കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :06/10/2024
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …
ആംബുലൻസ് അപകടത്തെ തുടർന്ന് മരണപ്പെട്ട പി.കെ.രാജുവിന്റെ സംസ്കാരം ഇന്ന്
പൊൻകുന്നം : ശനിയാഴ്ച പുലർച്ചെ പൊൻകുന്നം ആട്ടിക്കലിൽ ഉണ്ടായ ആംബുലൻസ് അപകടത്തെ തുടർന്ന് പരിക്കേറ്റ് മരണപ്പെട്ട പാലമ്പ്ര പാറക്കടവിൽ പി.കെ.രാജു (64) വിന്റെ സംസ്കാരം ഇന്ന് 2 മണിക്ക് പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ നടക്കും . ഭാര്യ: മുക്കാലി വെട്ടിക്കാട്ടുപ്പറമ്പിൽ മോളി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സി.വി.സാജു, സാജു പോൾ.
26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്ന വഴി ഇന്നലെ പുലർച്ചെ 3.45ന് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അട്ടിക്കൽ പഴയ ആർടി ഓഫിസിനു സമീപമായിരുന്നു അപകടം നടന്നത് .
വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന രാജുവിന് രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണ് 26–ാം മൈലിൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ രക്തസമ്മർദവും പ്രമേഹവും നിയന്ത്രണാതീതമായി കണ്ടെത്തിയതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. പുറത്തുനിന്ന് ആംബുലൻസ് വിളിച്ചു കോട്ടയത്തേക്കു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴി, അട്ടിക്കൽ വച്ച് ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രാജുവിന്റെ ഭാര്യ മോളി, മരുമകൻ സാജു പോൾ, നഴ്സ് ലിൽറ്റ എന്നിവർക്കു നിസ്സാര പരുക്കേറ്റു.
അട്ടിക്കൽ പെരുമന രാജേഷിന്റെ ഭാര്യയും രണ്ടു മക്കളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. രാജേഷ് ദുബായിലാണ്. ഭാര്യ കൊടുങ്ങൂർ ഗ്രാമീൺ ബാങ്കിലെ ഗോൾഡ് അപ്രൈസർ അർച്ചനയും മക്കളായ ആദിത്യനും അനഘയുമാണു വീട്ടിലുണ്ടായിരുന്നത്. ചിതറിയ ഭിത്തിയുടെ കഷണങ്ങൾ തെറിച്ചുവീണ് അർച്ചനയുടെയും അനഘയുടെയും കാലിനും കൈക്കും നിസ്സാര പരുക്കേറ്റു. വീടിന്റെ മുൻവശത്തെ മുറിയുടെ ഭിത്തി പൂർണമായി തകർന്നുവീണു.
കുറി വിവാദം അവസാനിക്കുന്നു ; എരുമേലി ക്ഷേത്രത്തിൽ കുറി തൊടുവാൻ സൗജന്യ സംവിധാനം.
എരുമേലി : ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പ ഭക്തരിൽ നിന്ന് കുറി തൊടുന്നതിന് ഫീസ് ഈടാക്കേണ്ടതില്ലന്ന് ദേവസ്വം ബോർഡ്. ഫീസ് വാങ്ങാൻ വേണ്ടി കഴിഞ്ഞയിടെ നടത്തിയ ലേലം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സൗജന്യമായി കുറി തൊടാൻ ക്ഷേത്രത്തിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനം തുടരാനും തീരുമാനമായി. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ബോർഡിൽ തീരുമാനമായി.
