മാർ ഫ്രാൻസിസ് പാപ്പാ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ ശനിയാഴ്ച പ്രാർത്ഥനാദിനം ; രൂപതയിലെ എല്ലാ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

കാഞ്ഞിരപ്പള്ളി: മാർ ഫ്രാൻസിസ് പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ നടത്തപ്പെടുന്ന (ഏപ്രിൽ 26 ശനി) കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർദേശം നല്കി. രൂപതയിലെ എല്ലാ ഇടവകകളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് പരിശുദ്ധ കുർബാന അർപ്പിക്കുകയും ഒപ്പീസ് നടത്തുകയും ചെയ്യുന്നതാണ്. യാമ ശുശ്രൂഷകളിലുൾപ്പെടെ കുടുംബ നമസ്കാരങ്ങളിൽ പരിശുദ്ധ പിതാവിനെ പ്രത്യേകം സ്മരിക്കും.

രൂപതയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടത്തപ്പെടുന്നതാണ്.പരിശുദ്ധ പിതാവിന്റെ കബറടക്ക ശുശ്രൂഷയിൽ ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളിലൂടെ ആത്മനാ പങ്കുചേരുന്നതിനും നിർദേശം നല്കിയിട്ടുണ്ട്.

പ്രാർത്ഥനാദിനങ്ങളായാചരിക്കുന്ന 9 ദിവസങ്ങളിലും രൂപതയിലെ ഇടവകകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കേണ്ടതാണ്. മുൻകൂട്ടി നിശ്ചയിച്ച തിരുനാളുകളും പ്രത്യേക പ്രാധാന്യമുള്ള പരിപാടികളും മാറ്റി വയ്ക്കാനാവാത്ത സാഹചര്യമാണെങ്കിൽ മാത്രം പരിശുദ്ധ പിതാവിനെ അനുസ്മരിച്ചും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചും ആഘോഷങ്ങൾ ഒഴിവാക്കി നടത്താവുന്നതാണെന്ന് രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

error: Content is protected !!