ഉൽപാദനം കൂട്ടി റബ്ബറിന്റെ മെച്ചപ്പെട്ട വിലയുടെ പ്രയോജനം നേടുവാൻ റബ്ബർ കർഷകർ

കാഞ്ഞിരപ്പള്ളി : റബർ വില റെക്കോർഡ് ഇട്ടിട്ടും കർഷകർക്ക് പ്രയോജനം കിട്ടണമെങ്കി‍ൽ കാത്തിരിക്കണം. മഴ മാറി ടാപ്പിങ് പുനരാരംഭിച്ച സാഹചര്യത്തിൽ ഉൽപാദനം പൂർണ തോതിൽ എത്തിയിട്ടില്ല. റബർ ബോർഡിന്റെ കണക്കു പ്രകാരം 182 രൂപയാണ് ഉൽപാദന ചെലവെന്നും 200 മുതൽ 225 രൂപ വരെ ഒരു കിലോ റബർ ഉൽപാദിപ്പിക്കുന്നതിന് ചെലവ് വരുന്നതായും റബർ ഉൽപാദക സംഘങ്ങൾ പറയുന്നു.

കഴിഞ്ഞ 10 വർഷമായി ഉൽപാദനച്ചെലവിലും കുറഞ്ഞ വിലയാണ് കർഷകർക്കു ലഭിച്ചിരുന്നത്. പരമ്പരാഗത റബർ ഉൽപാദക രാജ്യങ്ങളിലെല്ലാം ഉൽപാദനം കുറഞ്ഞു. കർഷകർ മിനിമം താങ്ങുവില 250 രൂപ വർഷങ്ങളായി ആവശ്യപ്പെടുന്നു. 250 രൂപയിൽ നിന്ന് എത്ര മാത്രം വില ഉയരും എന്നതിനെ ആശ്രയിച്ചു മാത്രമേ കർഷകന്റെ ലാഭ നഷ്ട കണക്ക് പറയാനാവൂ എന്നാണ് റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ബാബു ജോസഫ് പറയുന്നത് .

തോട്ടങ്ങളിൽ ടാപ്പിങ് പൂർണമായിട്ടില്ല. മഴ മറ ഇടാൻ കഴിയാതെ ഒട്ടേറെ കർഷകരുണ്ട്. ശക്തമായ മഴ മൂലം റബർ ഇലകൾ പൊഴിഞ്ഞ് ഉൽപാദനം കുറവാണ്. വില കുറവായതോടെ കഴിഞ്ഞ കുറെ കാലമായി റബറിനെ കർഷകർ കാര്യമായി പരിഗണിച്ചിരുന്നില്ലന്ന് കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രമുഖ കർഷകനായ ജോജി വാളിപ്ലാക്കൽ പറഞ്ഞു .

error: Content is protected !!