പത്ത് രൂപ നിരക്കിൽ കുറി തൊടാൻ ഫീസ് വാങ്ങുന്നതിനാണ് നാല് സ്റ്റാളുകൾക്കായി ലേലം നടത്തിയത്. പത്ത് ലക്ഷത്തോളം രൂപയ്ക്കാണ് ലേലം നടന്നത്. ഇത് വിവാദമാവുകയും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ച് ഹൈക്കോടതിയിൽ എരുമേലി സ്വദേശിയും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയുമായ മനോജ് എസ് നായർ ഹർജി നൽകുകയും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ബോർഡിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ലേലം റദ്ദാക്കി നിലവിലുള്ള സൗജന്യ സംവിധാനം തുടരുന്നതിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച ഹർജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കുമ്പോൾ ഫീസ് വാങ്ങാൻ നടത്തിയ ലേലം റദ്ദാക്കിയതും സൗജന്യ സംവിധാനം ഏർപ്പെടുത്തിയതും സംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ച് കോടതിയിൽ ഹർജി തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
പത്ത് രൂപ നിരക്കിൽ കുറി തൊടാൻ ഫീസ് വാങ്ങുന്നതിനാണ് നാല് സ്റ്റാളുകൾക്കായി ലേലം നടത്തിയത്. പത്ത് ലക്ഷത്തോളം രൂപയ്ക്കാണ് ലേലം നടന്നത്. ഇത് വിവാദമാവുകയും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ച് ഹൈക്കോടതിയിൽ എരുമേലി സ്വദേശിയും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയുമായ മനോജ് എസ് നായർ ഹർജി നൽകുകയും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ബോർഡിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ലേലം റദ്ദാക്കി നിലവിലുള്ള സൗജന്യ സംവിധാനം തുടരുന്നതിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.
എലിക്കുളത്ത് ഔഷധഗുണമുള്ള നെല്ലിന്റെ കൃഷി ആരംഭിച്ചു ; മാണി.സി. കാപ്പൻ എം.എൽ.എ. വിത്തുവിതയ്ക്കലിന്റെ
ഉദ്ഘാടനം നിർവഹിച്ചു .
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽക്കൃഷിയുള്ള ഏക പഞ്ചായത്തായ എലിക്കുളത്ത് പുതിയ പാടശേഖരത്തു ഔഷധഗുണമുള്ള നെല്ലിന്റെ കൃഷി ആരംഭിച്ചു. കാൽനൂറ്റാണ്ട് തരിശായി കിടന്ന മല്ലികശ്ശേരിയിലെ നാലേക്കർ കോക്കാട്ട്- ഇടയ്ക്കാട്ട് പാടശേഖരത്താണു പുതിയ കൃഷി തുടങ്ങിയത്. ഔഷധ ഗുണമുള്ള രക്തശാലി ഇനം നെൽവിത്തുകളാണു വിതച്ചത്. ഇതു കൂടാതെ നേരത്തെ മുതൽ പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലെ 30 ഏക്കറോളം സ്ഥലത്തു നെൽക്കൃഷി ചെയ്തു വരുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ കാപ്പുകയം പാടശേഖര സമിതിയാണു കൃഷി നടപ്പാക്കുന്നത്.
എലിക്കുളം പഞ്ചായത്തിൽ ആദ്യമായാണ് ഏറെ ഔഷധ ഗുണമുള്ള ഇത്തരം നെൽ വിത്ത് വിതയ്ക്കുന്നത്. പണ്ടുകാലത്ത് നമ്മുടെ പൂർവ്വികർ വിതച്ചിരുന്ന അപൂർവ്വ ഇനത്തിൽപ്പെട്ടതും ഏറെ രോഗപ്രതിരോധ ശേഷിയുള്ളതുമാണിത്. വിത്തുവിതയ്ക്കലിന്റെ
ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം കൃഷി ഓഫിസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, അഖിൽ അപ്പുക്കുട്ടൻ, ജയിംസ് ജീരകത്ത്, യമുന പ്രസാദ്, പാടശേഖര ഉടമകളായ മാത്യു കോക്കാട്ട്, ജോജോ ഇടയ്ക്കാട്ട്, എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.
എം ജി സൗത്ത് സോൺ വനിതാ ഷട്ടിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കൾ..
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന പ്രഥമ എം ജി സർവകലാശാല സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിൻ ടൂർണമെന്റിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കളായി. ഈരാറ്റുപേട്ട എം ഈ എസ് കോളേജിനാണ് രണ്ടാം സ്‌ഥാനം ആതിഥേയരായ സെൻറ് ഡൊമിനിക്‌സ് കോളേജ് മൂന്നാം സ്‌ഥാനം നേടി.
സർവകലാശാലിയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 15 കോളേജ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു .സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തപ്പെട്ടത്. ഈ മത്സരത്തിൽ ആദ്യ നാലു സ്‌ഥാനം നേടിയ ടീമുകൾ എറണാകുളത്ത് വച്ച് നടക്കുന്ന സർവ്വകലാശാല ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടി .അമലഗിരി ബി കെ കോളേജിനാണ് നാലാം സ്‌ഥാനം.
