അഗ്നിരക്ഷാ സേന കൂടെയുണ്ട്; 101 എന്ന നന്പർ ഓർമയിൽ വയ്ക്കുക
താരതമ്യേന ചൂട് കുറഞ്ഞ സമയം അതി രാവിലെയും വൈകുന്നേരവും ആയതിനാൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ തീ കത്തിക്കുവാൻ ഈ സമയം മാത്രം തെരഞ്ഞെടുക്കുക.
പലപ്പോഴും തീ കത്തിക്കുവാനുള്ള എളുപ്പം നോക്കി വാരിക്കൂട്ടിയ ചപ്പു ചവറുകൾ ഒന്നിച്ചിട്ടു കത്തിക്കാറുണ്ട്. ഇത് വലിയ തീ ഉണ്ടാകുവാനും ചുറ്റുമുള്ള വസ്തുക്കളും കൂടെ കത്തുവാനും ഇടയാക്കും. ഒപ്പം നമുക്ക് നിയന്ത്രിക്കാൻ പറ്റാതെയും വരാം. ഇതിനായി ചെറിയ കൂനകളാക്കി അകത്തി മാത്രം തീ കത്തിക്കുക. ഇങ്ങനെ ചെയ്യുന്പോഴും ഒരു കൂന കത്തി തീർന്നതിനുശേഷം അടുത്തത് കത്തിക്കുക.
തീ കത്തിക്കുന്നതിന് മുന്പേ അനിയന്ത്രിതമായാൽ കെടുത്തുവാൻ ബക്കറ്റുകളിൽ വെള്ളം, അടിച്ച് കെടുത്തുവാൻ വൃക്ഷത്തലപ്പുകൾ ഇവ കരുതുക, കൂടുതൽ ആൾബലം ആവശ്യമെങ്കിൽ കിട്ടുമെന്നുറപ്പിക്കുക.
തീ കത്തി അപകടം ഉണ്ടാക്കുന്പോൾ എല്ലാവരും പറയുന്ന പ്രധാന കാരണം ആ സമയത്ത് എവിടെ നിന്നോ ഒരു കാറ്റു വീശി അതാണ് തീ കൂടിയത്. ഇതിന് കാരണം തീ കത്തുന്പോൾ തീയുടെ ചുറ്റുമുള്ള വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുകയും സമീപത്തെ താരതമ്യേന തണുത്ത വായു തീയുടെ സമീപത്ത് എത്തി തീ ആളിപ്പടരുവാൻ കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെ കാറ്റുള്ളപ്പോൾ തീ കത്തിക്കുകയുമരുത്. തീ കത്തുന്ന വസ്തുവിന്റെ ചെറിയ കനലുകൾ കാറ്റിൽ പറന്ന് മറ്റു വസ്തുക്കളിൽ തീയുണ്ടാക്കുവാനുള്ള സാധ്യതയും ഉണ്ട്.
കുട്ടികൾ കരിയില കൂട്ടിയിട്ട് തീ കത്തിക്കുവാൻ അനുവദിക്കരുത്.
തീയുടെ ഒപ്പം പുക ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ പ്രായമായവരും അസുഖക്കാരും തീ കത്തിക്കുകയോ, കത്തിക്കുന്നതിന് സമീപത്തു നിൽക്കുകയോ ചെയ്യരുത്.
തുറസായ സ്ഥലങ്ങൾ, തോട്ടങ്ങൾ, പുരയിടങ്ങൾ ഇവയിലെ കാടുകൾ വേനൽക്കാലത്തിന് മുന്പേ വെട്ടിത്തെളിയിക്കുക. മരങ്ങളിലെയും വേലികളിലെയും വള്ളിപ്പടർപ്പുകൾ തീ പടരുവാൻ സഹായിക്കുന്ന ഘടകമാണ്, ഇവ പൂർണമായും ഒഴിവാക്കുക.
വേനൽക്കാല തീ പിടിത്തങ്ങൾക്ക് പുകവലി ഒരു വലിയ കാരണമാകാറുണ്ട്. വിനോദ സഞ്ചാര മേഖലകളിലെ തീ പിടിത്തത്തിന് പ്രധാന കാരണം ഇതാണ്.
ഓരോരുത്തരും അവനവന്റെ വസ്തുവകകൾ തീയിൽ നിന്നു സംരക്ഷിക്കുവാൻ കടപ്പെട്ടവരാണ്, അതിനായി പറന്പിന്റെ എല്ലാ അതിരുകളും നാല് – അഞ്ച് അടി വീതിയിൽ പൂർണമായി, തീ കയറാത്ത അവസ്ഥയിൽ തെളിച്ചിടുക (ഫയർലൈൻ). ഇതു മൂലം മറ്റു പറന്പിലെ തീ നമ്മുടെ പറന്പിൽ കയറാതെയും, നമ്മുടെ പറന്പിലെ തീ മറ്റു പറന്പിലേക്ക് പടരാതെയും സംരക്ഷിക്കാം.
ഭാര വാഹനങ്ങളുടെ പുകക്കുഴലിൽ നിന്നും തീപ്പൊരി വീഴുന്നതും, വൈദ്യുതി ലൈനിൽ നിന്നും തീ പടരുന്നതും ശ്രദ്ധിക്കുക.
തീ കെടുത്തുന്നതിനായി സ്വയം ശ്രമിച്ച് അപകടത്തിൽപ്പെടുന്ന അവസ്ഥ ഒഴിവാക്കുക,
പുകയിൽപ്പെട്ടു പോകാതെ സുരക്ഷിതമായി മാത്രം തീ കെടുത്തലിൽ ഏർപ്പെടുക.