ആർദ്രതയുള്ള വലിയ ഇടയൻ യാത്രയായി : മാർ ജോസ് പുളിക്കൽ ; സ്നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി : ഊഷ്മളമായ സ്‌നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ എനിക്ക് കാണാനിടയായതെന്നും, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു പരിശുദ്ധ പിതാവെന്നും ബിഷപ്പ് മാർ ജോസ് പുളിക്കൽ. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്‌നേഹിയും, ആഗോളകത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ നേര്‍ദിശയില്‍ നയിച്ച വ്യക്തിയുമാണ് ഫ്രാൻസിസ് പാപ്പ എന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. മുഖം നോക്കാതെ നിലപാടുകള്‍ തുറന്നുപറയുകയും ആഗോള സാഹോദര്യത്തിന്റെ അപ്പസ്‌തോലനായി നിലകൊള്ളുകയും ചെയ്തു. വന്ദ്യപിതാവിന്റെ വേര്‍പാടില്‍ അനുശോചിക്കുകയും കാഞ്ഞിരപ്പള്ളി രൂപതാക്കൂട്ടായ്മ ഒന്നാകെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പരിശുദ്ധ കുർബാനയിലും യാമ നമസ്കാരങ്ങളിലുമുൾപ്പെടെയുള്ള കുടുംബ പ്രാർത്ഥനകളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് പ്രാർത്ഥിക്കേണ്ടതാണന്ന് അദ്ദേഹം അറിയിച്ചു..
സ്നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി : സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായൊപ്പമുള്ള ഓരോ കൂടിക്കാഴ്ചയുമെന്ന് ബിഷപ്പ് മാർ മാത്യു അറക്കൽ. ഇന്നത്തെ ലോകത്തിന് ഒരു കാവലാളും തിരുത്തല്‍ ശക്തിയുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. അനാഥരെയും അഗതികളെയും അഭയാര്‍ഥികളെയും യുദ്ധത്തിന്റെ ഇരകളെയുമൊക്കെ വലിയ കാരുണ്യത്തോടെ നോക്കിക്കാണുകയും എക്കാലവും പാവങ്ങളുടെ പക്ഷം ചേരുകയും ചെയ്ത പിതാവ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ അതേ ചൈതന്യത്തിലാണ് വ്യാപരിച്ചത്. ജനമനസുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എക്കാലവും ജ്വലിക്കുന്ന ഓര്‍മായി നിലകൊള്ളുമെന്ന് മാർ മാത്യൂ അറയ്ക്കൻ അനുസ്മരിച്ചു.