ലൈഫ് പദ്ധതിയുടെ ‘ലൈഫ്’ അവസാനിച്ചു: കെ.മുരളീധരൻ
പൊൻകുന്നം: സംസ്ഥാന സർക്കാരിന്റെ പാർപ്പിട നിർമാണ പദ്ധതിയായ ലൈഫിന്റെ പ്രവർത്തനം പ്രതിസന്ധിയിലെന്നും അതിന്റെ ‘ലൈഫ്’ അവസാനിച്ചുവെന്നും കെ.പി.സി.സി.മുൻപ്രസിഡന്റ് കെ.മുരളീധരൻ . ചിറക്കടവ് കൈലാത്തുകവലയിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന പ്രിയദർശിനി ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം നോക്കുന്നു. പദ്ധതി നിർവഹണത്തിന് ആവശ്യമായ പണവുമില്ല. വയനാട് ദുരന്തബാധിതർക്ക് കോൺഗ്രസ് നൂറും യൂത്ത്‌കോൺഗ്രസ് അൻപതും വീടുകൾ സൗജന്യമായി നിർമിച്ചു നൽകാൻ തയ്യാറായിട്ടും സർക്കാർ സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറായില്ലെന്നും മുരളീധരൻ പറഞ്ഞു.
എ.ഐ.സി.സി.അംഗം ജോസഫ് വാഴക്കൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു.സംസ്ഥാന ജനറൽസെക്രട്ടറി മിവാ ജോളി, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, ടി.കെ.സുരേഷ്‌കുമാർ, ഷിൻസ് പീറ്റർ, അഡ്വ.പി.ജീരാജ്, സേവ്യർ മൂലകുന്ന്, ബിനേഷ് ചെറുവള്ളി, അനന്തു ജി.കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.