സഹപ്രവർത്തകന് കരുതലുമായി..പൊൻകുന്നത്തെ ഓട്ടോറിക്ഷ ജീവനക്കാർ.
പൊൻകുന്നം : ഇരുവൃക്കകളും തകരാറിലായി വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന തോണിപ്പാറ കുന്നുംപുറത്ത് ടി.കെ.ബിനു(42)വിനെ സഹായിക്കാനായി സ്‌നേഹയാത്ര നടത്തി സഹപ്രവർത്തകർ. യുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു.
വൃക്ക നൽകാൻ ഭാര്യ സുനിതാമോൾ തയ്യാറായെങ്കിലും പരിശോധനയിൽ സുനിതയും വൃക്കരോഗിയാണെന്ന് കണ്ടെത്തി.ഇതോടെ പണം കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സ സഹായ സമിതി രൂപികരിച്ചു.സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു.ഇതിന്റെ തുടർച്ചയായിട്ടാണ് സഹപ്രവർത്തകരുടെ വക കരുതൽ.
ഡ്രൈവർമാർ ഇവരുടെ ഒരു ദിവസത്തെ വരുമാനവും, വാഹനത്തിൽ കുടുക്ക വച്ചുമാണ് തുക കണ്ടെത്തിയത്.200 ഓളം വണ്ടികൾ സ്‌നേഹ യാത്രയിൽ പങ്ക് ചേർന്നു.ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്.
1,40,000 രൂപയാണ് സമാഹരിച്ചത്.പൊൻകുന്നം എസ്.ഐ അനിൽ കുമാർ ഫണ്ട് കൈമാറി. സഹായ സമിതി ചെയർമാൻ ബി.രവീന്ദ്രൻ നായർ, കൺവീനർ ഷാക്കി സജീവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ, പി.എസ്.സലാഹുദ്ദീൻ,കെ.എം.ദിലീപ്,ടോമി ഡൊമിനിക്,കെ.സന്തോഷ്,കെ.ജി.മനോജ്, രാധാകൃഷ്ണൻ,ജഗദീഷ്, കെ.എസ്.സാബു,റജീഫ്, വിനീഷ് ലാൽ എന്നിവർ പങ്കെടുത്തു.