തകർന്ന് തരിപ്പണമായ കുഴിമാവ് റോഡിന്റെ പുനരുദ്ധാരണം വൈകുന്നു .. എംഎൽഎയുടെ വീടിന്റെ മുൻപിൽ തിരുവോണ ദിനത്തിൽ പഴങ്കഞ്ഞി കുടിച്ചു പ്രതിഷേധിക്കുവാൻ റോഡ് സംരക്ഷണ സമിതി അംഗങ്ങൾ

മുണ്ടക്കയം : തകർന്ന് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന കരിനിലം–പശ്ചിമ–കൊട്ടാരംകട–കുഴിമാവ് റോഡ് റോഡിന്റെ പുനരുദ്ധാരണം വൈകുന്നതിന് എതിരെ റോഡ് സംരക്ഷണ സമിതി തിരുവോണ ദിനത്തിൽ പഴങ്കഞ്ഞി കുടിച്ചു പ്രതിഷേധിക്കും. പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വസതിയുടെ മുൻപിൽ പ്രതിഷേധം നടത്താനാണു സമിതിയുടെ തീരുമാനം.

അഞ്ച് വർഷത്തിലേറെയായി തകർന്ന റോഡിലൂടെയാണ് ജനങ്ങളുടെ യാത്ര. രണ്ട് വർഷം മുൻപ് റോഡ് നിർമിക്കാൻ പദ്ധതി തയാറാക്കുകയും നിർമാണം തുടങ്ങിയ ശേഷം കരാറുകാരൻ നിർമാണം ഉപേക്ഷിക്കുകയും ആയിരുന്നു. തുടർന്ന് നിർമാണം പൂർണമായും മുടങ്ങി.

പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഉടൻ നടപടി സ്വീകരിക്കും എന്ന അധികൃതരുടെ വാക്കു കേട്ട് മടുത്ത ജനങ്ങൾ റോഡ് സംരക്ഷണത്തിനു ജനകീയ സമിതി രൂപീകരിച്ചു. ആദ്യ ഘട്ടമായി റോഡിൽ തേങ്ങ ഉടച്ച് സമരം നടത്തിയിരുന്നു.

പഴയ കരാറുകാരൻ നിർമാണ ജോലികൾ മുടക്കിയതാണ് പ്രശ്നത്തിന് കാരണമായതെന്നും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി ഉടൻ നടപ്പാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചിരുന്നു. അത് എത്രയും വേഗം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കരിനിലം പോസ്റ്റ് ഓഫിസ് കവലയിൽ നിന്നും തുടങ്ങി കുഴിമാവിൽ എത്തുന്ന റോഡ് കോരുത്തോട്– കുഴിമാവ് റോഡിന് സമാന്തര പാതയാണ്. എന്നാൽ റോഡിന്റെ എല്ലാ സ്ഥലങ്ങളിലും ടാറിങ് പൂർണമായും തകർന്ന നിലയിലാണ്.പ്ലാക്കപ്പടി, പശ്ചിമ, കൊട്ടാരംകട തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കോരുത്തോട്, പുഞ്ചവയൽ റൂട്ടുകൾ വഴിയാണ് സഞ്ചരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള പശ്ചിമ പ്രദേശത്ത് സ്കൂൾ കുട്ടികൾ അടക്കം അഞ്ച് കിലോമീറ്ററോളം നടന്നാണ് ബസ് സർവീസുള്ള മറ്റ് റോഡുകളിൽ എത്തുന്നത്.

ആലോചനാ യോഗത്തിൽ ചെയർപഴ്സൻ സിനിമോൾ തടത്തിൽ അധ്യക്ഷത വഹിച്ചു. ജാൻസി തൊട്ടിപ്പാട്ട്, ബെന്നി ചേറ്റുകുഴി, ജോസഫ് സി.മാത്യു, റെജി പാറാംതോട്, വിനോദ് കൊട്ടാരം, പി.പി.മോഹനൻ, ജോസ് തോമസ്, അജോയി ജോസഫ്, പ്രസാദ് പുല്ലുവേലിൽ, സുധൻ മുകളേൽ, സന്തോഷ്‌ അഭയം, പി.ജി.സുരേഷ് കുമാർ, അഖിൽ പ്ലാക്കൽ, അഖിലേഷ് ബാബു, സലിം കരിനിലം, കെ.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!