എലിക്കുളത്ത് കൃത്യതാ കൃഷിയിലൂടെ പച്ചക്കറി വിപ്ലവം
എലിക്കുളം: സംസ്ഥാന സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഭൂമിക കൃഷിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ എലിക്കുളം പഞ്ചായത്തിൽ ഇതാദ്യമായി കൃത്യതാ കൃഷി രീതിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. 50 സെന്റ് സ്ഥലത്ത് 1000 ഹൈബ്രിഡ് വെണ്ടയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത് . ഇത് ഒരേക്കറിൽ വ്യാപിപ്പിക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്. 4 അടി അകലത്തിൽ 2 അടി ഉയരത്തിൽ തയാറാക്കിയ ബെഡിൽ അടിവളമായി ധാരാളം ജൈവ വളം ചേർത്ത ശേഷം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പുതയിട്ട് തുള്ളി നനയിലൂടെ വെള്ളവും വളവും കൃത്യമായ അളവിൽ നൽകുന്നതിനാൽ കളകളെയും മണ്ണിലൂടെ വരുന്ന രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനും കഴിയും. ജീവാണു പ്രയോഗം വിത്തിടുമ്പോൾ തന്നെ നടത്തുന്നതിനാൽ നിമാവിരകളെ നിയന്ത്രിക്കാനുംവേരുപടലം കൂടുതൽ വ്യാപിപ്പിച്ച് ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ കൃത്യമായി ലഭ്യമാക്കാനും കഴിയും. ശാസ്ത്രീയകൃഷിയിലൂടെ കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച വരുമാനം നേടാൻ കൃത്യതാ പച്ചക്കറി കൃഷിയിലൂടെ കഴിയും .
എലിക്കുളം വലിയ മുണ്ടക്കൽ പുരയിടത്തിൽ നടന്ന വിത്തിടീൽ ഉത്സവത്തിൽ വാർഡ് മെമ്പർ ദീപാ ശ്രീജേഷ്, ഭൂമിക കൃഷിക്കൂട്ടം അംഗങ്ങളായ ബൈജു കൊടിപ്പറമ്പിൽ, ഷിജു വി.നായർ, ടി.എസ്.രഘു, കെ.ആർ.രമേഷ്, ബി.ശശിധരൻ നായർ, ശ്രീജേഷ്, അജിത്കുമാർ , കൃഷി ഓഫീസർ കെ.പ്രവീൺ എന്നിവർ പങ്കെടുത്തു.