടിയിരുന്ന ദേവാനന്ദനും മറ്റ് നാല് സുഹൃത്തുക്കളും ഒരു നിമിഷത്തെ അശ്രദ്ധയിൽ ദാരുണമരണം ഏറ്റുവാങ്ങേണ്ടിവന്നു . കോട്ടയം മറ്റക്കര സ്വദേശികളായ ദേവാനന്ദന്റെ മാതാപിതാക്കൾ , ജോലി സംബന്ധമായ ആവശ്യത്തിനാണ് അടുത്തകാലത്ത് മലപ്പുറത്തേക്ക് താമസം മാറിയത്. ദേവാനന്ദന്റെ അച്ഛൻ ബിനുരാജ് അധ്യാപകനാണ് . അമ്മ സെയിൽടാക്സ് ഓഫിസർ ആണ് . പഠനത്തിൽ മിടുമിടുക്കനായിരുന്ന ദേവാനന്ദന്‍ , വളരെ സൗമ്യനായ വിദ്യാർത്ഥിയായിരുന്നു. സ്‌കൂളിൽ നിരവധി അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്ന ദേവാനന്ദന്‍ , തന്റെ ജൂനിയെഴ്സിന് പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്ത് അവരെ ഏറെ സഹായിച്ചിരുന്നു. അതിനാൽ തന്നെ , തങ്ങളുടെ പ്രിയപ്പെട്ട ദേവാനന്ദന്റെ അകാലമരണം സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ കുട്ടികളെയും അധ്യാപകരെയും ഏറെ വേദനപ്പെടുത്തി.
ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ ആലപ്പുഴ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ബാക്കിയുള്ളവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ് . കാര്യമായ പരിക്കില്ലാത്തത് ഒരാൾക്ക് മാത്രം എന്നാണ് അറിയുവാൻ കഴിഞ്ഞത് .
പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണ് മരണപ്പെട്ട മറ്റുള്ളവർ
ഹോസ്റ്റലിൽ നിന്നും കൂട്ടുകാർ ഒരുമിച്ചു സിനിമയ്ക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ദേവനന്ദ് ഇന്നലെ സിനിമയ്ക്കായി പോകുന്നതിനു മുൻപ് അമ്മയെ വിളിച്ചിരുന്നു. നല്ല മഴയായതിനാൽ പിന്നീട് പോകാമെന്ന് അമ്മ പറഞ്ഞിരുന്നു. കൂട്ടുകാർ പോകുന്നതിനാൽ കൂടെ പോകുന്നു എന്നാണ് ദേവനന്ദൻ പറഞ്ഞത്. സിനിമ കാണാൻ കൂട്ടുകാരുമായുള്ള കാർ യാത്ര അവസാന യാത്രയായി.