റോഡിടിഞ്ഞ് ഗർത്തമായി ; അപകടം ഒഴിവാക്കുവാൻ നാട്ടുകാർ മുന്നറിയിപ്പായി അടയാള കൊടി സ്ഥാപിച്ചു
മുക്കൂട്ടുതറ : വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിന് സമീപത്ത് റോഡിന്റെ വശം താഴ്ന്ന് കുഴി രൂപപ്പെട്ടതിനെ തുടർന്ന് അപകട സാധ്യതയിൽ. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി മുന്നറിയിപ്പായി കുഴിയുടെ സമീപം നാട്ടുകാർ ചുവപ്പ് കൊടി സ്ഥാപിച്ചിട്ടുണ്ട്.
വെച്ചൂച്ചിറയ്ക്ക് വെൺകുറിഞ്ഞിയിലെ സ്‌കൂളിന് മുന്നിലൂടെ മണിപ്പുഴ വഴിയുള്ള റോഡാണിത്. പൊതു മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിൽ സ്കൂളിന്റെ 50 മീറ്ററോളം അകലെ ആണ് റോഡിന്റെ അരികിൽ ടാറിങ് ഉൾപ്പടെയുള്ള ഭാഗം ഇടിഞ്ഞ് കുഴിയായി മാറിയിരിക്കുന്നത്. റോഡിൽ വീതി കുറഞ്ഞതും കയറ്റം തുടങ്ങുന്നതുമായ ഈ ഭാഗത്ത് എതിർ ദിശകളിൽ നിന്ന് ഒരേസമയം വാഹനങ്ങൾ എത്തിയാൽ കുഴിയിൽ ചാടി അപകടത്തിൽ പെടും. അമിത ഭാരം കയറ്റി എത്തുന്ന ടോറസ് ലോറികൾ ഈ ഭാഗത്ത് പതിവായി വാഹനം നിർത്തി ഗിയർ ഷിഫ്റ്റിംഗ് ചെയ്യുന്നത് മൂലം റോഡിൽ ഭാര സമ്മർദ്ദമുണ്ടായി ഇടിഞ്ഞു താഴ്ന്ന് കുഴിയായതാണെന്നും അടിയന്തിര പരിഹാര നടപടികൾ സ്വീകരിച്ചില്ലങ്കിൽ അപകടം സംഭവിക്കുമെന്നും സമീപവാസികൾ പറഞ്ഞു.