ചേട്ടന് പിന്നാലെ അനുജനും മരിച്ചു : ചേട്ടന്റെ മരണവാർത്ത അറിയിക്കുവാൻ അനിയനെ വിളിച്ചപ്പോൾ അറിയുന്നത് അനിയന്റെ മരണവാർത്ത ..
എരുമേലി : ആന്ധ്രാപ്രദേശിലുള്ള ചേട്ടൻ മരണപ്പെട്ട വിവരം സ്ഥലത്തില്ലാതിരുന്ന അനുജനെ അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫ്. ഒടുവിൽ സമൂഹ മാധ്യമങ്ങൾ വഴി അനുജന്റെ ഫോട്ടോ സഹിതം നൽകി എത്രയും വേഗം നാട്ടിൽ എത്തണമെന്ന് അറിയിപ്പ് നൽകിയതോടെ അനുജൻ കായംകുളത്ത് ഒരു കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നതായി പോലിസ് മുഖേനെ വിവരം ലഭിച്ചു. ചേട്ടന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കാനിരിക്കെ ഒപ്പം അനുജ മൃന്റെ തദേഹവും സംസ്ക്കരിക്കാനുള്ള ഒരുക്കത്തിലാണ് ദുഃഖാർത്തരായ ബന്ധുക്കൾ.
എരുമേലി നെടുങ്കാവുവയൽ ചാത്തനാംകുഴി വീട്ടിൽ മുൻ പഞ്ചായത്ത് അംഗം സി ആർ ജാനകിയുടെ മകൻ മധു (51) ആണ് ആന്ധ്രാപ്രദേശിൽ ജോലി സ്ഥലത്തു വെച്ച് രോഗത്തെ തുടർന്ന് മരണപ്പെട്ടത്. അനുജൻ സന്തോഷ് കുമാർ (കൊച്ചുമോൻ – 48) ആണ് ഇന്നലെ കായംകുളത്ത് കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം മധുവിന്റെ മൃതദേഹം നെടുങ്കാവുവയലിൽ വീട്ടിൽ എത്തിച്ചു. അനുജൻ സന്തോഷ് കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിക്കും. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ നെടുങ്കാവുവയൽ പിആർഡിഎസ് ശ്മശാനത്തിൽ സംസ്‌ക്കരിക്കും. മണി ആണ് മധുവിന്റെ ഭാര്യ. മകൻ ആകാശ്. സന്തോഷ് കുമാറിന്റെ ഭാര്യ ബീന. മക്കൾ – ആദർശ്, ആദ്രി.