രാവിലെ പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, കുമാരി അശ്വിനി ഹരി എന്നിവർ പ്രസംഗിച്ചു.
അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഹാക്കത്തൺ
കാഞ്ഞിരപ്പള്ളി ∙ നാസ സ്പേസ് ആപ്സ് ചാലഞ്ച് 2024 ഹാക്കത്തൺ അമൽജ്യോതി എൻജിനീയറിങ് കോളജിൽ ആരംഭിച്ചു. 2 ദിവസമായി നടത്തുന്ന മത്സരങ്ങളിൽ രണ്ടായിരത്തോളം സ്കൂൾ, കോളജ് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
നാസ പ്രസിദ്ധീകരിച്ചിട്ടുള്ള 21 വിവിധ ചാലഞ്ചുകളിലണ് ലോകത്ത് വിവിധ രാജ്യങ്ങളിലായി ഒരേ സമയം നടത്തുന്നത്. ഐഇഡിസി – കേരള സ്റ്റാർട്ടപ് മിഷൻ, ഇന്നവേഷൻ കൗൺസിൽ – ഐഐസി, അമൽ ജ്യോതി സ്റ്റാർട്ടപ്പ് വാലി ടിബിഐ, ഐസിഫോസ്, യൂണീക് വേൾഡ് റോബട്ടിക്സ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഹാക്കത്തണിൽ മത്സരിക്കുന്ന സ്കൂൾ കോളജ് തല വിജയികൾക്ക് വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ വിതരണം ചെയ്യും.
കോളജ് തല വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ കൊല്ലംകുളം അലക്സ് ഏബ്രഹാം മെമ്മോറിയൽ അവാർഡുകളും നൽകും. ഹാക്കത്തൺ ഇന്നു സമാപിക്കും.
നീതിഞായർ ആചരിച്ചു
കാഞ്ഞിരപ്പള്ളി ∙ വിജയപുരം രൂപത ഡിസിഎംഎസ് മുണ്ടക്കയം മേഖലയുടെ നേതൃത്വത്തിൽ നീതിഞായർ ആചരണവും വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും നടത്തി. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് സണ്ണി ജോൺ പാമ്പാടിയിൽ അധ്യക്ഷത വഹിച്ചു. ഡോ. വിനിൽ പോൾ പ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ടോം ജോസ് സന്ദേശം നൽകി.
ഡിസിഎംഎസ് വിജയപുരം രൂപതാ ഡയറക്ടർ ഫാ.ജോസഫ് തറയിൽ കെസിബിസി വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു.
മേഖല ഡയറക്ടർ ഫാ.തോമസ് തൈപ്പറമ്പിൽ, യൂണിറ്റ് ഡയറക്ടർ ഫാ.സജി പൂവത്തുകാട്, സംസ്ഥാന സെക്രട്ടറി ബിജി സാലസ്, സംസ്ഥാന ഓർഗനൈസർ ത്രേസ്യാമ്മ മത്തായി, രൂപതാ പ്രസിഡന്റ് ജോയി ജോർജ്, സെക്രട്ടറി ടോമി പൂവത്തോലിൽ, പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, മേഖല സെക്രട്ടറി കെ.ആർ. സാബു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിബു ജോസഫ്, ഇടവക സെക്രട്ടറി ബെന്നി പാമ്പാടിയിൽ, കെസിവൈഎം യൂണിറ്റ് സെക്രട്ടറി അമല അന്ന ജോസ് എന്നിവർ പ്രസംഗിച്ചു.
കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി യുവാക്കൾ മാതൃകയായി
കോരുത്തോട് ∙ കളഞ്ഞുകിട്ടിയ സ്വർണമാല അധ്യാപികയ്ക്കു തിരികെ നൽകി യുവാക്കൾ മാതൃകയായി.
പള്ളിപ്പടി സെന്റ് ജോർജ് സ്കൂളിലെ അധ്യാപികയുടെ മാലയാണ് ഇന്നലെ നഷ്ടമായത്. സ്കൂളിനു സമീപം വഴിയിൽ കിടന്ന മാല ചേലയ്ക്കൽ ഷെറിൻ മാത്യു, ജെറിൻ എന്നിവർക്കു ലഭിച്ചു. മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ യുവാക്കൾ ഉടമയെ കണ്ടെത്തി മാല കൈമാറി.
