അർദ്ധരാത്രിയിൽ വെള്ളപൊക്കം ; നിരവധി പാലങ്ങൾ മുങ്ങി..

എരുമേലി : വൈകുന്നേരം വരെ തെളിഞ്ഞ ആകാശവും വെയിലും നിറഞ്ഞ അന്തരീക്ഷം സന്ധ്യയ്ക്ക് പെട്ടന്ന് ശക്തമായ മഴയിലേക്ക് മാറിയപ്പോൾ പെയ്തത് അതി തീവ്ര മഴ. കലങ്ങി മറിഞ്ഞ് കുത്തിയൊലിച്ചു മണിമലയാറിലൂടെ വെള്ളം എത്തി മുണ്ടക്കയം കോസ്‌വേ കര കവിഞ്ഞത് രാത്രി 12 മണിയോടെ. വിവരം അറിഞ്ഞ എരുമേലി, കൊരട്ടി, ഓരുങ്കൽകടവ് നിവാസികളും ചേനപ്പാടി പഴയിടം പ്രദേശത്തെ നാട്ടുകാരും ഇതോടെ ജാഗ്രതയിലായി.

പിന്നെ മണിക്കൂറുകൾക്കകം വെള്ളപ്പൊക്കം ഓരുങ്കൽകടവ് പാലത്തെ വിഴുങ്ങി. പുലരും മുമ്പെ പഴയിടം പാലവും മുങ്ങി. കൂട്ടിക്കൽ, ഇളംകാട്, ഏന്തയാർ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് മണിമലയാറിലേക്ക് ഇത്രയധികം വെള്ളം എത്തിയതെന്നും ഇതിനിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

കഴിഞ്ഞ അർദ്ധ രാത്രിയോടെ വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ മുങ്ങിയ നാട്ടുകാർ ഇന്നലെ ഉച്ചയോടെ നദിയിൽ ജലനിരപ്പ് താഴ്ന്നതോടെ ആണ് ആശ്വാസത്തിലായത്. മിക്കവരുടെയും മനസിൽ 2018 ആഗസ്ത് 14 ന് അർദ്ധ രാത്രിയിൽ സംഭവിച്ച മഹാ പ്രളയത്തിന്റെ ഓർമകളായിരുന്നു. വീണ്ടും ഇത് ആവർത്തിക്കുമോയെന്നായിരുന്നു ഭയാശങ്കകൾ. രാത്രി പുലരും വരെ ശക്തമായി പെയ്ത മഴയ്ക്ക് ഇന്നലെ രാവിലെയാണ് ശക്തി കുറഞ്ഞത്. ഉച്ചയോടെ മഴ ശമിച്ചെങ്കിലും ചാറ്റൽ മഴ ഇടയ്ക്കിടെ പെയ്തു.

പഴയിടം പാലത്തിൽ ഗതാഗതം സാധ്യമായിരുന്നില്ല. ഇരു കരകളും മൂടി പാലം കാണാനാകാത്ത വിധമാണ് വെള്ളം ഒഴുകിയത്. കലങ്ങി മറിഞ്ഞ നിലയിൽ ആയിരുന്നു വെള്ളം. തടികളും ഒട്ടനവധി മാലിന്യങ്ങളും പാലത്തിന്റെ തൂണുകളിൽ അടിഞ്ഞ നിലയിലാണ്. തുടർച്ചയായി വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന പഴയിടം പാലം ഇനി തീവ്ര വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് ഉറപ്പില്ല. ശേഷി ദുർബലമായ ഈ പാലം പൊളിച്ചു പുനർ നിർമാണം നടത്താനുള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

ഓരുങ്കൽകടവ് പാലം വെള്ളപ്പൊക്കത്തിൽ മൂടിയപ്പോൾ കൈവരികളിലെ രണ്ട് ഭാഗങ്ങൾ അടർന്ന് പാലത്തിൽ വീണിരുന്നു. പാലത്തിൽ നിന്ന് വെള്ളം ഇറങ്ങിയപ്പോൾ നാട്ടുകാർ ഇവ എടുത്ത് കരയിൽ റോഡിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഓരുങ്കൽകടവ് പാലത്തിനോട് ചേർന്ന് പുറമ്പോക്കിലുള്ള താൽക്കാലിക കടകളിലും വെള്ളം കയറിയിരുന്നു. രാത്രിയിൽ തന്നെ കച്ചവടക്കാർ സാധനങ്ങൾ മാറ്റിയതിനാൽ നാശനഷ്ടമുണ്ടായില്ല. വീണ്ടും ശക്തമായ മഴ ആവർത്തിച്ചാൽ പാലങ്ങളുടെ സ്ഥിതി അപകടകരമാകും.

error: Content is protected !!