KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഡ്രൈവറുടെ അശ്രദ്ധ ; കണമല അട്ടിവളവ് ഇറക്കത്തിൽ തീർത്ഥാടക ബസ് മറിഞ്ഞ് അപകടം.

കണമല : പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച്, തെറ്റായ ഗിയറിൽ ഇറക്കത്തിൽ അയ്യപ്പ ഭക്തരുമായി സഞ്ചരിച്ച ബസ്, കുത്തിറക്കത്തിൽ ഡ്രൈവറുടെ നിയന്ത്രണത്തിൽ നിൽക്കാതെ വന്നതോടെ , അടിയന്തിരമായി ബ്രേക്ക്‌ ചവിട്ടിയിട്ട് കിട്ടാതെ റോഡിൽ വട്ടം മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ കണമല അട്ടിവളവിൽ ആണ് അപകടം. ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് റോഡിന്റെ സൈഡിലുള്ള തിട്ടയിലിടിച്ച ശേഷം റോഡിൽ വട്ടം മറിയുകയായിരുന്നു. കർണാടക സ്വദേശികളായ 33 ഭക്തരുമായി ശബരിമല ദർശനത്തിന് പോകുമ്പോൾ ആണ് ബസ് അപകടത്തിൽ പെട്ടത്. നാട്ടുകാരും ശബരിമല പാതയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസും റോഡ് സേഫ് സോൺ ഉദ്യോഗസ്ഥരും ചേർന്ന് ബസിൽ നിന്ന് ഭക്തരെ പുറത്തിറക്കിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

പരിക്കേറ്റവർക്ക് മുക്കൂട്ടുതറ, എരുമേലി ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകി. സാരമായി മൂന്ന് പേർക്ക് പരിക്കേറ്റു . . അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനായത് ക്രയിൻ യുണിറ്റ് ഉപയോഗിച്ച് റോഡിൽ നിന്ന് ബസ് നീക്കിയ ശേഷമാണ്. അതുവരെ ഇടകടത്തി സമാന്തര പാത വഴി ഗതാഗതം തിരിച്ചു വിട്ടു. .

അശ്രദ്ധ അപകടമായി.

അപകടത്തിന് കാരണം ബസിന്റെ ബ്രേക്ക്‌ തകരാർ ആണെന്ന് ഡ്രൈവർ പറഞ്ഞു. എന്നാൽ താഴ്ന്ന ഗിയറിൽ ഇറക്കം സഞ്ചരിച്ചതാണ് ബ്രേക്ക്‌ തകർന്നതെന്ന് ബസിൽ പ്രാഥമിക പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറക്കത്തിൽ വെച്ച് ബസ് തടഞ്ഞു നിർത്തി താഴ്ന്ന ഗിയർ ഉപയോഗിച്ച് ഡ്രൈവ് ചെയ്യരുതെന്ന് എല്ലാ തീർത്ഥാടക വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പോലീസും റോഡ് സേഫ് സോൺ വിഭാഗവും മുന്നറിയിപ്പ് നൽകുന്നുണ്ട്. അപകടത്തിൽ പെട്ട ബസിലെ ഡ്രൈവർക്കും മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അവഗണിച്ചാണ് ബസ് സഞ്ചരിച്ചതെന്നും ഇറക്കത്തിലെ കൊടും വളവായ അട്ടി വളവിൽ വളവ് തിരിയാനായി വേഗത കുറയ്ക്കാൻ തുടർച്ചയായി ബ്രേക്ക്‌ ഉപയോഗിച്ചതോടെ ബ്രേക്ക്‌ തകരാറിലായി ബസ് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് പോലിസ് പറഞ്ഞു.

ഗിയർ ഡൗൺ ചെയ്താൽ അപകടം.

വലിയ വാഹനങ്ങൾ കണമല കയറ്റം കയറാൻ ഉപയോഗിക്കുന്ന അതേ ഗിയർ ആണ് ഇറക്കത്തിലും ഉപയോഗിക്കേണ്ടതെന്ന് മോട്ടോർ വാഹന വകുപ്പ്. ഫസ്റ്റ് ഗിയറിൽ കയറ്റം കയറാൻ സാധിക്കുന്ന വാഹനം ഇതേ ഗിയറിൽ ഇറക്കം സഞ്ചരിച്ചില്ലങ്കിൽ അട്ടി വളവ് ഉൾപ്പടെ ഇറക്കത്തിലെ വളവുകളിൽ ഗതിവേഗം വർധിക്കുമെന്നും വേഗത കുറയ്ക്കാൻ ബ്രേക്ക്‌ ഉപയോഗം കൂടുന്നത് മൂലം സമ്മർദ്ദത്താൽ ബ്രേക്ക്‌ തകരാറിലാകുമെന്നും അപകടങ്ങൾ സംഭവിക്കുന്നത് ഇത് മൂലമാണെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഫസ്റ്റ് ഗിയറിൽ ഇറക്കത്തിൽ സഞ്ചരിച്ചാൽ ബ്രേക്ക്‌ തകരാർ ഉണ്ടായാലും വാഹനം മറിയില്ലന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ബസ് മറിയാൻ കാരണം വേഗത്തിൽ വന്നപ്പോൾ ശക്തമായ ബ്രേക്ക്‌ ഉപയോഗം മൂലം ബ്രേക്ക്‌ സിസ്റ്റം തകർന്നത് കൊണ്ടാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശബരിമല സീസണിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന അതീവ അപകട മേഖലയായ കണമല ഇറക്കത്തിൽ പോലീസും റോഡ് സേഫ് സോൺ വിഭാഗവും വാഹനങ്ങൾ തടഞ്ഞു നിർത്തി മുന്നറിയിപ്പ് നൽകുന്നത് കൂടാതെ വിവിധ ഭാഷകളിലായി നിരവധി മുന്നറിയിപ്പ് ബോർഡുകളും വെച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ച് ഡ്രൈവിംഗ് നടത്തുന്നത് മൂലം അപകടങ്ങൾ വർധിക്കുകയാണ്.

error: Content is protected !!