കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ : പൂജാ അവധി ദിനങ്ങളിൽ എരുമേലിയിൽ നിന്നും മലക്കപ്പാറ, ചതുരംഗപ്പാറ വിനോദ യാത്ര പോകാം.

എരുമേലി : ബജറ്റ് ടൂറിസം രംഗത്ത് കുറഞ്ഞകാലം കൊണ്ട് വന്‍ വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. 2021 ല്‍ ആരംഭിച്ച ടൂര്‍ പാക്കേജുകള്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അവിശ്വസനീയമായ വിജയത്തിലാണ് എത്തി നില്‍ക്കുന്നത്.

സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നുമായി 120ലേറെ പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ നടത്തുന്നത്. . ചെലവ് കുറവാണെന്നതാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം തിരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.

പൂജാ അവധി ദിനങ്ങളിൽ 12 ന് മലക്കപ്പാറയിലേക്കു ആണ് കെഎസ്ആർടിസി എരുമേലി ഡിപ്പോ ബജറ്റ് ടൂറിസം സെൽ യാത്ര നടത്തുന്നത്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് വനത്തിലൂടെ മലക്കപ്പാറ വരെ പോയി വരുന്നതാണ് ട്രിപ്. രാവിലെ 4.45 ന് തുടങ്ങി രാത്രിയോടെ മടങ്ങി വരും.

20 ന് ചതുരംഗപ്പാറയിലേക്കും ഉല്ലാസ യാത്ര നടത്തുന്നുണ്ട്. ചീയപ്പാറ,വാളറ വെള്ളച്ചാട്ടങ്ങൾ,കല്ലാർകുട്ടി, പൊന്മുടി ഡാം, എസ് എൻ പുരം വെള്ളച്ചാട്ടം, കണ്ണമാലി വ്യൂ പോയിന്റ്, പൂപ്പാറയിലെ തേയില തോട്ടങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷമാണ് ചതുരംഗപ്പാറയിൽ എത്തുന്നത്. തുടർന്ന് ആനയിറങ്കൽ ഡാം സന്ദർശിച്ച ശേഷം മൂന്നാർ ഗ്യാപ് റോഡിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് തിരികെ മടങ്ങുന്ന വിധം ആണ് ട്രിപ് ക്രമീകരിച്ചിരിക്കുന്നത്.

26 ന് കലവൂർ കൃപാസനത്തിൽ നിന്നും അർത്തുങ്കൽ പള്ളിയിലേക്ക് നടത്തുന്ന ജപമാല റാലിയിൽ പങ്കെടുത്തു മടങ്ങാൻ സാധിക്കും വിധം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ എരുമേലിയിൽ നിന്നും ട്രിപ്പുകൾ നടത്തുന്നുണ്ട്. 9447287735.

error: Content is protected !!