പി. സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ, സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ്, തിങ്കളാഴ്ച ഹാജരാകാമെന്നു പി സി ജോർജ്
∙മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി.ജോർജ് തിങ്കളാഴ്ച പൊലീസിനു മുന്നിൽ ഹാജരാകും. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പി.സി. ജോർജ് പൊലീസിന് അഭിഭാഷകൻ വഴി അപേക്ഷ നൽകി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ശനിയാഴ്ച രണ്ടു തവണ പൊലീസ് വീട്ടിൽ എത്തിയിട്ടും ജോർജ് നോട്ടിസ് കൈപ്പറ്റിയിരുന്നില്ല.
ജനുവരി അഞ്ചിന് ടെലിവിഷൻ ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസാണു കേസെടുത്തത്. കോട്ടയം സെഷൻസ് കോടതി മുൻകൂർ ജാമ്യഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അവിടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെ അറസ്റ് അനിവാര്യമായിരിക്കുകയാണ് . തിങ്കളാഴ്ച പി സി ജോർജിനെ അറസ്റ്റ് ചെയ്തേക്കും .
ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു ജോർജിന്റെ വാദം. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. പി.സി. ജോര്‍ജ് കോടതികളുടെ ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വാക്കാല്‍ പറഞ്ഞു.
പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ലെന്നും കോടതി പറഞ്ഞു.