വെൺകുറിഞ്ഞി ചപ്പാത്തിൽ വീണ്ടും ബൈക്ക് ഒഴുകിപോയി .. ഒഴുക്കിൽ പെട്ട ബൈക്ക് സാഹസികമായി നാട്ടുകാർ കരയ്ക്ക് എത്തിച്ചു .
മുക്കൂട്ടുതറ : മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ കൈവരികളും ഇല്ലാത്തത് മൂലം വെൺകുറിഞ്ഞി – കുളമാങ്കുഴി ചെല്ലാന്തറപ്പടി ചപ്പാത്തിൽ വീണ്ടും അപകടം. കഴിഞ്ഞ ദിവസം ചപ്പാത്തിലുള്ള ശക്തമായ ഒഴുക്കിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മറിഞ്ഞു വീഴുകയും ബൈക്ക് തോട്ടിൽ ഒഴുക്കിൽ പെടുകയുമായിരുന്നു. വിദ്യാധരൻ, ബോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നാണ് സാഹസികമായി ഒഴുക്കിൽ പെട്ട ബൈക്ക് കരയിലേക്ക് എടുത്തു കയറ്റിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പും ബൈക്ക് യാത്രക്കാർ ഇവിടെ അപകടത്തിൽ പെടുകയും ബൈക്ക് ഒഴുകിപ്പോവുകയും നാട്ടുകാർ ബൈക്ക് കരയ്ക്ക് എത്തിച്ചു നൽകുകയും ചെയ്തിരുന്നു. ഈ വഴി പരിചയം ഇല്ലാത്തവർ ആദ്യമായി എത്തുമ്പോൾ ആണ് അപകടം സംഭവിക്കുന്നത്. മുക്കൂട്ടുതറ, വെച്ചൂച്ചിറ ഭാഗത്തേക്ക് ദൂരം കുറഞ്ഞ എളുപ്പവഴി എന്ന നിലയിൽ ഈ വഴി നിരവധി പേരാണ് ഉപയോഗിക്കുന്നത്. പുറമെ നോക്കുമ്പോൾ ചപ്പാത്തിലൂടെ ബൈക്കിൽ യാത്ര ചെയ്താൽ അപകട സാധ്യത ഇല്ലെന്ന് തോന്നും. എന്നാൽ തെന്നുന്ന വഴുക്കലുകൾ നിറഞ്ഞ കല്ലുകളും ഉരുളൻ കല്ലുകളും വെള്ളമൊഴുക്കിന്റെ ശക്തിയും മൂലം ബൈക്ക് നിയന്ത്രണം തെറ്റി മറിയും.
ഈ വഴി പരിചിതരായ ബൈക്ക് യാത്രക്കാർ സുരക്ഷിത ഭാഗത്ത് കൂടി ശ്രദ്ധയോടെ സഞ്ചരിച്ചാണ് യാത്ര ചെയ്യുന്നത്. ശക്തമായ മഴയുണ്ടാകുമ്പോൾ തോട്ടിലെ വെള്ളം കൂടുന്നതിനൊപ്പം ഒഴുക്കിന്റെ ശക്തിയും കൂടും. ബൈക്കിന്റെ ഗതി മാറ്റി ഒഴുക്കിലേക്ക് പോയി അപകടത്തിൽ പെടുന്ന സംഭവങ്ങൾ മഴക്കാലത്ത് വർധിക്കുകയാണ്. മുന്നറിയിപ്പ് ബോർഡ് വെയ്ക്കണമെന്നും കൈവരികൾ സ്ഥാപിക്കണമെന്നും നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടായിട്ടില്ല. ദുരന്ത നിവാരണ സ്കീമിൽ ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി ജില്ലാ കളക്ടർക്ക് നിവേദനം നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. എരുമേലിയിലെ വലിയ തോടിന്റെ ഉദ്ഭവമായ പൊന്നരുവി തോട്ടിലെ ഈ ചപ്പാത്തിന് പകരം ഉയരമുള്ള പാലം തോടിന് കുറുകെ നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.