വയനാടിന് സഹായഹസ്തം
കാഞ്ഞിരപ്പള്ളി ∙ വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായി വിദ്യാർഥികളും വിവിധ സംഘടനകളും. കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളാൽ കഴിയുന്ന സഹായങ്ങളാണു ദുരന്തത്തിന് ഇരയായവർക്കു വേണ്ടി നൽകുന്നത്.
∙എലിക്കുളം എംജിഎം യുപി സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥി അഭിഷേക് അജേഷ് തന്റെ കുടുക്കയിലെ സമ്പാദ്യം വയനാട് ദുരിതാശ്വാസനിധിയിലേക്കു നൽകി. പ്രധാനധ്യാപിക കെ.എ.അമ്പിളി തുക ഏറ്റുവാങ്ങി.
∙ ഉരുളികുന്നം ഉദയ പുരുഷ സ്വാശ്രയസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത 25000 രൂപ പ്രസിഡന്റ് എൻ.പി.ബാബു, പി.ആർ.ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ജില്ലാ കലക്ടർ ജോൺ വി.സാമുവലിനു കൈമാറി.
∙ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ മൂന്നാം ക്ലാസുകാരൻ മാധവ് ആർ.നായർ സൈക്കിൾ വാങ്ങാനായി സൂക്ഷിച്ച 2109 രൂപ വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ പൊൻകുന്നം മേഖല കമ്മിറ്റിക്കു കൈമാറി. താവൂർ തുണ്ടിയിൽ രമേഷ് സി.നായർ, വിധു രമേഷ് ദമ്പതികളുടെ മകനാണ്.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതർക്കു വീടു നിർമിച്ചു നൽകുന്നത്. വാഴൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബി.ഗൗതം മാധവിൽ നിന്നും തുക ഏറ്റുവാങ്ങി.
∙പൊൻകുന്നം എസ്എച്ച് യുപി സ്കൂളിലെ 4–ാം ക്ലാസ് വിദ്യാർഥിനി അലോണ രണ്ടു വർഷമായി സമ്പാദ്യക്കുടക്കയിൽ നിക്ഷേപിച്ച തുക ദുരിതബാധിതർക്കായി നൽകി. മൂലക്കുന്നേൽ ഷിജിമോന്റെയും സയന എലിസബത്തിന്റെയും മകളാണ്. കുടുക്ക സ്കൂൾ മാനേജർ ഫാ.ജോണി ചെരിപുറത്തിനെ എൽപിച്ചു.