സിഎച്ച് പ്രതിഭാ ക്വിസ് ജില്ലാതല മത്സരം
കാഞ്ഞിരപ്പള്ളി ∙ മുൻമുഖ്യമന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാർഥം കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന സിഎച്ച് പ്രതിഭാ ക്വിസ് ജില്ലാതല മത്സരം ഇന്നു നൂറുൽ ഹുദാ യുപി സ്കൂളിൽ നടത്തും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തുന്ന മത്സരത്തിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സബ്ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണു മത്സരിക്കുന്നതെന്നു കെഎസ്ടിയു ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം സെക്രട്ടറി തൗഫീഖ് കെ. ബഷീർ എന്നിവർ അറിയിച്ചു.
തെരുവുനായശല്യം പരിഹരിക്കണം: യുടിയുസി
എരുമേലി ∙ നഗരത്തിലും പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു പട്ടികളെ നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്ന് യുടിയുസി കൺസ്ട്രക്‌ഷൻ ലേബർ യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എരുമേലി പേട്ടക്കവല, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങി എല്ലാ പ്രദേശങ്ങളിലും തെരുവുനായ്ക്കൂട്ടം അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കും നാട്ടുകാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്ന നായകളെ നീക്കം ചെയ്യണം.
.എൻ. സദാനന്ദൻ, പി.കെ. റസാഖ്, വി.എൻ. വിനോദ്, ഏ.കെ. സിബി, സാബു ഇടുക്കി എന്നിവർ പ്രസംഗിച്ചു.
പുഞ്ചവയൽ പള്ളി രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
പുഞ്ചവയൽ ∙ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. പുഞ്ചവയൽ ഇടവക സ്ഥാപിതമായിട്ട് 50 വർഷവും പുതിയ പള്ളി സ്ഥാപിതമായിട്ട് 25 വർഷവുമായി.
ഒരു വർഷത്തെ ജൂബിലി ആഘോഷങ്ങൾ ഇന്ന് 4നു സിറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന കുർബാനയോടെ ആരംഭിക്കും. ജൂബിലി തിരി തെളിച്ച് ആഘോഷങ്ങൾ ബിഷപ് ഉദ്ഘാടനം ചെയ്യും.
പള്ളി നിർമാണത്തിനു നേതൃത്വം നൽകിയ ഫാ. വർഗീസ് പരിന്തിരിക്കൽ, വികാരി ഫാ.മാത്യു പുത്തൻപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിക്കും. കൈക്കാരൻമാർ, പാരിഷ് കൗൺസിൽ, കൂട്ടായ്മ ലീഡേഴ്സ്, വിവിധ ഭക്തസംഘടനകൾ എന്നിവർ നേതൃത്വം നൽകും.
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി മണിമല പഞ്ചായത്ത്
മണിമല ∙ ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി മണിമല പഞ്ചായത്ത്. പ്രസിഡന്റ് ബിനോയി വർഗീസ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് റോസമ്മ ജോൺ, സ്ഥിരസമിതി അധ്യക്ഷരായ ജയിംസ് പി.സൈമൺ, സുനി വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, സാക്ഷരത പ്രേരക്, ഡിജി കേരള വൊളന്റിയർമാർ എന്നിവർ പങ്കെടുത്തു.
പ്ലാച്ചേരി മുതൽ മുക്കട വരെ വനപാതയുടെ ഇരുവശങ്ങളിൽ നിന്നും മാലിന്യം നീക്കി സന്നദ്ധപ്രവർത്തകർ
എരുമേലി ∙ പ്ലാച്ചേരി മുതൽ മുക്കട വരെയുള്ള ഒരു കിലോമീറ്റർ വനപാതയുടെ ഇരുവശങ്ങളിൽ നിന്നും സന്നദ്ധപ്രവർത്തകർ നീക്കിയത് 25 ടൺ മാലിന്യം.
ഇന്നലെ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തിൽ പാതയോര സൗന്ദര്യവൽക്കരണ പദ്ധതിയായ ഹരിതം അരണ്യകത്തിന്റ രണ്ടാംഘട്ടമായി പ്ലാച്ചേരി –എരുമേലി റോഡിൽ പ്ലാച്ചേരി മുതൽ മുക്കട വരെയുള്ള വനപാതയുടെ ഇരു വശങ്ങളും ശുചീകരിച്ചത്.
