ചിറക്കടവ് മഹാദേവന് മുൻപിൽ ഇടവേളക്കുശേഷം തിരുനീലകണ്ഠൻ ഇന്ന് എഴുന്നള്ളും

പൊൻകുന്നം: നീരുചികിത്സ കാലം കഴിഞ്ഞു ചിറക്കടവ് മഹാദേവന്റെ മാനസപുത്ര നീലകണ്ഠൻ ആഘോഷങ്ങൾക്കു വീണ്ടും ആവേശമാകുന്നു. നീര് പൂർണമായും മാറി എഴുന്നള്ളത്തിൽ കഴിഞ്ഞ മാസം സജീവമായ നീലകണ്ഠൻ വലിയൊരു ഇടവേളക്കുശേഷമാണ് സ്വന്തം മണ്ണിലെ എഴുന്നള്ളത്തിൽ പങ്കെടുക്കുന്നത്. ശിവരാത്രി ഉത്സവത്തിന് ചിറക്കടവ് ക്ഷേത്രത്തിൽ നീലകണ്ഠൻ തിടമ്പേറ്റും.

മധ്യകേരളത്തിലെ ആനപ്രേമികളുടെ ആവേശമാണ് നീലകണ്ഠൻ.കൊഴുത്ത കറുത്തിരുണ്ട ശരീരവും അമരം കവിഞ്ഞുള്ള നീണ്ട വാലും ഒത്ത തുമ്പിയും നീലകണ്ഠന്റെ പ്രത്യേകതയാണ്. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, കനമുള്ളതും എടുത്തനിൽക്കുന്നതുമായ കൊമ്പുകൾ, ഭംഗിയുള്ള കണ്ണുകളും ഒമ്പതേകാൽ അടിക്കു മുകളിൽ ഉയരവും ആകർഷകമായ ഇടനീളവും 18 നഖങ്ങളും നീലകണ്ഠന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

ബീഹാറിലെ ബോധഗയ എന്ന പുണ്യഭൂമിയിൽ നിന്നാണ് നീലകണ്ഠൻ ചിറക്കടവ് മഹാദേവന്റെ ദാസനായി എത്തുന്നത്.പുന്നംപറമ്പിൽ കുടുംബം 1978ൽ ബീഹാറിൽ നിന്നും വാങ്ങി മഹാദേവന് മുന്നിൽ നടയിരുത്തിയ നീലൻ എന്ന അഞ്ചുവയസുകാരൻ കൊച്ചുകുറുമ്പൻ ആനപ്രേമികളുടെയും ഭക്തജനങ്ങളുടെയും സ്‌നേഹ വാത്സല്യങ്ങളിൽ വളർന്ന് തിരുനീലകണ്ഠൻ എന്ന പേരെടുത്ത കൊമ്പനായി.

error: Content is protected !!