താത്ക്കാലിക കംഫർട്ട് സ്റ്റേഷൻ മാറ്റി; യാത്രക്കാർ വലയുന്നു
പൊൻകുന്നം: പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമില്ലാതെ പൊൻകുന്നം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ വലയുന്നു. നിലവിലെ കംഫർട്ട് സ്റ്റേഷൻ നവീകരണം നടത്തുന്നതിനാൽ പകരം സ്ഥാപിച്ചിരുന്ന രണ്ട് താത്ക്കാലിക ടോയ്ലറ്റുകൾ കഴിഞ്ഞ ദിവസം നീക്കിയതോടെയാണ് ബുദ്ധിമുട്ടായത്.
ചിറക്കടവ് പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ പുതുക്കിപ്പണിയുന്നതിനാൽ പകരം ഉപയോഗത്തിനായി കരാറുകാരനോട് നിർദേശിച്ച് സ്ഥാപിച്ചിരുന്നതാണ് രണ്ട് പ്ലാസ്റ്റിക് കാബിൻ ടോയ്ലറ്റ്. ഇത് കഴിഞ്ഞ ദിവസം രാത്രി കരാറുകാരന്റെ ചുമതലയിൽ മാറ്റുകയായിരുന്നു. ഇതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യം നിഷേധിക്കപ്പെട്ടു. യാത്രക്കാർക്ക് ഏറെ പ്രയോജനവുമായിരുന്നു താത്ക്കാലിക ടോയ്ലറ്റുകൾ. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പൂർത്തിയാകാൻ ഇനിയും ആഴ്ചകളെടുക്കും. മന്ദഗതിയിലാണ് നിർമാണപ്രവർത്തനം. പ്രതിദിനം മുന്നൂറിലേറെ ബസ് കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിൽ ശൗചാലയ സൗകര്യം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി.