കൂട്ടിക്കൽ കാവാലിയിലും, ചിറ്റടി മാങ്ങാപാറയിലും ഉരുൾപൊട്ടൽ : പ്രാർത്ഥനയോടെ ജനം നേരം വെളുപ്പിച്ചു ..

മുണ്ടക്കയം : വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഏറെ നേരം തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് ചിറ്റടി മാങ്ങാപ്പാറയും, കൂട്ടിക്കൽ കാവാലിയിലും അർദ്ധരാത്രിയിൽ ഉരുൾപൊട്ടി. പരന്നൊഴുകിയ കല്ലും മണ്ണും ചെളിയും ഒട്ടേറെ വീടുകളിലെ ഗൃഹോപകരണങ്ങൾ ഒഴുക്കി കൊണ്ടുപോയി.

ചിറ്റടി മാങ്ങാപാറയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന്, കല്ലും മണ്ണും ചെളിയും മുണ്ടമറ്റം തോട്ടിലേക്ക് ഒഴുകിയെത്തി. ഇതോടെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ , വാർഡ് അംഗം ഡയസ് കോക്കാട്ട്, തഹസിൽദാർ ശ്രീകല അടക്കമുള്ള റവന്യു ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്തംഗങ്ങളും, ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു വേണ്ട നടപടികൾ സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ മഴ രാത്രിയായതോടെ അതിശക്തമായി. മാങ്ങാപ്പാറ മലഞ്ചെരുവിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ പാറമട മൂലം ജനങ്ങൾ ഏറെ ഭീതിയിലാണ് .പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പതിനഞ്ചോളം വീട്ടുകാരെ ദുരന്തബാധിത മേഖലയിൽ നിന്നും മാറി താമസിക്കുവാൻ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ ഇവർ മാറി താമസിക്കുവാൻ കൂട്ടാക്കിയിട്ടില്ല ,മുണ്ടക്കയം പഞ്ചായത്തിലെ പൂച്ചക്കല്ലിൽ പതിമൂന്നോളം വീടുകളിൽ വെള്ളം കയറിയത് മൂലം മാറിതാമസിക്കുവാൻ നിർദ്ദേശം നൽകി.

      ജില്ലയുടെ കിഴക്കൻ മേഖലയിലെ മണിമലയാർ, പുല്ലകയാർ, ചിറ്റാർപുഴ, പമ്പാനദി എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയം കോസ്വേയ്ക്ക് സമീപമുള്ള പുത്തൻചന്ത, അറയാഞ്ഞിലിമണ്ണ്, മൂക്കംപെട്ടി, കണമല കോസ്വേകൾ, പഴയിടം കോസ് വേ, കാഞ്ഞിരപ്പള്ളി - മണിമല റോഡിലെ ചിറക്കടവ് ഐക്കരപടി ഭാഗങ്ങൾ, അഞ്ചിലിപ്പ പാലം, കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിലെ ഐഷാ പള്ളി ജംഗ്ഷൻ, വളവുകയo, ആനക്കല്ല്, മഞ്ഞപ്പള്ളി, പാറത്തോട് പള്ളിപ്പടി, കാഞ്ഞിരപ്പള്ളി ഫാബീസ് ജംഗ്ഷൻ - പട്ടിമറ്റം റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കൂട്ടിക്കൽ കാവാലിമാക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ് തകർന്നു.കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന അക്ഷയ ഹോട്ടലിൻ്റെ അടുക്കളയിൽ വെള്ളം കയറി അരിയും പലചരക്കു സാധനങ്ങളും ഇലക്ട്രിക്ക് ഉപകരണങ്ങളും നശിച്ചു. എരുമേലി ഓരുങ്കൽകടവ് പാലവും കരകവിഞ്ഞു ഒഴുകി.

   ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തതോടെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ ജനങ്ങളാകെ പരിഭ്രാന്തിയിലായി. നേരെ, വെളുക്കുവോളം  ഇവർ പരസ്പരം മൊബൈൽ ഫോണുകളിൽ വോയിസ് മെസ്സേജ് ,വാട്സ് അപ്പ് എന്നിവയിലുടെ മുന്നറിയിപ്പുകൾ നൽകി കൊണ്ടിരുന്നു.
error: Content is protected !!