കുട്ടിക്കാനം മരിയന്‍ കോളേജിൽ ലഹരിക്കെതിരെ ‘വെളിച്ചം 2025’
കാഞ്ഞിരപ്പളളി: ലഹരി ജീവിതത്തെ പിടിമുറുക്കുന്ന ഇക്കാലത്ത് ജീവിതം ലഹരിയാക്കണമെന്നും നന്മകളിൽ ഹരം കണ്ടെത്തേണ്ടത് നിലനില്പിന്റെ ആവശ്യമാണെന്നും കർണ്ണാടക ഹൈക്കോടതി അഡ്വക്കേറ്റ് ജിജിൽ ജോസഫ് പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റെ ആഭിമുഖ്യത്തിൽ പിതൃവേദിയുടെയും മാതൃവേദിയുടെയും സഹകരണത്തോടെ ലഹരിവിമുക്ത സമൂഹത്തെ രൂപീകരിക്കുവാനും ലഹരിയുടെ പിടിയില്‍ വീണുപോയവരെ എഴുന്നേൽപ്പിക്കുവാനുമായി ‘വെളിച്ചം 2025’ എന്ന പേരിൽ കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് നടത്തപ്പെട്ട സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരികൾക്കിടയിൽ ജനറേഷൻ വ്യത്യാസം ഇല്ല. അതുകൊണ്ട് തന്നെ മദ്യവും മയക്കുമരുന്നും ഒരുപോലെ നിരോധിക്കപ്പെടേണ്ടത് ലഹരി വിമുക്ത സമൂഹത്തിന് ആത്യാവശ്യമാണ്. ജീവിതത്തിൽ സന്തോഷം കണ്ടെത്താന്‍ രാസ, സാങ്കേതിക തലങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നത് സാമൂഹിക ഘടനയക്ക് ഭൂഷണമല്ല. കുടുംബത്തിലും സമൂഹത്തിലും സന്തോഷം കണ്ടെത്താൻ മനുഷ്യർ ജീവിത നൈപുണ്യങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിക്കണം. സമൂഹത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഇടപെടലുകളിൽ നിന്നും അപ്രത്യക്ഷരാകുന്ന പുതിയ തലമുറ, കൂട്ടായ്മകളിലേക്കും ബന്ധനങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്കും മടങ്ങിവരണം. നേരമ്പോക്കുകൾക്ക് പകരം ഇഷ്ട വിനോദങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷങ്ങളിലും അവർക്ക് ജീവിക്കാൻ സാധിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഫാമിലി അപ്പസ്റ്റോലേറ്റ് രൂപത ഡയറക്ടർ ഫാ.മാത്യു ഓലിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ സെമിനാർ പീരുമേട് ഡിവൈഎസ്പി വിശാൽ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി രൂപതാ പ്രസിഡന്റ് ജിജി ജേക്കബ്, ആനിമേറ്റർ സി. ജ്യോതി മരിയ സി.എസ്.എൻ എന്നിവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫാ. തോമസ് ചിന്താർമണിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിത്യവേദി പ്രസിഡന്റ് സാജു കൊച്ചുവീട്ടിൽ യോഗത്തിന് സ്വാഗതവും മാത്യവേദി എക്‌സിക്യൂട്ടീവ് അംഗം ബിൻസി ജോസി നന്ദിയും അറിയിച്ചു. രൂപതയിലെ 13 ഫൊറോനകളിൽ നിന്നുമുള്ള അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.