മലയോര മേഖലയിലേക്ക് കഞ്ചാവ് എത്തുന്നത് ആന്ധ്രയിലും ഒഡീഷയിലുംനിന്ന്
മുണ്ടക്കയം ∙ മലയോര മേഖലയിലേക്ക് ഇപ്പോൾ കഞ്ചാവ് പ്രധനമായും എത്തുന്നത് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നാണിപ്പോൾ. ഇതര സംസ്ഥാന തൊഴിലാളികളും കണ്ണികൾ. യുവാക്കളിൽ വ്യാപകമാകുന്ന കഞ്ചാവ് ഉപയോഗവും വിൽപനയും തടയിടാൻ എക്സൈസ് സംഘം പരിശോധനകൾ ശക്തമാക്കുന്നു.
കഞ്ചാവ്, എംഡിഎംഎ പോലെയുള്ള മയക്കുമരുന്നിന്റെയും ഉപയോഗത്തിൽ 18 വയസ്സ് തികയാത്ത കുട്ടികൾ വരെ സജീവമായി എന്നാണ് എക്സൈസ് നൽകുന്ന സൂചന. ഇവർക്ക് പൊലീസിനെയും എക്സൈസിനെയും പേടിയില്ലാതെ വിൽപനയും ഉപയോഗവും നടത്താൻ വഴി തുറക്കുന്നതിന് പിന്നിൽ വലിയ മാഫിയകൾ ഉണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ആളുകളെ വലയിലാക്കാൻ സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, രഹസ്യ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. കഴിഞ്ഞ ദിവസം ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവുമായി കരിനിലത്ത് മൂന്ന് യുവാക്കളെ പിടികൂടിയതാണ് അവസാനത്തെ കേസ്.
ഒരു വർഷം മുൻപു വരെ കഞ്ചാവ് കൂടുതലായി എത്തിയിരുന്നത് കമ്പത്തു നിന്നാണ്. കേരള തമിഴ്നാട് അതിർത്തിയിലെ ചെക്കിങ് കടന്ന് കോട്ടയം ജില്ലയിൽ പ്രവേശിച്ച നിരവധി കഞ്ചാവ് കടത്തുകാർ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ വച്ച് എക്സൈസ് സംഘത്തിന്റെ വലയിൽ ആയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശത്തേക്ക് കഞ്ചാവ് എത്തിക്കുന്നതും ഇതുവഴി തന്നെ ആയിരുന്നു. എന്നാൽ തേനി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കുകയും അതിർത്തിയിൽ കൂടുതൽ പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തതോടെയാണു ഇവിടെ നിന്നുമുള്ള കഞ്ചാവ് കടത്ത് കുറഞ്ഞത്.
ആന്ധ്ര, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ട്രെയിനിലാണ് കഞ്ചാവ് കൊണ്ടുവരുന്നത്. യുവാക്കൾ ഇൗ സ്ഥലങ്ങളിൽ എത്തി കഞ്ചാവ് വാങ്ങി തിരികെ ട്രെയിനിൽ എത്തി വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണു പതിവ്. ഇതര സംസ്ഥാന തൊഴിലാളികൾ വഴിയും കഞ്ചാവ് എത്തിക്കുന്നതായാണ് വിവരം. ഇതോടൊപ്പം എംഡിഎംഎയും വ്യാപകമായി എത്തുന്നുണ്ട് ഒരു ഗ്രാമിന് 3500 രൂപ വരെ ലഭിക്കുന്നതിനാൽ കച്ചവടക്കാർ കഞ്ചാവിനൊപ്പം എംഡിഎംഎയും കടത്തുകയാണു. കഞ്ചാവിന് അഞ്ച് ഗ്രാമിന് കുറഞ്ഞത് 500 രൂപയാണ് വില. ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കിലോയുടെ പായ്ക്കറ്റായി ലഭിക്കുന്ന കഞ്ചാവിന് 3500 രൂപയാണ് വില. അത് കേരളത്തിൽ എത്തിച്ച് ചെറു പൊതികളാക്കി വിറ്റാൽ രണ്ട് ലക്ഷം രൂപ വരെ ലാഭം ലഭിക്കുന്നതിനാലാണു കച്ചവടക്കാരുടെ എണ്ണം കൂടാൻ കാരണം.
ജില്ലയിൽ ആകെ 350 എക്സൈസ് ഓഫിസർമാരാണ് ഉള്ളത്. ഓഫിസ് ഡ്യൂട്ടി ഉൾപ്പെടെ മാറ്റിനിർത്തിയാൽ 250ൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ഫീൽഡിൽ പരിശോധനയ്ക്ക് പോകാൻ കഴിയുന്നത്. എക്സൈസിന്റെ ആൾ ബലം വർധിപ്പിക്കണം എന്നും ആവശ്യം ശക്തമാണ്. ഓണക്കാലം ലക്ഷ്യമിട്ട് വ്യാജ മദ്യ നിർമാണം വിപണനം എന്നിവ തടയാനും മലയോര മേഖലയിൽ പ്രത്യേക പരിശോധന നടത്താൻ സംഘം തയാറായിട്ടുണ്ട്.