മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ മുങ്ങി; പ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കണമല : കനത്ത മഴയിൽ പമ്പ, അഴുത നദികൾ കരകവിഞ്ഞ് മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ് – ഇടകടത്തി, കുറുമ്പൻമുഴി കോസ്‌വേ പാലങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ കുറഞ്ഞതിനെ തുടർന്നാണ് പാലത്തിൽ ജലനിരപ്പ് താഴ്ന്നത്. ചൊവ്വാഴ്ച പകൽ പാലങ്ങളിൽ ഗതാഗതം നിലച്ചിരുന്നു. രാത്രിയിൽ മഴ തുടർന്നാൽ സ്ഥിതി കൂടുതൽ അപകടകരമാകുമെന്ന് നാട്ടുകാർ പറയുന്നു . ഒപ്പം മലയോര മേഖലയിൽ ഉരുൾപൊട്ടൽ ആശങ്ക ശക്തമാണ്.
ചൊവ്വാഴ്ച വിദ്യാലയങ്ങൾക്ക് അവധി ആയത് ഏറെ ആശ്വാസം പകർന്നു. സ്‌കൂളുകളിലേക്ക് ഉൾപ്പടെ പുറത്തോട്ട് പോകാൻ കഴിയാത്ത വിധമായിരുന്നു ഇന്നലെ കിഴക്കൻ മേഖലയിലെ അവസ്ഥയെന്ന് മൂക്കൻപെട്ടി സ്വദേശിയും പത്ര വിതരണ ഏജന്റുമായ സാബു പറഞ്ഞു. 2018 ലേത് പോലെ പ്രളയം ഉണ്ടാകുമോയെന്ന ആശങ്കയായിരുന്നു മിക്കവരിലും.
വെള്ളപ്പൊക്കത്തിൽ കലങ്ങി മറിഞ്ഞ് ശക്തമായ ഒഴുക്കായിരുന്നു രാവിലെ മുതൽ നദികളിൽ ദൃശ്യമായത്. നദികളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ രാത്രിയിൽ കടുത്ത ആശങ്കയിലായിരുന്നു. മിക്കവരും ഉറങ്ങാതെ കഴിച്ചുകൂട്ടി. രാവിലെ മുതൽ ജനപ്രതിനിധികളും നാട്ടുകാരും മേഖലയിൽ എവിടെയെങ്കിലും അപകടങ്ങൾ ഉണ്ടോയെന്നുള്ള അന്വേഷണത്തിലായിരുന്നു. കനത്ത വെള്ളപ്പൊക്കം നേരിട്ടാൽ മാറി താമസിക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കണമെന്ന് സ്ഥലത്ത് എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി നാട്ടുകാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടം വിവരങ്ങൾ തിരക്കിയിരുന്നു. പമ്പാവാലി മേഖലയിൽ നിലവിൽ അപകടകരമായ സ്ഥിതിഗതികൾ ഇല്ലെന്ന് വാർഡ് അംഗം മാത്യു ജോസഫ് അറിയിച്ചു.
മൂക്കൻപെട്ടി പാലത്തിലും അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങളിലും കൈവരികൾ കവിഞ്ഞായിരുന്നു വെള്ളം ഒഴുകിയിരുന്നത്. മഴയ്ക്ക് ശമനം ആയതോടെ ഉച്ചക്ക് ശേഷം മൂക്കൻപെട്ടി പാലത്തിൽ നിന്ന് വെള്ളം കുറഞ്ഞു തുടങ്ങിയിരുന്നു. അതേസമയം ഒറ്റപ്പെടൽ ഭീഷണിയിലായിരുന്നു അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പ്രദേശങ്ങൾ.
പത്തനംതിട്ട ജില്ലയിലുള്ള ഈ പ്രദേശങ്ങളിലേക്ക് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ, കണമല എന്നിവിടങ്ങളിലൂടെയാണ് പ്രധാന റോഡ് കടന്നുപോകുന്നത്. പാലങ്ങൾ മുങ്ങിയതോടെ പുറത്തേക്ക് പോകാൻ കഴിയാതെ നാട്ടുകാർ ബുദ്ധിമുട്ടി. മൂന്ന് വശം ശബരിമല വനവും എതിർ വശം പമ്പാ നദിയുമായ ഈ പ്രദേശങ്ങളിൽ പാലം മുങ്ങിയാൽ ഗതാഗത മാർഗം പൂർണമായും നിലക്കുന്നത് മൂലം കടുത്ത ആശങ്കയിലാണ്.
2018 ലെ പ്രളയത്തിലാണ് അറയാഞ്ഞിലിമണ്ണിലെ നടപ്പാലം തകർന്ന് ഒലിച്ചു പോയത്. പകരം നടപ്പാലം നിർമിക്കാൻ കഴിഞ്ഞിട്ടില്ല. പണികൾ നാട്ടുകാർ പിരിവിട്ട് ആരംഭിച്ചെങ്കിലും സർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തി വെയ്ക്കുകയായിരുന്നു. എന്നാൽ സർക്കാർ തലത്തിൽ നിർമാണം തുടങ്ങാൻ നടപടികൾ വൈകുകയാണ്. കുറുമ്പൻമുഴിയിൽ നദിയിൽ അടിഞ്ഞ മണൽ മൂലം പമ്പാ നദിയുടെ ആഴം കുറയുകയും ചെറിയ വെള്ളപ്പൊക്കം വരെ പാലം വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയിലുമാക്കിയിരിക്കുകയാണ്. രണ്ട് സ്ഥലങ്ങളിലും ജനങ്ങൾ നിർമിച്ച ഉയരം കുറഞ്ഞ കോസ്‌വേകൾക്ക് പകരം ഉയരം കൂടിയ വലിയ പാലങ്ങൾ നിർമിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. മഴ തുടർന്നാൽ പ്രദേശങ്ങൾ ഒറ്റപ്പെടുമെന്ന സ്ഥിതിയിലാണ്.