ശബരിമല തീർഥാടനം : ഒരുക്കങ്ങൾ വിലയിരുത്തി

പൊൻകുന്നം ∙ ശബരിമല തീർഥാടനകാലത്തിനു മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന്റെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു മുന്നൊരുക്കങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

തീരുമാനങ്ങൾ

∙ശബരിമല തീർഥാടന പാതയിൽ സ്ഥാപിച്ചിരിക്കുന്ന ദിശാ ബോർഡുകൾ വൃത്തിയാക്കും. പുതുതായി വേണ്ട സ്ഥലത്ത് ബോർഡ് സ്ഥാപിക്കുന്നതിനും കുഴികൾ അടയ്ക്കുന്നതിനും റോഡിന് ഇരുവശവും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കാനും തീരുമാനിച്ചു.

∙ദേശീയ പാതയോരത്തെ ഓടകൾ വൃത്തിയാക്കുന്നതിനും തകർന്ന സ്ലാബുകൾ മാറ്റും. സീബ്രാ ലൈനുകൾ വരയ്ക്കുന്നതിനും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.

∙വാട്ടർ അതോറിറ്റി ചെയ്തുവരുന്ന പ്രവൃത്തികൾ ഒരു മാസത്തിനുള്ളിൽ ചെയ്തു തീർക്കാനും തീരുമാനിച്ചു.

∙കെഎസ്ടിപിയുടെ പൊൻകുന്നം –പാലാ, പൊൻകുന്നം – മണിമല റോഡിലും സീബ്രാ ലൈനുകൾ വരയ്ക്കും, ദിശാ ബോർഡുകൾ വൃത്തിയാക്കും, കെഎസ്ഇബി നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പുനഃസ്ഥാപിക്കും.

∙മണ്ഡലകാലത്തിൽ ജനറൽ ആശുപത്രിയിൽ പ്രത്യേക വാർഡുകളും രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം, മരുന്നുകളുടെ ലഭ്യത, ആംബുലൻസ് സൗകര്യം എന്നിവ ഉറപ്പാക്കാനും തീരുമാനമായി. കാത്ത് ലാബിന്റെ പ്രവർത്തനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായി ചീഫ് വിപ്പ് അറിയിച്ചു.

∙കെഎസ്ആർടിസി യാത്രാ സർവീസിലുള്ള കുറവുകൾ പരിഹരിക്കാൻ തീരുമാനിച്ചു. ദീർഘദൂര സർവീസുകൾ ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തിയതായി ചീഫ് വിപ്പ് അറിയിച്ചു.

∙ മോട്ടർ വാഹന വകുപ്പിന്റെ 9 സ്പെഷൽ സ്ക്വാഡ് 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. എക്സൈസ് സ്പെഷൽ സ്ക്വാഡും, പട്രോളിങ്ങും വേണമെന്ന് ആവശ്യമുയർന്നു. രാത്രി സേവനം ലഭ്യമാക്കാൻ ടാക്സി ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. അനധികൃത കച്ചവടവും പാർക്കിങ്ങും സീസണിൽ നിരോധിക്കും.

∙ തീർഥാടന കാലത്ത് വാഹന തിരക്കേറിയാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇളങ്ങുളം, ചിറക്കടവ് ക്ഷേത്ര മൈതാനങ്ങളിൽ സൗകര്യമൊരുക്കും. യാത്രാ സൗകര്യം കണക്കിലെടുത്ത് വൺവേ സംവിധാനം ഏർപ്പെടുത്തും. പ്രവർത്തനങ്ങളുടെ വിലയിരുത്താനായി 20 ദിവസത്തിനുള്ളിൽ വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. പഞ്ചായത്തംഗങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ , വ്യാപാരികൾ, ഓട്ടോ –ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!