ബസിൽ കുഴഞ്ഞു വീണ വീട്ടമ്മയ്ക്ക് ജീവനക്കാരും സഹയാത്രികരും തുണയായി.
എരുമേലി : എട്ട് നോമ്പ് ആചരണത്തോട് അനുബന്ധിച്ച് പള്ളിയിൽ പോയി ബസിൽ മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ വീട്ടമ്മയ്ക്ക് സഹയാത്രികർ പ്രാഥമിക ശുശ്രൂഷ നൽകി ബസ് ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പമ്പാവാലി തുലാപ്പള്ളി അട്ടത്തോട് മരുതിമൂട്ടിൽ ബിന്ദു (49) ആണ് മണർകാട് പള്ളിയിൽ നിന്നും മടങ്ങി വരുന്നതിനിടെ ലക്ഷ്മി സ്വകാര്യ ബസിൽ ഇന്നലെ ഉച്ചക്ക് എരുമേലിക്ക് അടുത്ത് കൊരട്ടി ഭാഗം കഴിഞ്ഞപ്പോൾ പെട്ടന്ന് ശാരീരിക അസ്വസ്ഥത മൂലം അവശയായി കുഴഞ്ഞു വീണത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് കൊരട്ടിയിൽ സ്റ്റോപ്പിൽ ഇറങ്ങിയിരുന്നു. ബസിൽ ഉണ്ടായിരുന്ന സഹയാത്രികർ ആദ്യം അമ്പരെന്നെങ്കിലും ഉടൻ തന്നെ സഹായത്തിനെത്തി. ഒപ്പം ഇവർ വിവരം ബസ് ജീവനക്കാരെ അറിയിച്ചു. ബസിലുണ്ടായിരുന്ന ഇടകടത്തി സ്വദേശിനി യുവതി എൽസ സിപിആർ ചെയ്ത് ബിന്ദുവിനെ പരിചരിച്ചുകൊണ്ടിരുന്നു. എരുമേലി ടൗണിൽ എത്തിയപ്പോൾ സ്റ്റാൻഡിൽ പോകാതെ ബസ് എരുമേലി സർക്കാർ ആശുപത്രിയിലേക്ക് എത്തിയെങ്കിലും റോഡിൽ വീതി കുറവായതിനാൽ എതിരെ വാഹനങ്ങൾ വന്നുകൊണ്ടിരുന്നത് മൂലം കടന്നുപോകാനായില്ല. ഇതോടെ ബസിൽ നിന്ന് യാത്രക്കാരും നാട്ടുകാരും ചേർന്ന് ബിന്ദുവിനെ പുറത്തിറക്കി ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെട്ടന്ന് രക്ത സമ്മർദ്ദം താഴ്ന്നതാണ് അപകടനിലയിൽ എത്തിയതെന്ന് പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു. അടിയന്തിര ശുശ്രൂഷയോടെ ആരോഗ്യ നില വീണ്ടെടുത്ത ബിന്ദു പിന്നീട് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി. ശബരിമല തീർത്ഥാടന കേന്ദ്രത്തിലെ ഏക സർക്കാർ ആശുപത്രിയായിട്ടും ഇടുങ്ങിയ റോഡ് വികസിപ്പിക്കാൻ കഴിയാത്തത് അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ ലഭിക്കാൻ തടസമാവുകയാണ്. ഇത് പരിഹരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. അപകടത്തിലായ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ബസ് ജീവനക്കാരും സഹയാത്രികരും നാട്ടുകാരും ഇടപെട്ടത് അഭിനന്ദനാർഹവും മാതൃകയുമാണെന്ന് എരുമേലി സർക്കാർ ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി കറുകത്ര പറഞ്ഞു.