KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

67 വർഷങ്ങൾക്ക് മുൻപ് പിതാവ് മുൻകൈയെടുത്ത് പണിത പാലം , മകൻ മുൻകൈയെടുത്ത് പുനർ നിർമ്മിക്കുന്നു.. ബ്ലോക്ക് മെമ്പർ ജോളി മടുക്കക്കുഴിക്ക് ഇത് അഭിമാന നിമിഷം ..

കാഞ്ഞിരപ്പള്ളി: ആനക്കല്ല് കോഴികൊത്തിപ്പാലം പൊളിച്ച് നീക്കി വീതി കൂട്ടി പുതിയ പാലം പണിയുന്നതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. നിർവഹിച്ചപ്പോൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിക്ക് അത് അഭിമാന നിമിഷം . പിതാവ് ടുക്കക്കുഴി എം.ജെ. ഫ്രാന്‍സിസ് മുൻകൈയെടുത്ത് നിർമ്മിച്ച പാലം, 67 വർഷങ്ങൾക്ക് ശേഷം മകൻ ജോളി മടുക്കക്കുഴി മുൻകൈയെടുത്ത് പുനർനിർമ്മാണം നടത്തുമ്പോൾ, അത് വേറിട്ട കാഴ്ചയായി ..

കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ നിന്ന്, ആനക്കല്ല് തോടിന് കുറുകെ എറികാട് ഭാഗത്തേക്ക് പോകുന്നതിനായി 1958-ലാണ് ഈ പാലം നിര്‍മിക്കുന്നത്. പഞ്ചായത്തില്‍ നിന്ന് ഫണ്ട് അനുവദിച്ച് നിര്‍മിച്ച പാലത്തിന്റെ നിര്‍മാണം പാതിവഴിയിലായതോടെ അന്നത്തെ പ്രധാന സാമൂഹീക പ്രവര്‍ത്തകനായ മടുക്കക്കുഴി എം.ജെ. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പണം കണ്ടെത്തിയാണ് പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 67 വര്‍ഷത്തിന് ശേഷം പുതിയ പാലം നിര്‍മിക്കുന്നതിനായി, എം.ജെ. ഫ്രാന്‍സിസിന്റെ മകനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ ബിജു ചക്കാല, വി.എന്‍. രാജേഷ് എന്നിവരുടെ ആവശ്യപ്രകാരമാണ് പുതിയ പാലത്തിന് എംഎൽഎ ഫണ്ട് അനുവദിച്ച് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവ: ചീഫ് വിപ്പുമായ ഡോ. എന്‍. ജയരാജിന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച 32.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. ആറ് മീറ്റര്‍ വീതിയിലും ഒന്‍പത് മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. . രണ്ടരമാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഈ റോഡിലൂടെയുള്ള വാഹ നഗതാഗതം പൂർണമായും നിരോധിച്ചു. എന്നാൽ കാല്‍നടയാത്രക്കാര്‍ക്കായി താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ട് .

error: Content is protected !!