റേഷൻ ഇ – കെവൈസി: റേഷൻകടകളിലെത്തി മസ്റ്ററിങ് നടത്താൻ ഇനി 2 ദിവസം മാത്രം
കാഞ്ഞിരപ്പള്ളി : ∙ മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ റേഷൻ ഇ – കെവൈസി മസ്റ്ററിങ്ങിനായി കോട്ടയം ജില്ലയ്ക്ക് പ്രത്യേകം അനുവദിച്ച ദിവസങ്ങൾ പൂർത്തിയായപ്പോൾ ഇന്നലെ വരെ മസ്റ്ററിങ് നടത്തിയത് 78.25% പേർ. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നു വരെയാണു ജില്ലയ്ക്ക് മസ്റ്ററിങ്ങിനു പ്രത്യേകം അനുവദിച്ച സമയം.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 1,11,475 പിങ്ക് കാർഡ് ഉള്ളവരിൽ 88,648 പേർ മസ്റ്ററിങ് നടത്തി. 16,164 മഞ്ഞ കാർഡ് ഉള്ളവരിൽ 13,296 പേർ മസ്റ്ററിങ് പൂർത്തിയാക്കി.
ഈ ദിവസങ്ങളിൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്ക് 8 വരെ പ്രവൃത്തിസമയത്തു കടകളിലെത്തി മസ്റ്ററിങ് ചെയ്യാൻ ഒരു അവസരം കൂടി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ മസ്റ്ററിങ് ചെയ്യാത്തവരുടെ റേഷൻ വിഹിതം അടുത്ത മാസം മുതൽ കുറയ്ക്കാനാണ് തീരുമാനം. മരിച്ചവരുടെ പേരിലും മറ്റും അനധികൃതമായി റേഷൻ കൈപ്പറ്റുന്നതു തടയാനാണ് ആധാർ അധിഷ്ഠിത മസ്റ്ററിങ്.
അതേസമയം, ചിലരുടെ വിരലടയാളം പലതവണ പതിപ്പിച്ചാലും മസ്റ്ററിങ് ചെയ്യാനാകുന്നില്ലെന്നു വ്യാപാരികൾക്ക് പരാതിയുണ്ട്. റേഷൻ കടകളിൽ ഐറിസ് സ്കാനറുകൾ ലഭ്യമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കിടപ്പുരോഗികൾ, സംസ്ഥാനത്തിനു പുറത്തുളളവർ, വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പഠനത്തിനു പോയവർ, വിദേശത്ത് ജോലി നോക്കുന്നവർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഇനി മസ്റ്ററിങ് നടത്താനുള്ളത്.