പാതി തളർന്ന ബിജുവിന്റെ മറുപാതിയായി ഒപ്പം നിന്ന ഭാര്യ ജൂബി ഓർമ്മയായി ..

മുക്കൂട്ടുതറ : അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപോയ ബിജുവിനെ വിധിയുടെ വിളയാട്ടത്തിന് വിട്ടുകൊടുക്കാതെ മറുപാതിയായി ഒപ്പം നിന്ന് , ബിജുവിനെ ദേശീയ തലത്തിൽ വരെ ശ്രദ്ധേയനാക്കുവാൻ സാധിച്ചെങ്കിലും , മുപ്പത്തി എട്ടാം വയസ്സിൽ ജീവിച്ചു കൊതി തീരാതെ ഭാര്യ ജൂബി മരണത്തിന് കീഴടങ്ങി .

തളർന്നുപോയ നിരവധിപേർക്ക് അതിജീവനമന്ത്രം നൽകി അവരെ ജീവിതത്തിലേക്ക് പ്രത്യാശയോടെ മടക്കികൊണ്ടുവന്ന മുക്കൂട്ടുതറ പുരയിടത്തിൽ ബിജു വർഗീസിന് സ്വന്തം ഭാര്യയുടെ ആകസ്മിക വേർപാട് ഒരിക്കലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് .

അരയ്ക്ക് കീഴ്പ്പോട്ട് തളർത്തിയ വിധിയെ കാറോടിച്ച് തോൽപ്പിക്കാൻ മുക്കൂട്ടുതറ പുരയിടത്തിൽ ബിജു വർഗീസിന് അതിജീവനം പകർന്ന ഭാര്യ ജൂബി (38) ഇനി ഒരിക്കലും തളരാത്ത ഓർമചിത്രം.

ജൂബിയുടെ മൃതദേഹത്തിന് അരികിൽ സങ്കടത്തിന്റെ കടലാഴമായി ഇരിക്കുന്ന ബിജുവിനെ ആശ്വസിപ്പിക്കാൻ നാടിന് വാക്കുകളില്ല. കഴിഞ്ഞ ദിവസമായിരുന്നു ജൂബിയുടെ വിയോഗം. സംസ്കാരം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ നടന്നു.

വർഷങ്ങൾക്ക് മുമ്പ് കൊട്ടാരക്കരയ്ക്ക് അടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ശരീരം അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന് ആശുപത്രി കിടക്കയിൽ ജീവച്ഛവമായി കഴിയുമ്പോഴാണ് ബിജുവിന്റെ ജീവിതത്തിലേക്ക് മാലാഖയായി നഴ്‌സ് ജൂബി കടന്നുവരുന്നത്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ബിജുവിന് ജീവിത സഖിയായി ജൂബി മാറിയതോടെ ഒരിക്കലും പുറം ലോകം കാണില്ലന്ന് കരുതിയ ബിജു സ്വന്തം കാറിന്റെ ഗിയറും ക്ലച്ചും ബ്രേക്കും ആക്സിലേറ്ററും സ്റ്റിയറിങ്ങിനോട് ചേർത്ത് സ്ഥാപിച്ച് കൈകളിലാക്കി രാജ്യമൊട്ടാകെ കാറോടിച്ച് ചുറ്റിയടിച്ചു. ഇതോടെ അംഗവിഹീനർക്ക് അതിജീവനത്തിന്റെ പ്രചോദനമായി ബിജു.

കാർ ഓടിക്കാൻ ബിജു നടത്തിയ സാങ്കേതിക മാറ്റത്തിന് രാഷ്ട്രപതി എ പി ജെ അബ്ദുൽകലാം ദേശീയ ബഹുമതി നൽകി ആദരിച്ചു. തുടർന്ന് ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചെന്ന് മാത്രമല്ല വീട്ടിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയിലൂടെ സംസ്ഥാനത്തെ മികച്ച കർഷകരിൽ ഒരാളായി സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചു.

വീട്ടിൽ വീൽചെയറിലിരുന്ന് പറമ്പാകെ പന്തലിട്ട് പച്ചക്കറി കൃഷി നടത്തിയപ്പോൾ സംസ്ഥാന കൃഷി വകുപ്പ് അത് ഏറ്റെടുത്ത് കർഷക പ്രതീക്ഷാ അവാർഡ് നൽകിയാണ് ആദരിച്ചത്. ബിജുവിനും ഭാര്യ ജൂബിയ്ക്കും ആഹ്ലാദത്തിന്റെ വസന്തം പകർന്ന് മകൻ ജോർജ്കുട്ടിയും ആയതോടെ ഏറെ സന്തോഷത്തിലായിരുന്നു കുടുംബം.

ബിജുവിന്റെ കണ്ടുപിടുത്തം വികലാംഗർക്ക് സ്വന്തമായി വാഹനമോടിക്കാൻ സഹായകമാവുകയും രാജ്യത്തെ നൂറുകണക്കിന് അംഗ വിഹീനർക്ക് വാഹനമോടിക്കാൻ ബിജു വീട്ടിലെ വർക് ഷോപ്പിലിരുന്ന് പണികൾ ചെയ്തുകൊടുക്കുകയും ചെയ്തു. ഇതിനിടെ ആയിരുന്നു പച്ചക്കറി കൃഷിയും. വാഹനങ്ങളിൽ സാങ്കേതിക മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് അനുമതിയും നൽകിയിരുന്നു. സിഎൻഎൻ ഐബിഎൻ ചാനൽ ഇൻഡ്യയീലെ ബി പോസിറ്റീവ് വ്യക്തികളിലൊരാളായി ബിജുവിനെ തെരഞ്ഞെടുത്തിരുന്നു. ഒട്ടേറെ പരിപാടികളിൽ മോട്ടിവേഷൻ സ്പീക്കർ ആയി ബിജു തന്റെ അനുഭവം പങ്ക് വെച്ചതിൽ പറയാനുണ്ടായിരുന്നതിൽ ഏറെയും തന്റെ പ്രിയപ്പെട്ട ജൂബി പകർന്ന സ്നേഹത്തിന്റെ കഥയായിരുന്നു. കഴിഞ്ഞയിടെ അപ്രതീക്ഷിതമായി തേടിയെത്തിയ രോഗം ജൂബിയെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതോടെ നാടും അതീവ സങ്കടത്തിലാണ്.

error: Content is protected !!