ബസിലെ മദ്യം കടത്തിയതിൽ പങ്കില്ലെന്ന് സൂചിപ്പിച്ച് പിരിച്ചുവിടപ്പെട്ട താത്കാലിക കണ്ടക്ടറുടെ പരാതി

പൊൻകുന്നം: പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്ന് ഓഗസ്റ്റ് 10-ന് മദ്യം കണ്ടെത്തിയ സംഭവത്തിൽ താൻ നിരപരാധിയാണെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്നും കാണിച്ച് താത്കാലിക ജീവനക്കാരനായ ഡ്രൈവർ കം കണ്ടക്ടർ ഇടക്കുന്നം സ്വദേശി പി.എം.ഫൈസൽ കോർപ്പറേഷന്റെ വിജിലൻസ് വിഭാഗത്തിന് പരാതി നൽകി.

കോഴിക്കോട് ബി.ഒ.ടി.ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽ നിന്ന് വിജിലൻസ് വിഭാഗം 750 മി.ലിറ്ററിന്റെ അഞ്ചുകുപ്പി വിദേശമദ്യം കണ്ടെത്തി എക്‌സസൈസിന് കൈമാറി കേസെടുത്തിരുന്നു. അന്ന് കണ്ടക്ടർ ഡ്യൂട്ടി ചെയ്ത പി.എം.ഫൈസലിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഡ്രൈവർ വി.ജി.രഘുനാഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

തന്റെ അറിവോടെയല്ല മദ്യം ബസിൽ സൂക്ഷിച്ചതെന്നും ഡ്രൈവറാണ് മദ്യം വാങ്ങി ബസിൽ വച്ചതെന്നുമാണ് ഫൈസലിന്റെ വാദം. ബസ് മാഹിയിൽ എത്തിയപ്പോൾ സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്തു ബസ് നിർത്തി. ട്രാഫിക് ബ്ലോക്കിൽ ബസ് നിർത്തിയതാകുമെന്നാണ് കരുതിയതെന്നും പരാതിയിൽ പറയുന്നു.

താൻ മാഹിയിലെത്തി സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും ബസ് നിർത്തിയ സ്ഥലത്ത് ഒരാൾ രണ്ടുകവറിലായി മദ്യം ഡ്രൈവറെ ഏൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും ഇതു തെളിവായി പരിഗണിക്കണമെന്നും കണ്ടക്ടർ പരാതിയിൽ ആവശ്യപ്പെട്ടു. വടകര സ്റ്റാൻഡിൽ എത്തിയപ്പോൾ താൻ ശൗചാലയത്തിൽ പോയെന്നും ഈ സമയത്താകാം അതുവരെ കൈവശം സൂക്ഷിച്ച മദ്യം ഡ്രൈവർ കണ്ടക്ടറുടെ സീറ്റിനടിയിൽ വെച്ചതെന്നുമാണ് കരുതുന്നത്. കേസ് ഉണ്ടാകുമെന്നു പറഞ്ഞതിനാൽ വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരം മൊഴി എഴുതി നൽകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സി.സി.ടി.വി.ദൃശ്യങ്ങൾ തെളിവായി പരിഗണിച്ച് തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് ഫൈസൽ അഭ്യർഥിച്ചത്.

error: Content is protected !!