പൂഞ്ഞാറിന്റെ വികസനത്തിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.
പൂഞ്ഞാറിൽ വികസനമുന്നേറ്റം നടത്തുവാനായി ഇടതുമുന്നണി സ്ഥാനാർത്ഥിയായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മത്സരിക്കുന്നതോടെ നാടെങ്ങും ആവേശത്തിമിർപ്പിലായി.
കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായ കേരളാ കോൺഗ്രസ് എം നേതാവായ, ജനകീയനായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ സീറ്റ് ഇടതു മുന്നണിയിൽ ഉറപ്പിക്കുവാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണ്. ഏറെക്കാലമായി പി സി ജോർജ് കൈവശം വച്ചിരിക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ ശക്തനായ എതിരാളിയെ തന്നെയാണ് ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്.
കേരളാ വിദ്യാർത്ഥി കോൺഗ്രസിലൂടെ 1987-ൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്സ് കോളേജ് യൂണിയൻ ചെയർമാനായാണ് മുഖ്യധാരാ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ ഭൂരിപക്ഷത്തോടെയായിരുന്നു.. നാളിതു വരെ വിവിധ തലങ്ങളിൽ15 തിരഞ്ഞെടുപ്പുകളിൽ പരാജയമറിയാതെ ജയിച്ചു വന്നതും ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും ഉറച്ച പിന്തുണയും കൊണ്ടാണെന്നതിൽ സംശയമില്ല. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സംശുദ്ധവും സുതാര്യവുമായ പൊതുപ്രവർത്തന രീതിയിലൂടെയാണ് ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്.
1990 – മുതൽ കൂവപ്പള്ളി സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗവും കഴിഞ്ഞ 12 വർഷമായി ജനകീയനായ പ്രസിഡണ്ടായും തുടരുന്നു. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായി ലിക്വിഡേഷനിലേക്ക് നീങ്ങിയിരുന്ന ബാങ്കിനെ മികച്ച നേതൃത്വപരമായ ഇടപെടലിലൂടെ ഏ ക്ലാസ് ബാങ്കാക്കി ഉയർത്താൻ കഴിഞ്ഞത് ഓഹരിയുടമകൾക്ക് മറ്റൊരു പ്രസിഡണ്ടിനെ പറ്റി ചിന്തിക്കാൻ പിന്നീട് അവസരമില്ലാതാക്കി.. ഇപ്പോൾ ഈ സഹകരണ ബാങ്ക് 25 ശതമാനം ലാഭവിഹിതമാണ് ഓഹരിയുടമകൾക്ക് നല്കുന്നത്.
1995 മുതൽ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയാക്ടർ ബോർഡ് അംഗമാണ്. എം.ഡി. എസിന്റെ കർഷകർക്ക് ഉപകാരപ്രദമായ പല പദ്ധതികൾക്ക് പിന്നിലും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പങ്കും എടുത്തുപറയത്തക്കതാണ്.
രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ പലരും പഠിച്ചിറങ്ങിയ കാഞ്ഞിരപ്പളി സെന്റ് ഡോമനിക്സ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ടെന്ന നിലയിൽ കഴിഞ്ഞ 15 വർഷമായി മികച്ച നേതൃത്വം നല്കുന്നു. കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട, കാഞ്ഞിരപ്പള്ളി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഭരണ സമിതിയംഗം, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നത് അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കലെന്ന പൊതുപ്രവർത്തകന്റെ നേട്ടങ്ങളാണ്.
2005 ലും 2015 ലും കോട്ടയം ജില്ലാ പഞ്ചായത്തംഗമായി കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ കേരളം ശ്രദ്ധിച്ച നേട്ടങ്ങൾ കൈവരിക്കാനിടയാക്കി. ജില്ലയിൽ കാഞ്ഞിരപ്പള്ളി ഡിവിഷനെ വികസനരംഗത്ത് ഒന്നാമതെത്തിക്കാൻ കഴിഞ്ഞത് കൃത്യമായ ഇടപെടലുകളിലൂടെയുള്ള അക്ഷീണ പരിശ്രമങ്ങളാലാണ്.
2005-10 കാലയളവിൽ 5 കോടി രൂപയുടേയും 2015-20 കാലയളവിൽ 14 കോടി രൂപയുടേയും വികസന പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നടത്താനായെന്നത് അഭിമാനത്തോടെ പറയാനാവും.
ഒന്നര വർഷം മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിക്കാൻ കഴിഞ്ഞതെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നത് കോട്ടയം ജില്ലയിലായിരുന്നുവെന്നത് ജില്ലാ ഭരണകൂടവുമായി ചേർന്നുള്ള മികച്ച ടീം വർക്കിന്റെ ഫലമായിരുന്നു. സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ വെള്ളപ്പൊക്ക സമയത്തും കോവി ഡ് മഹാമാരിയിലും ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിലും പ്രശംസനീയമായ നേതൃത്വം നല്കാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയിൽ സാധിച്ചുവെന്നത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ്. വിവാദങ്ങൾക്ക് പുറകെ പോയി മാധ്യമ ശ്രദ്ധ നേടുന്നതിലും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന പൊതുപ്രവർത്തകൻ ശ്രദ്ധിച്ചത് വികസന പ്രവർത്തനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കോവിഡ് രോഗവ്യാപന നിയന്ത്രണങ്ങളിലുമാണ്.