ഇവിടെ തള്ളിയിരുന്ന മാലിന്യങ്ങൾ ഭൂരിഭാഗവും വ്യാവസായിക, കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവ ആയിരുന്നെന്ന് ശുചീകരണത്തിനു നേതൃത്വം നൽകിയ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ പറഞ്ഞു. ടൺകണക്കിനു ഡയപ്പറുകളാണു റോഡിന്റെ അരികിൽ തള്ളിയിരിക്കുന്നത്. ഇത് ഏതെങ്കിലും ആശുപത്രികളിൽ നിന്നുള്ളതാണെന്നു സംശയിക്കുന്നു.
നിർമാണസ്ഥലത്തെ മാലിന്യങ്ങൾ, മദ്യക്കുപ്പികൾ, മത്സ്യം, മാംസ മാലിന്യങ്ങൾ, കെട്ടിട അവശിഷ്ടങ്ങൾ, തെർമോക്കോൾ പെട്ടികളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണു തള്ളിയിരുന്നത്. നൂറുകണക്കിനു സന്നദ്ധപ്രവർത്തകരെ കൂടാതെ മണ്ണുമാന്തി, ടിപ്പർ എന്നിവയും സഹായത്തിനുണ്ടായിരുന്നു.
∙ മാലിന്യം നീക്കം ചെയ്ത റോഡിന്റെ ഇരുവശങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. ഇതിനായി 5 ക്യാമറകളാണ് ലഭ്യമായിട്ടുള്ളത്. ഇവ ഉടൻ സ്ഥാപിക്കും. സൗരോർജ്യത്തിൽ പ്രവർത്തിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുന്നത്. രാത്രി കാലത്തും മികവോടെ ദൃശ്യങ്ങൾ ലഭ്യമാകും.
∙ വനമേഖലയിലെ മാലിന്യനിർമാർജനത്തിനു സഹായിക്കാൻ 6 ജില്ലകളിൽ നിന്നുള്ള ഗ്രീൻ റെസ്ക്യൂ ആക്‌ഷൻ ഫോഴ്സ് (ഗ്രാഫ്) പ്രവർത്തകരെത്തി.തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നു പ്രവർത്തകർ പങ്കെടുത്തു.
ഇവർ ഇന്നു കൂടി എരുമേലി വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും. വനം– വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വനമേഖല ശുചീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവർ പ്ലാച്ചേരി– മുക്കട റോഡ് ശുചീകരിക്കുന്നതിന് എത്തിയത്.
∙ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, വനം വകുപ്പ്, പഴവങ്ങാടി, മണിമല പഞ്ചായത്തുകൾ, വനം വകുപ്പ് പ്ലാച്ചേരി സ്റ്റേഷൻ, ഗ്രീൻ റെസ്ക്യൂ ആക്‌ഷൻ ഫോഴ്സ് (ഗ്രാഫ്), ദ്രാവിഡവർഗ ഐക്യമുന്നണി, കുടുംബശ്രീ യൂണിറ്റുകൾ, മുക്കട ഹെബ്രോൻ മാർത്തോമ്മാ ചർച്ച്, മക്കപ്പുഴ ഫാത്തിമ മാതാ കത്തോലിക്കാ ദേവാലയം, കെസിസി, കരിക്കാട്ടൂർ മാർത്തോമ്മാ ചർച്ച്, കൂവക്കാവ് ജിഎച്ച്എസ്, കറിക്കാട്ടൂർ സിസിഎം എച്ച്എസ്എസ്, റാന്നി സെന്റ് തോമസ് കോളജ്, എരുമേലി എംഇഎസ് കോളജ്, എരുമേലി ഡവലപ്മെന്റ് കൗൺസിൽ, മാർത്തോമ്മാ യുവജനസഖ്യം, മുക്കട യൂത്ത് ക്ലബ് തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു.ഹരിതം ആരണ്യകം പദ്ധതി ചെയർമാൻ ടി.കെ.സാജു അധ്യക്ഷത വഹിച്ചു.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ സുജ ബാബു എം.ജി.ശ്രീകുമാർ, പ്രഫ. എം.ജി.വർഗീസ്, ജോൺ സാമുവൽ, ഗ്രീൻ റെസ്ക്യൂ ആക്‌ഷൻ ഫോഴ്സ് പ്രസിഡന്റ് രതീഷ്കുമാർ സൈലന്റ്‌വാലി, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ ബി.വിനോദ്കുമാർ, എസ്.സനൽ രാജ്, സംഗീത ആലപ്പുഴ, ജോമോൻ പാക്കാട്ട്, പി.ഡി. ഷൈജു, ഷാജി കുര്യാക്കോസ് ജോമോൻ ചാത്തനാട്ട്, പി.ജെ.ബിജു, സിബിൻ സി. തോമസ്, ഡോ. എബിൻ, രാജ്മോഹൻ തമ്പുരാൻ, വി.ടി.തോമസ്കുട്ടി, ബാബു തോമസ്, നിഷ ഇബ്രാഹിം, അഷ്റഫ് മാളിക്കുന്നിൽ എന്നിവർ പ്രസംഗിച്ചു.
