സൈബർ തട്ടിപ്പുകാർ സിബിഐ സംഘം ചമഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിനിയിൽനിന്നു 1.86 കോടി രൂപ തട്ടിയെടുത്തു
കാഞ്ഞിരപ്പള്ളി : സൈബർ തട്ടിപ്പുകാർ സിബിഐ സംഘം ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് നടത്തിയതിലൂടെ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് 1.86 കോടി രൂപ നഷ്ടപ്പെട്ടു. കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിനിയായ , 68 വയസ്സുള്ള വനിതക്കാണ് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായത് .
സെപ്റ്റംബർ ഒന്നിന് അവരുടെ ഫോണിലേക്കു സിബിഐ ഓഫിസിൽ നിന്നെന്നു പറഞ്ഞു വിളിയെത്തി. ഇവരുടെ പേരും കുടുംബവിവരങ്ങളും പറഞ്ഞശേഷം അതു ശരിയല്ലേയെന്നു ചോദിച്ചു. തുടർന്നു വിഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടു. വിഡിയോ കോളിൽ സിബിഐ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി യൂണിഫോമിലുള്ള ഒരാളെത്തി. തുടർന്ന് ഇവരോടു ബാങ്ക് വിവരങ്ങൾ പറഞ്ഞു.
മുംബൈയിലെ ബാങ്കിലുള്ള ഇവരുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയെന്നും കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വ്യാജമായി നിർമിച്ച അറസ്റ്റ് വാറന്റ് വിഡിയോ കോളിൽ കാണിച്ചു.
ഇവർ പരിഭ്രാന്തയായെന്നു കണ്ടതോടെ കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം തരണമെന്നാവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നു കാഞ്ഞിരപ്പള്ളി സ്വദേശിനി പല തവണകളായി 1.86 കോടി തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു. പണം കൈമാറിയ വിവരം ബന്ധുക്കളുമായി പങ്കുവച്ചപ്പോഴാണ് തട്ടിപ്പാണെന്നു ബോധ്യപ്പെട്ടത്.തുടർന്നു കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു .
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ പൊലീസോ കോടതിയോ അന്വേഷണസംഘങ്ങളോ ആവശ്യപ്പെടില്ല. വിഡിയോ കോൾ വഴി ആരും അറസ്റ്റ് ചെയ്യില്ല. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെനു
ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽഹമീദ് അറിയിച്ചു .