കെ. രാജേഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകി സ്വാതന്ത്ര്യസമരസേനാനി രവീന്ദ്രൻ വൈദ്യർ.
മുണ്ടക്കയം: കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. രാജേഷിന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കുന്നതിനുള്ള തുക നൽകിയത് സ്വാതന്ത്ര്യസമരസേനാനി രവീന്ദ്രൻ വൈദ്യർ. നൂറ് വയസ്സുള്ള രവീന്ദ്രൻ വൈദ്യർ സ്വാതന്ത്ര്യസേനനികൾക്ക് ലഭിക്കുന്ന തന്റെ പെൻഷൻ തുകയിൽ നിന്ന് കെ രാജേഷിന് കെട്ടി വെക്കാനുള്ള തുക നൽകണം എന്നത് ഒരു ആഗ്രഹമായി അറിയിക്കുകയായിരുന്നു അദ്ദേഹം. ‘രാജേഷ് എന്റെ മകനാണ്, എന്റെ മാത്രമല്ല ഈ നാട്ടിലെ അനേകം സാധാരണക്കാരുടെ കുടുംബാംഗമാണ്. സാധാരണക്കാരന്റെ പുരോഗതിക്കു വേണ്ടി തന്റെ ജീവിതം അർപ്പിച്ച കെ രാജേഷ്, ഇനിയും അത്തരം പ്രവർത്തികൾക്ക് വേണ്ടിയുള്ള പരിശ്രമം നടത്തുമെന്ന ഉറച്ച വിശ്വാസത്തിൽ ആണ് ഞാൻ എന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ തുകയിൽ നിന്നും, രാജേഷിനു തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക നൽകുന്നത്’ രവീന്ദ്രൻ വൈദ്യർ തുക കൈമാറിക്കൊണ്ട് പറഞ്ഞു.
സ്വാതന്ത്ര്യ സമര കാഘട്ടത്തിൽ കൊടിയ പീഡനങ്ങളും ജയിൽവാസവും അനുഭവിച്ച വ്യക്തിത്വമാണ് രവീന്ദ്രൻ വൈദ്യർ. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം മലയോരമേഖലയുടെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു. രണ്ട് തവണ പ്രസിഡന്റിന്റെ ക്ഷണവും ലഭിച്ചിരുന്നു. എസ്എൻഡിപിയുടെ സജീവപ്രവർത്തകനും, ഭാരവാഹിയുമായി അനേക വർഷം പ്രവർത്തിച്ചിരുന്നു. പ്രായാധിക്യം മൂലം ഇപ്പോൾ വിശ്രമത്തിലാണ്.
‘രവീന്ദ്രൻ വൈദ്യരെ പോലെ രാജ്യത്തിനുവേണ്ടി ജീവിതമർപ്പിച്ച വ്യക്തിത്വങ്ങളാൽ പരിഗണിക്കപ്പെടുന്നത്, തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കൂടുതൽ ആവേശവും, ആത്മവിശ്വാസവും നൽകുന്നത് ആണെന്ന്’ കെ രാജേഷ് പ്രതികരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ രാജേഷിന് ഇത് രണ്ടാം അങ്കമാണ്. ആദ്യ തവണ വലിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിഞ്ഞതും, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് ഇക്കുറിയും ആവർത്തിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കെ രാജേഷ് പറഞ്ഞു.