പെരിയാർ കടുവാസങ്കേതം: പമ്പാവാലി,ഏയ്ഞ്ചൽവാലി ജനവാസമേഖല ഒഴിവാക്കാൻ വീണ്ടും ആവശ്യപ്പെടും
പെരിയാർ കടുവാസങ്കേതത്തിൽനിന്നു പമ്പാവാലി,ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാരിനോടു വീണ്ടും ആവശ്യപ്പെടാൻ സംസ്ഥാന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്തു ശുപാർശ സമർപ്പിക്കും. ഒക്ടോബർ 9നു ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
മന്ത്രി എ.കെ.ശശീന്ദ്രൻ, എംഎൽഎമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.ശശി, അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വനം മേധാവി ഗംഗ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രഫഷനൽ നാടകോത്സവം മുണ്ടക്കയത്ത് 9 മുതൽ 14 വരെ
മുണ്ടക്കയം ∙ സംസ്ഥാന പ്രഫഷനൽ നാടകോത്സവം 9 മുതൽ 14 വരെ വൈഎംസിഎ ഹാളിൽ നടക്കും. അമല ഓഡിയോസിന്റെ നേതൃത്വത്തിലാണു നാടകോത്സവം. എല്ലാ ദിവസവും രാത്രി 7നു നാടകം ആരംഭിക്കും. തിരുവനന്തപുരം എസ്എസ് നടനസഭയുടെ റിപ്പോർട്ട് നമ്പർ 79, തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടുകളിക്കാരന്റെ മകൾ, തിരുവനന്തപുരം ശ്രീനന്ദയുടെ യാനം, ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ, കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക. പ്രവേശനം പാസ് മൂലം.
റേഷൻ ഇ – കെവൈസി: റേഷൻകടകളിലെത്തി മസ്റ്ററിങ് നടത്താൻ ഇനി 2 ദിവസം മാത്രം
കാഞ്ഞിരപ്പള്ളി : ∙ മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ റേഷൻ ഇ – കെവൈസി മസ്റ്ററിങ്ങിനായി കോട്ടയം ജില്ലയ്ക്ക് പ്രത്യേകം അനുവദിച്ച ദിവസങ്ങൾ പൂർത്തിയായപ്പോൾ ഇന്നലെ വരെ മസ്റ്ററിങ് നടത്തിയത് 78.25% പേർ. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നു വരെയാണു ജില്ലയ്ക്ക് മസ്റ്ററിങ്ങിനു പ്രത്യേകം അനുവദിച്ച സമയം.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 1,11,475 പിങ്ക് കാർഡ് ഉള്ളവരിൽ 88,648 പേർ മസ്റ്ററിങ് നടത്തി. 16,164 മഞ്ഞ കാർഡ് ഉള്ളവരിൽ 13,296 പേർ മസ്റ്ററിങ് പൂർത്തിയാക്കി.
ഈ ദിവസങ്ങളിൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്ക് 8 വരെ പ്രവൃത്തിസമയത്തു കടകളിലെത്തി മസ്റ്ററിങ് ചെയ്യാൻ ഒരു അവസരം കൂടി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ മസ്റ്ററിങ് ചെയ്യാത്തവരുടെ റേഷൻ വിഹിതം അടുത്ത മാസം മുതൽ കുറയ്ക്കാനാണ് തീരുമാനം. മരിച്ചവരുടെ പേരിലും മറ്റും അനധികൃതമായി റേഷൻ കൈപ്പറ്റുന്നതു തടയാനാണ് ആധാർ അധിഷ്ഠിത മസ്റ്ററിങ്.
