ഇഎസ്എ വിടുതൽ സന്ധ്യ സംഘടിപ്പിക്കാൻ ഇൻഫാം

കാഞ്ഞിരപ്പള്ളി ∙ പരിസ്ഥിതി ദുർബല പ്രദേശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത മേഖലകളിലെ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തി ഇൻഫാമിന്റെ നേതൃത്വത്തിൽ ഇഎസ്എ വിടുതൽ സന്ധ്യ സംഘടിപ്പിക്കുമെന്ന് ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു. പാറത്തോട് മലനാട് ഓഡിറ്റോറിയത്തിൽ 17ന് രാത്രി 7.30ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല സംഘടിപ്പിക്കുന്ന ഇഎസ്എ വിടുതൽ സന്ധ്യയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ എംഎം മണി, വാഴൂർ സോമൻ, ഡോ. എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിൽ ഇഎസ്എ മേഖലയിൽ ലക്ഷക്കണക്കിനു ജനങ്ങൾ താമസിക്കുന്നതിനാൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനപ്രതിനിധികൾ കാര്യക്ഷമമായി ഇടപെടണം. രാജ്യത്തിനും സംസ്ഥാനത്തിനും ഏറെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധവ്യഞ്ജനങ്ങൾ വിളയുന്ന ഏലമലക്കാടുകൾ പൂർണമായും വനഭൂമിയാക്കാനുള്ള വനംവകുപ്പിന്റെ ഗൂഢ നീക്കം സർക്കാർ തടഞ്ഞ് റവന്യു ഭൂമിയായി നിലനിർത്തണം. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഇഎസ്എ വിടുതൽ സന്ധ്യ നടത്തുന്നത്.

പ്രശ്നബാധിത മേഖലകളിലെ ജനങ്ങൾ ഒപ്പിട്ട ഭീമഹർജിയും ഏലമലക്കാടുകൾ റവന്യു ഭൂമിയായി നിലനിർത്തണമെന്നാവശ്യപ്പെട്ട് നിവേദനവും ജനപ്രതിനിധികൾക്ക് ഇൻഫാം കൈമാറും. ജോയിന്റ് ഡയറക്ടർമാരായ, ഫാ.റോബിൻ പട്രക്കാലായിൽ, ഫാ. ആൽബിൻ പുൽത്തകിടിയേൽ, ഫാ.ജിൻസ് കിഴക്കേൽ, പ്രസിഡന്റ് ഏബ്രഹാം മാത്യു പന്തിരുവേലിൽ, സെക്രട്ടറി ഡോ.പി.വി.മാത്യു പ്ലാത്തറ, ട്രഷറർ ജെയ്സൺ ചെംബ്ലായിൽ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

error: Content is protected !!