കാഞ്ഞിരപ്പള്ളി ഡിവിഷനിൽ കോടികളുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഏറെ ചാരിതാർത്ഥ്യം ലഭിച്ചത് തലച്ചുമടായി വീടുകളിൽ കുടിവെള്ളമെത്തിച്ചിരുന്ന 7 മുതൽ 12 വരെ വാർഡുകളിലെ 4000 ഓളം കുടുംബങ്ങൾക്ക് ഉപകാരപ്രദമായ കുടിവെള്ള പദ്ധതി നടപ്പാക്കാനായതിലാണെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടുന്നു. പാറക്കടവ്, കൊടുവന്താനം, നാച്ചി കോളനി, പത്തേക്കർ , പൂതക്കുഴി പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനാണ് നിരന്തര ശ്രമങ്ങളിലൂടെ പരിഹാരം കാണാനായത്. പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തുള്ള പൊതു ശ്മശാനം നവീകരിക്കുകയെന്നത്. 37 ലക്ഷം രൂപ മുടക്കി പൊതു ശ്മശാനം നവീകരിക്കാനായത് പൊതുപ്രവർകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും അഭിമാനം നല്കുന്ന കാര്യമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. സാമ്പത്തീകമായും സാമൂഹ്യമായും പിന്നാക്കം നില്ക്കുന്നവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നല്കുകന്നതിന് മാനവസേവയെന്ന മാധവസേവയുടെ ഭാഗമായി ശ്രദ്ധിക്കാറുണ്ടെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ സൂചിപ്പിച്ചു.
ലക്ഷങ്ങൾ ചികിത്സാച്ചിലവ് വഹിക്കാൻ കഴിയാതെ ദുരിതത്തിൽപെടുന്ന നിർധന രോഗികളെ സഹായിക്കാനും ധനസമാഹരണത്തിനും ചികിത്സയ്ക്കും നേതൃപരമായ പങ്ക് വഹിക്കാനും കഴിയുന്നത് സംതൃപ്തി നല്കുന്ന കാര്യമാണ്. ചങ്ങനാശേരി രൂപതയിലെ ഫാ.സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിലുള്ള പ്രത്യാശ ടീം നാല് നിർധന രോഗികൾക്ക് അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ധനസമാഹരണത്തിന് സമീപിച്ചപ്പോൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നിന്നും 75 ലക്ഷം രൂപയും പാറത്തോട് പഞ്ചായത്തിൽ നിന്നും 62 ലക്ഷം രൂപയും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച് നല്കുന്നതിന് നേതൃത്വം നല്കാൻ കഴിഞ്ഞത് ഏറെ സന്തോഷത്തോടെയാണ് ഓർക്കുന്നത്.
രാഷ്ട്രീയ പ്രവർതനത്തിന്റെ ഭാഗമായി സാമൂഹ്യ സേവന– ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ലക്ഷ്യം വച്ച് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ കെയർ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കർഷകക്ഷേമ പ്രവർത്തനങ്ങൾക്കായി ഓൺലൈൻ കാർഷിക വിപണിയും ഒപ്പം യുവാക്കൾക്ക് അവസരങ്ങൾ ലഭ്യമാക്കുന്നതിനായി സൗജന്യ തൊഴിൽ വീഥിയും കർഷകരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കർഷകമുന്നേറ്റ കൂട്ടായ്മ എന്ന പേരിൽ കർഷക മുന്നേറ്റ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നതും തികച്ചും വ്യത്യസ്തമായ ജനകീയ ശ്രമങ്ങളാണ്.
കോട്ടയം ജില്ലയിൽ പൊതുവേയും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഏറെയും ജനസ്വാധീനമുള്ള അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പൂഞ്ഞാറിൽ നിന്ന് നിയമസഭയിലേക്ക് എത്തിക്കുന്നതിന് ഇടതുമുന്നണി പ്രഥമ പരിഗണന നല്കിയത് വിജയസാധ്യത ഉറപ്പായതിനാലാണ് . പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസന അപര്യാപ്തതകൾ പരിഹരിക്കുന്നതിനും ശബരിമല വിമാനത്താവളം ഉൾപ്പെടെയുള്ള പിണറായി സർക്കാറിന്റെ മണ്ഡലത്തിലെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇടതുമുന്നണിയുടെ വിശ്വസ്തനും പ്രവർത്തനമികവുമുള്ളയാൾ എം എൽ എ ആകണമെന്നാണ് ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നത്.
ഏറ്റെടുക്കുന്ന ചുമതലകളോട് 100 % നീതി പുലർത്തണം , അടുക്കും ചിട്ടയോടും കൂടി കാര്യങ്ങൾ ചെയ്യണം, സഹായം ആവശ്യമുള്ളവർക്ക് എത്രയും വേഗം സഹായം ലഭ്യമാക്കണം എന്നീ നിഷ്ഠകളാണ് പൊതുപ്രവർത്തകനെന്ന നിലയിൽ കൃത്യമായി പാലിച്ച് പോന്നിട്ടുള്ളത്.