അതേസമയം, ചിലരുടെ വിരലടയാളം പലതവണ പതിപ്പിച്ചാലും മസ്റ്ററിങ് ചെയ്യാനാകുന്നില്ലെന്നു വ്യാപാരികൾക്ക് പരാതിയുണ്ട്. റേഷൻ കടകളിൽ ഐറിസ് സ്കാനറുകൾ ലഭ്യമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കിടപ്പുരോഗികൾ, സംസ്ഥാനത്തിനു പുറത്തുളളവർ, വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പഠനത്തിനു പോയവർ, വിദേശത്ത് ജോലി നോക്കുന്നവർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഇനി മസ്റ്ററിങ് നടത്താനുള്ളത്.
ഇന്നത്തെ പരിപാടി
∙ ഇടച്ചോറ്റി സരസ്വതി ദേവീക്ഷേത്രം: നവരാത്രി ആഘോഷം, ദേവീഭാഗവത നവാഹയജ്ഞം– 6.30, വിദ്യാവിജയ പൂജ –4.00.
∙ ചോറ്റി മഹാദേവ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. പാരായണം പ്രഭാഷണം– 7.00, അവഭൃഥസ്നാനം –11.30.
∙ പൊൻകുന്നം എസ്എൻഡിപി ഹാൾ: കേരള സാംബവർ സൊസൈറ്റി കോട്ടയം ജില്ലാ കൺവൻഷൻ– 9.30.
∙ തമ്പലക്കാട് മഹാകാളിപാറ ദേവീക്ഷേത്രം: നവരാത്രി സംഗീതോത്സവം– 8.00. സർപ്പക്കാവിൽ സർപ്പപൂജ– 10.00.
∙ പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന് കണച്ചുമല ബിൽഡിങ്: ചിറക്കടവ് വടക്കുംഭാഗം കാവടി സംഘത്തിന്റെ പൊതുയോഗം– 5.00
∙ പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം– 7.00, പ്രസാദമൂട്ട്– 1.00
∙ പനമറ്റം ഭഗവതിക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം– 7.00, പ്രസാദമൂട്ട് –1.00
∙ ചെറുവള്ളി ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം– 7.00, നവഗ്രഹപൂജ– 10.00.
∙ ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയം: രംഗശ്രീ കഥകളി ക്ലബ്ബിന്റെ വാർഷിക പൊതുയോഗം– 11.30, കഥകളി ആസ്വാദനക്കളരി, ബാലിവിജയം കഥകളി– 2.00
തയ്യൽ പരിശീലനത്തിന് ഐഎച്ച്ആർഡി കോളജിൽ സെന്റർ
കാഞ്ഞിരപ്പള്ളി ∙ പ്രധാനമന്ത്രി വിശ്വകർമ യോജന പദ്ധതിയിൽ തയ്യൽ പരിശീലനത്തിന് ഐഎച്ച്ആർഡി കോളജിൽ സെന്റർ അനുവദിച്ചു.
തയ്യൽ തൊഴിലിൽ താൽപര്യമുള്ളവർക്കു കോമൺ സർവീസ് സെന്റർ മുഖേന അപേക്ഷിക്കാം. ഫോൺ: 04828 206480, 6238230652
റേഷൻ കാർഡ് മസ്റ്ററിങ് 8 വരെ
കാഞ്ഞിരപ്പള്ളി ∙ താലൂക്കിലെ മുൻഗണനാവിഭാഗം (മഞ്ഞ, പിങ്ക്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ മസ്റ്ററിങ് 8 വരെ നടത്താമെന്നും ഇതുവരെ മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ മസ്റ്ററിങ് നടത്തണമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
അധ്യാപകനിയമനം
ഇടക്കുന്നം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗം പാർട് ടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. ബിഎ അറബിക് അല്ലെങ്കിൽ അഫ്സൽ ഉൽ ഉലമ, കെ ടെറ്റ് എന്നീ യോഗ്യതയുള്ളവർ 8നു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം.