ആംബുലൻസ് അപകടത്തെ തുടർന്ന് മരണപ്പെട്ട പി.കെ.രാജുവിന്റെ സംസ്കാരം ഇന്ന്
പൊൻകുന്നം : ശനിയാഴ്ച പുലർച്ചെ പൊൻകുന്നം ആട്ടിക്കലിൽ ഉണ്ടായ ആംബുലൻസ് അപകടത്തെ തുടർന്ന് പരിക്കേറ്റ് മരണപ്പെട്ട പാലമ്പ്ര പാറക്കടവിൽ പി.കെ.രാജു (64) വിന്റെ സംസ്കാരം ഇന്ന് 2 മണിക്ക് പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ നടക്കും . ഭാര്യ: മുക്കാലി വെട്ടിക്കാട്ടുപ്പറമ്പിൽ മോളി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സി.വി.സാജു, സാജു പോൾ.
26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്ന വഴി ഇന്നലെ പുലർച്ചെ 3.45ന് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അട്ടിക്കൽ പഴയ ആർടി ഓഫിസിനു സമീപമായിരുന്നു അപകടം നടന്നത് .
വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന രാജുവിന് രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണ് 26–ാം മൈലിൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ രക്തസമ്മർദവും പ്രമേഹവും നിയന്ത്രണാതീതമായി കണ്ടെത്തിയതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. പുറത്തുനിന്ന് ആംബുലൻസ് വിളിച്ചു കോട്ടയത്തേക്കു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴി, അട്ടിക്കൽ വച്ച് ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രാജുവിന്റെ ഭാര്യ മോളി, മരുമകൻ സാജു പോൾ, നഴ്സ് ലിൽറ്റ എന്നിവർക്കു നിസ്സാര പരുക്കേറ്റു.
അട്ടിക്കൽ പെരുമന രാജേഷിന്റെ ഭാര്യയും രണ്ടു മക്കളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. രാജേഷ് ദുബായിലാണ്. ഭാര്യ കൊടുങ്ങൂർ ഗ്രാമീൺ ബാങ്കിലെ ഗോൾഡ് അപ്രൈസർ അർച്ചനയും മക്കളായ ആദിത്യനും അനഘയുമാണു വീട്ടിലുണ്ടായിരുന്നത്. ചിതറിയ ഭിത്തിയുടെ കഷണങ്ങൾ തെറിച്ചുവീണ് അർച്ചനയുടെയും അനഘയുടെയും കാലിനും കൈക്കും നിസ്സാര പരുക്കേറ്റു. വീടിന്റെ മുൻവശത്തെ മുറിയുടെ ഭിത്തി പൂർണമായി തകർന്നുവീണു.