കുറി വിവാദം അവസാനിക്കുന്നു ; എരുമേലി ക്ഷേത്രത്തിൽ കുറി തൊടുവാൻ സൗജന്യ സംവിധാനം.

എരുമേലി : ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പ ഭക്തരിൽ നിന്ന് കുറി തൊടുന്നതിന് ഫീസ് ഈടാക്കേണ്ടതില്ലന്ന് ദേവസ്വം ബോർഡ്. ഫീസ് വാങ്ങാൻ വേണ്ടി കഴിഞ്ഞയിടെ നടത്തിയ ലേലം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സൗജന്യമായി കുറി തൊടാൻ ക്ഷേത്രത്തിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനം തുടരാനും തീരുമാനമായി. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ബോർഡിൽ തീരുമാനമായി.

ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച ഹർജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കുമ്പോൾ ഫീസ് വാങ്ങാൻ നടത്തിയ ലേലം റദ്ദാക്കിയതും സൗജന്യ സംവിധാനം ഏർപ്പെടുത്തിയതും സംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ച് കോടതിയിൽ ഹർജി തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

പത്ത് രൂപ നിരക്കിൽ കുറി തൊടാൻ ഫീസ് വാങ്ങുന്നതിനാണ് നാല് സ്റ്റാളുകൾക്കായി ലേലം നടത്തിയത്. പത്ത് ലക്ഷത്തോളം രൂപയ്ക്കാണ് ലേലം നടന്നത്. ഇത് വിവാദമാവുകയും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ച് ഹൈക്കോടതിയിൽ എരുമേലി സ്വദേശിയും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയുമായ മനോജ്‌ എസ് നായർ ഹർജി നൽകുകയും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ബോർഡിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ലേലം റദ്ദാക്കി നിലവിലുള്ള സൗജന്യ സംവിധാനം തുടരുന്നതിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.

error: Content is protected !!